NEWS UPDATE

6/recent/ticker-posts

കവർച്ചാക്കേസിലെ പ്രതി നീലേശ്വരത്തെത്തിയത് ഉദുമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീട്ടിലെ കവർച്ചയ്ക്ക് ശേഷം

നീലേശ്വരം: സിഐടിയു നേതാവ് നീലേശ്വരം ചിറപ്പുറത്തെ ഒ.വി. രവീന്ദ്രന്റെ വീട്ടിലെ പട്ടാപ്പകൽ കവർച്ചാക്കേസിലെ പ്രതി നീലേശ്വരത്തെത്തിയത് ഉദുമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീട്ടിലെ കവർച്ചയ്ക്ക് ശേഷം.[www.malabarflash.com]

കൊട്ടാരക്കര ഏഴുകോൺ ഇടയ്ക്കിടം അഭികാർ വീട്ടിൽ സുനിൽ രാജിന്റെ മകൻ അഭിരാജ് (29 ) ആണ് ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്റെ ഉദുമ മുദിയക്കാലിലെ വീട്ടിൽ നിന്ന് കാൽലക്ഷം രൂപയാണ് കവർന്നത്. ഇയാൾ  കോഴിക്കോട്ട് നിന്നാണ്  നീലേശ്വരം പോലീസിന്റെ പിടിയിലായത് . 

വ്യാഴാഴ്ച  രാവിലെ 11 മണിയോടെയായിരുന്നു  മുദിയക്കാലിലെ കവർച്ച . ഇവിടെയും അടുക്കള ഭാഗത്തെ ഗ്രിൽ തകർത്താണ് വീടിനകത്ത് കയറിയത്. സ്റ്റീൽ അലമാരയിൽ നിന്ന് 25,000 രൂപ കവരുകയും ചെയ്തു. 

രാവിലെ 10 മണിക്ക് ആശുപത്രിയിൽ പോയ ബാലകൃഷ്ണൻ 11 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലെ വിവിധ മുറികളിൽ ഉണ്ടായിരുന്ന 3 അലമാരകളുടെ പൂട്ടും തകർത്ത് സാധനങ്ങൾ വാരിവലിച്ചിട്ടിരുന്നു. വീടിന് പിന്നിൽ മലമൂത്ര വിസർജനവും നടത്തിയിരുന്നു. ഇത് പോലീസ് നായയുടെ ശ്രദ്ധ തെറ്റിക്കാനും ബ ശ്രമമാണെന്ന് സൂചനയുണ്ട്. 

നീലേശ്വരത്തിറങ്ങി സിഐടിയു നേതാവ് ഒ.വി.രവീന്ദ്രന്റെ വീട്ടിൽ എത്തും മുമ്പ് ആലിൻകീഴ് മരമില്ലിനു സമീപത്തെ ആർമി ഉദ്യോഗസ്ഥൻ സി.വി.ശരത്തിന്റെ വീട്ടിലും കവർച്ചാശ്രമം നടത്തി. സിക്കിമിൽ ജോലി ചെയ്യുന്ന ശരത്തിന്റെ മാതാവ് മാത്രമാണ് ഇവിടെ താമസം. ഇവർ മകൾക്കൊപ്പം ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ച  ഉച്ചയ്ക്ക് വീട്ടിലേക്ക് എത്തി വീട് പൂട്ടി തിരിച്ചു പോയ ശേഷമാണ് മോഷ്ടാവ് എത്തിയതെന്ന് കരുതുന്നു. ഇവർ വെള്ളിയാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള ഭാഗത്തെ ഗ്രിൽസും അടുക്കള വാതിലും തകർത്ത നിലയിൽ കണ്ടത്. സമീപത്തെ ബലിഷ്ഠമായ ലോഹ വാതിലുകളും കമ്പിപ്പാര കൊണ്ട് തിക്കിത്തുറന്നിരുന്നു. 

ഇതിന് ശേഷമാണ് ചിറപ്പുറം മിനി സ്‌റ്റേഡിയത്തിന് സമീപത്തെ ഒ.വി. രവീന്ദ്രന്റെ വീട്ടിലേക്കെത്തിയത്. രവീന്ദ്രൻ കാഞ്ഞങ്ങാട് അമ്പലത്തറയിലേക്കും ഭാര്യ ഇ.നളിനി ബങ്കളം സ്കൂളിൽ പിടിഎ യോഗത്തിനും പോയ സമയത്തായിരുന്നു ഇത്. അടുക്കള ഗ്രിൽസിന്റെ പൂട്ട് തകർത്ത് അടുക്കള വാതിലും ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന്

ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ മകൾ രമ്യയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്. ഒ.വി രവീന്ദ്രന്റെ തറവാടായ ചാളക്കടവ് ഒഴിഞ്ഞാല തറവാട്ടിൽ അടുത്തിടെ നടന്ന കളിയാട്ടത്തിന്റെ ഭണ്ഡാരം വരവാണ് നഷ്ടപ്പെട്ട 8000 രൂപ. തറവാട് സെക്രട്ടറി കൂടിയായ രവീന്ദ്രൻ ഇത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. 

ഓട്ടോത്തൊഴിലാളി യൂണിയൻ സിഐടിയു നീലേശ്വരം മുൻസിപ്പൽ സെക്രട്ടറിയാണ് രവീന്ദ്രൻ.

കോഴിക്കോട് നഗരത്തിലെ ഒരു ലോഡ്ജിൽ നിന്ന് പ്രതി കൊല്ലം കൊട്ടാരക്കര എഴുകോൺ ഇടക്കിടം അഭി വിഹാറിലെ എസ്. അഭിരാജിനെ (31) പോലീസ് പൊക്കിയത്. കാസറകോട്  സൈബർ സെല്ലിന്റെയും കോഴിക്കോട് ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് ആയ ഡാൻസാഫിന്റെയും സഹായത്തോടെയായിരുന്നു പോലീസിന്റെ ചടുലമായ നീക്കം. സിഐടിയു നേതാവ് ഒ.വി. രവീന്ദ്രന്റെ  വീടായ തിരുവോണത്തിൽ നിന്ന് പതിനേഴര പവൻ സ്വർണവും 8000 രൂപയുമാണ് വ്യഴാഴ്ച്ച വൈകിട്ട് കവർച്ച ചെയ്തത്. 

സംഭവം നടന്നയുടൻ ഇതേ വീട്ടിലെ സിറ്റൗട്ടിലെ സിസിടിവി ക്യാമറയിൽ നിന്നും സമീപത്തെ ക്യാമറകളിൽ നിന്നും സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ഇതിനൊപ്പം തന്നെ കുറ്റവാളികളുടെ ലിസ്റ്റ് പരിശോധിച്ച് ജയിലിന് പുറത്തുള്ള പ്രതികളെപ്പറ്റിയും അന്വേഷണം നടത്തി. 

കൃത്യം നടന്ന വീട്ടിൽ നിന്നു രാത്രി തന്നെ ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിദഗ്ധരുടെയും സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇവയെല്ലാം വിശകലനം ചെയ്ത് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ സ്പോട്ട് ചെയ്യുകയും കോഴിക്കോട് പോലീസിന്റെ സഹായത്തോടെ വളഞ്ഞു വെക്കുകയും ചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി.വി.ശ്രീജിത്ത്, അമൽ രാമചന്ദ്രൻ, ജയേഷ്, ഹോംഗാർഡ് ഗോപിനാഥ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

ജനവാസ കേന്ദ്രങ്ങളിലെ വീടുകളിൽ യാതൊരു കൂസലുമില്ലാതെ കടന്നുചെന്ന് കോളിങ് ബെൽ അടിച്ച് ആളില്ലെന്ന് ഉറപ്പായാൽ അടുക്കള ഭാഗത്തെ ഗ്രിൽസും വാതിലും തകർത്ത് കവർച്ച നടത്തി കവർച്ചാ സാധനങ്ങളുമായി അതുവഴി തന്നെ ഇറങ്ങി പോകുന്നതാണ് പ്രതിയുടെ ശൈലി. 

അടുക്കള ഭാഗത്ത് അടച്ചുറപ്പില്ലാത്ത വാതിലുകളാണ് സാധാരണ പകൽ മോഷ്ടാക്കൾ മുതലാക്കാറുള്ളതെങ്കിലും ബലിഷ്ഠമായ ലോഹ വാതിലുകൾ വരെ കമ്പിപ്പാര കൊണ്ട് തിക്കി വളച്ച് കാര്യം സാധിക്കുന്നതിൽ വിദഗ്ധനാണ് ഇയാൾക്കെതിരെ 2021 മുതൽ 2023 വരെയുള്ള കാലയളവിൽ വിവിധ സ്റ്റേഷനുകളിലായി 13 കേസുകൾ ഉണ്ടെന്ന് സി ഐ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Post a Comment

0 Comments