NEWS UPDATE

6/recent/ticker-posts

ജീവിതം ചവിട്ടിക്കയറാൻ ആണ്ടി കൃഷ്ണന് കൂട്ട് സൈക്കിൾ

ഉദുമ: ആണ്ടികൃഷ്ണൻ എവിടെ പോയാലും അദ്ദേഹത്തിന്റെ സൈക്കിളും കൂടെയുണ്ടാകും. ഉദുമ ദിനേശ് ബീഡി കമ്പനിക്ക് സമീപം താമസിക്കുന്ന ആണ്ടി കൃഷ്ണന് നാലു പതിറ്റാണ്ട് കാലമായി ഇതാണ് രീതി.[www.malabarflash.com]


സൈക്കിളില്ലാതെ എന്ത് ജീവിതമെന്നാണ് ഇദ്ദേഹം ചോദിക്കുക. 20 വർഷം മുമ്പ് വാങ്ങിയ ഹെർക്കുലീസ് സൈക്കിളിലാണ് ആണ്ടി കൃഷ്ണന്റെ സഞ്ചാരം. നാട്ടിലെ ചെറിയ യാത്രകൾക്ക് മാത്രമല്ല, ദീർഘ ദൂരയാത്രകൾക്കും ഇദ്ദേഹത്തിന് സൈക്കിൾ തന്നെ വേണം.

ഇരുപതാം വയസിലാണ് സൈക്കിളിനോട് കൂട്ടു കൂടിയത്. ഉദുമയിലെ കേരള ബീഡി കമ്പിയിൽ ബീഡി സപ്ലൈ ചെയ്യുന്ന ജോലി ഏറ്റെടുത്തപ്പോഴാണ് ആദ്യമായി സൈക്കിൾ ചവിട്ടാൻ തുടങ്ങിയത്. ബീഡി കമ്പനി ഉടമ നൽകിയ സൈക്കിൾ ചവിട്ടി പൊയിനാച്ചി, കുണ്ടം കുഴി എന്നിവിടങ്ങളിൽ കേരള ബീഡി സപ്ലൈ ചെയ്തു. 

പിന്നീട് കുറച്ചു വർഷം ഉദുമ പടിഞ്ഞാർ റോഡ് ജംഗ്ഷനിലെ രാഘവന്റെ ബേക്കറി കടയിൽ ജോലി ചെയ്തു. ഇവിടെ ചുട്ടെടുത്ത ബ്രഡ് സൈക്കിൾ പെട്ടിയിൽ വെച്ച് പെരിയ കല്ലിയോട്ട് വരെ സപ്ലൈ ചെയ്തു. ഈ ജോലി മതിയാക്കിയ ശേഷം ടിവി കുഞ്ഞി രാമന്റെ കടയിൽ കളക്ഷൻ ജോലിയിൽ കയറി. പള്ളിക്കര,ബേക്കൽ, തച്ചങ്ങാട്, കീക്കാനം വരെ സൈക്കിൾ ചവിട്ടി പോയി കളക്ഷൻ ജോലി എടുത്തു. ഈ ജോലി മതിയാക്കിയ ശേഷം ദിനേശ് ഫുഡ് സപ്ലൈ ചെയ്യുന്ന ജോലിഏറ്റെടുത്തു. രാവിലെ വീട്ടിൽ നിന്നും സാധനങ്ങൾ ബാഗിലാക്കി ഉദുമയിലെ പല പ്രദേശങ്ങളിൽ സൈക്കിൾ ചവിട്ടി കടകളിലും വീടുകളിലും എത്തിച്ചു. ഇപ്പോൾ പ്രായം 75 ആയിട്ടും ഇദ്ദേഹത്തിന് സൈക്കിൾ ചവിട്ടാൻ യാതൊരു മടിയുമില്ല.

എല്ലാ വർഷവും സൈക്കിൾ റിപ്പയർ ചെയ്യും. എത്ര സാമ്പത്തിക പ്രശ്നമുണ്ടായാലും ഇതൊന്നും മുടക്കാറില്ലെന്ന് ആണ്ടി കൃഷ്ണൻ പറഞ്ഞു. വീട്ടിലെകാര്യങ്ങൾ നോക്കുന്ന പോലെ സൈക്കിളിന്റെ കാര്യങ്ങളിൽ ഒരു കുറവും വരുത്തില്ല.

അബ്ദുല്ലക്കുഞ്ഞി ഉദുമ

Post a Comment

0 Comments