NEWS UPDATE

6/recent/ticker-posts

ഡിസിസി ഓഫീസിലടക്കം ദുർമന്ത്രവാദം, ഉണ്ണിത്താനെതിരേയുള്ള യുദ്ധം ഇവിടെ തുടങ്ങുന്നു- ബാലകൃഷ്ണൻ പെരിയ

കാസർകോട്: രാജ് മോഹൻ ഉണ്ണിത്താൻ എം.പി.ക്കെതിരേ തുറന്നടിച്ച് മുൻ കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. കാസർകോട് ജില്ലയിലെ രാഷ്ട്രീയ അന്തരീക്ഷം മലീമസമാക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ ആരംഭിച്ച യുദ്ധത്തിന്റെ ഒന്നാംഘട്ടം പര്യവസാനത്തിൽ എത്തിനിൽക്കുന്നുവെന്ന് പറഞ്ഞ ബാലകൃഷ്ണൻ പെരിയ, പ്രശ്നം പരിഹരിക്കേണ്ട ഉണ്ണിത്താൻ തന്നെ വിഷയം ഫേസ്ബുക്കിലിട്ട് വഷളാക്കിയെന്നും കൂട്ടിച്ചേർത്തു.[www.malabarflash.com] 

തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങളും വ്യക്തിഹത്യകളുമാണ് ഉണ്ണിത്താൻ നടത്തിയത്. പ്രശ്നത്തെ വഷളാക്കാൻ ഉണ്ണിത്താൻ ബോധപൂർവ്വമുള്ള ശ്രമമാണ് നടത്തിയത്, ഉണ്ണിത്താൻ ഉന്നയിച്ച ആരോപണങ്ങൾ ഒന്നുപോലും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സത്കാരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന് പിന്നാലെ ബാലകൃഷ്ണൻ പെരിയ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കല്യാണത്തിൽ പങ്കെടുത്തതിന് ഓരോരുത്തർക്കും ഓരോ കാരണമുണ്ട്. രാഷ്ട്രീയമില്ലാതെയാണ് കല്യാണത്തിൽ ഓരോരുത്തരും പങ്കെടുത്തത്. കല്യാണത്തിൽ പങ്കെടുത്ത 45 ശതമാനത്തിലേറെ പേരും കോൺഗ്രസുകാരായിരുന്നു. സദ്യവിളമ്പിയതുപോലും യൂത്ത് കോൺഗ്രസുകാരാണ്. അത്ര പോലും രാഷ്ട്രീയം കലരാത്ത പരിപാടിയെ രാജ് മോഹൻ ഉണ്ണിത്താൻ ഇത്ര വലിയ വിഷയമാക്കി മാറ്റിയെന്ന് ബാലകൃഷ്ണൻ പെരിയ പറഞ്ഞു.

അൽപ്പന് അധികാരം കിട്ടിയാൽ അർധരാത്രിക്കും കുടപിടിക്കും എന്ന അവസ്ഥയാണ്. തങ്ങളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ ഡിസിസി പ്രസിഡന്റിനെ ഭയപ്പെടുത്തി കൂടെ നിർത്തി. എത്രയോ ദിവസമായി തിരുവനന്തപുരത്ത് തമ്പടിച്ച് കാര്യങ്ങൾ നിയന്ത്രിച്ചു.

നിരവധി കേസുകളിൽ പ്രതിയായ ഒരാൾ കാസർകോട് വന്നപ്പോൾ ഭാഷകളുടെ നാട്ടിൽ വാക്കിന്റെ പോരാളി എന്ന ടാഗ് ലൈൻ ഉണ്ടാക്കിക്കൊടുത്തവനാണ് താൻ. അന്നുമുതൽ അദ്ദേഹത്തോടൊപ്പം കൂടെ നിന്നതാണ്. എന്നാൽ, അദ്ദേഹം ജില്ലയെ ആകെ തകർത്തു. ജില്ലാ കോൺഗ്രസ് ഓഫീസിൽ നിന്ന്, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് ദുർമന്ത്രവാദത്തിന്റെ പേരിൽ സാധനങ്ങൾ കൊണ്ടുപോയി. ഒരു ഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം കൂടെ നിൽക്കണം എന്ന വാശിയിൽ വീട്ടിൽ വന്ന് തകിടുകൾ അദ്ദേഹം എടുപ്പിച്ചു. ഞാൻ അന്നും ഇന്നും അതിൽ വിശ്വസിക്കാത്ത ആളായതുകൊണ്ട് അത് കാര്യമാക്കിയില്ല. മതപരമായ സംഘർഷത്തിൽ നിന്ന് മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്. ഇതിനായി നെറ്റിയിലെ കുറി മായ്ചുവെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. ഉണ്ണിത്താനെതിരേയുള്ള യുദ്ധം ഇവിടെ തുടങ്ങുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments