ഭർത്താവിന്റെ അപകട മരണശേഷം പോസ്റ്റ്മോർട്ടത്തിലൂടെ ബീജം ശേഖരണം നടത്തി കുഞ്ഞിന് ജന്മം നൽകി ഓസ്ട്രേലിയൻ യുവതി. മോഡലായ എല്ലിഡി പുള്ളാണ് ഭർത്താവ് മരിച്ച് 15 മാസങ്ങൾക്ക് ശേഷം കുഞ്ഞിന് ജന്മം നൽകിയത്. എല്ലിയുടെ ഭർത്താവും വിന്റർ ഒളിമ്പ്യനുമായ അലക്സ് ചമ്പ് 2020 ജൂലൈ 8 നാണ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. അടുത്തിടെ നൽകിയ ഒരു പോഡ്കാസ്റ്റിലാണ് എല്ലി തന്റെ ഭർത്താവിന്റെ മരണവും അതിന് ശേഷം ചികിത്സയിലൂടെ കുഞ്ഞിന് ജന്മം നൽകിയ അനുഭവവുമെല്ലാം പങ്ക് വച്ചത്.[www.malabarflash.com]
അന്നൊരു നല്ല സൂര്യ പ്രകാശമുള്ള ദിവസമായിരുന്നുവെന്നും രാവിലെ ഉണർന്ന ശേഷം ഇന്ന് സർഫിങിന് പോകണോ അതോ ഡൈവിങിന് പോകണോ എന്ന് അലക്സ് തന്നോട് ചോദിച്ചിരുന്നതായി എല്ലി പറയുന്നു. പക്ഷെ തന്റെ പങ്കാളിയെ അവസാനമായി കാണുന്നത് അന്നായിരിക്കുമെന്ന് താൻ അറിഞ്ഞില്ലെന്നും എല്ലി പറയുന്നു. ഫേസ്ബുക്കിൽ അന്നൊരാളുടെ മരണ റിപ്പോർട്ട് കണ്ടെങ്കിലും അത് അലക്സായിരിക്കുമെന്ന് കരുതിയില്ലെന്നും, എന്നാൽ അദ്ദേഹമായിരുന്നു എന്ന് അറിഞ്ഞപ്പോൾ താൻ ആകെ തകർന്നു പോയെന്നും എല്ലി പറഞ്ഞു.
മരണം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പോസ്റ്റ്മോർട്ടം വഴി ബീജം ശേഖരിക്കാമെന്ന ആശയം ബന്ധുക്കളും സുഹൃത്തുക്കളുമാണ് ആദ്യമായി മുന്നോട്ട് വച്ചത്. തുടർന്ന് എല്ലിയുടെ സമ്മതത്തോടെ കുടുംബാംഗങ്ങൾ അതിനുള്ള നടപടികൾ പൂർത്തിയാക്കുകയും ആറ് മാസങ്ങൾക്ക് ശേഷം രണ്ട് തവണ എല്ലി ഐവിഎഫ് ചികിത്സയ്ക്ക് വിധേയയാകുകയും ചെയ്തു. തുടർന്ന് 2021 ഒക്ടോബറിലാണ് എല്ലി ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്.
മകൾക്ക് തന്റെ ഭർത്താവിന്റെ അതേ മുഖഛായയാണെന്നും അവളുടെ കണ്ണുകളിൽ അദ്ദേഹത്തെ താൻ കാണുന്നുവെന്നും എല്ലി പറയുന്നു. ഒരു അച്ഛനാകാൻ അലക്സിന് കഴിയാതെ പോയതിൽ തനിക്കേറെ വിഷമം ഉണ്ടെന്നും മറ്റ് കുട്ടികളോടൊപ്പം അവരുടെ അച്ഛന്മാരെ കാണുമ്പോൾ താൻ അലക്സിനെക്കുറിച്ച് ഓർക്കാറുണ്ടെന്നും എല്ലി പറഞ്ഞു. ജീവിച്ചിരുന്നെങ്കിൽ അലക്സ് നല്ലൊരു പിതാവായിരിക്കുമായിരുന്നുവെന്നും എല്ലി സൂചിപ്പിച്ചു.
0 Comments