NEWS UPDATE

6/recent/ticker-posts

ഇന്നുമുതൽ പുതിയ നിയമം; സീറോ എഫ്.ഐ.ആർ. അടക്കം ശ്രദ്ധേയമായ ഇരുപതോളം മാറ്റങ്ങൾ

1860-ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡും (ഐ.പി.സി.) 1973-ലെ ക്രിമിനൽ പ്രൊസീജ്യർ കോഡും (സിആർ.പി.സി.) 1872-ലെ ഇന്ത്യൻ തെളിവ് നിയമവും തിങ്കളാഴ്ചമുതൽ ഭാരതീയ ന്യായസംഹിതയ്ക്കും (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷ സംഹിതയ്ക്കും (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ അധീനിയത്തിനുമായി (ബി.എസ്.എ.) വഴിമാറി.[www.malabarflash.com
]

കുറ്റവും ശിക്ഷയും നിർവചിക്കുന്ന ഐ.പി.സി.യിൽ 511 വകുപ്പുകൾ ഉണ്ടായിരുന്നപ്പോൾ ബി.എൻ.എസിൽ വകുപ്പുകൾ 358 ആയി. ഭരണഘടനയിൽ ഐ.പി.സി. എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിലും ഭേദഗതി വേണ്ടിവരും. പുതിയ നിയമത്തിൽ ശ്രദ്ധേയമായ ഇരുപതോളം മാറ്റങ്ങളാണുള്ളത്.


കുറ്റകൃത്യത്തെക്കുറിച്ച് ഏത് സ്റ്റേഷനിലും വിവരം നൽകാൻ കഴിയുന്ന സീറോ എഫ്.ഐ.ആർ., ചെറിയ കുറ്റങ്ങൾക്ക് ശിക്ഷയായി സാമൂഹികസേവനം, ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിക്കുന്നതിനുള്ള അംഗീകാരം, ഡിജിറ്റലായും വിചാരണയടക്കമുള്ള നടപടികൾക്കുമുള്ള അനുമതി തുടങ്ങിയവയാണ് പ്രധാനമാറ്റം.

ക്രിമിനൽ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന പ്രതിയെ റിമാൻഡിൽ കഴിയുന്ന 90 ദിവസം വരെയുള്ള കാലയളവിൽ എപ്പോൾ വേണമെങ്കിലും പോലീസ് കസ്റ്റഡിയിൽ വിടാമെന്നതടക്കമുള്ള മാറ്റങ്ങളും (വകുപ്പ് 187(2)) പുതിയ നിയമത്തിൽ ഉണ്ട്. നിലവിൽ അറസ്റ്റിലായ ശേഷമുള്ള ആദ്യ 15 ദിവസംമാത്രമാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്.

കള്ളുകുടിച്ച് ബഹളം വെച്ചാൽ സാമൂഹിക സേവനം

ഐ.പി.സി.യിൽ അഞ്ച് തരം ശിക്ഷയെക്കുറിച്ചേ പറയുന്നുള്ളൂ. വധശിക്ഷ, ജീവപര്യന്തം കഠിനതടവ്, തടവ്, സ്വത്ത് കണ്ടുകെട്ടൽ, പിഴ എന്നിവയാണ് അവ. ഇതിനു പുറമേ സാമൂഹികസേവനം പുതിയ ശിക്ഷയായി ബി.എൻ.എസിൽ ഇടംനേടി.

കള്ളുകുടിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുക, അപകീർത്തിപ്പെടുത്തൽ, ചെറിയമോഷണം, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുക, ആത്മഹത്യാഭീഷണി തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് സാമൂഹികസേവനം ശിക്ഷയായി വിധിക്കാൻ കഴിയുക.

രാജ്യദ്രോഹക്കുറ്റം പുതിയ കുപ്പിയിൽ

ഐ.പി.സി.യിൽ വകുപ്പ് 124 എ യിൽ പറയുന്ന രാജ്യദ്രോഹക്കുറ്റം എന്ന വാക്ക് പുതിയ ക്രിമിനൽ നിയമത്തിൽ ഇല്ല. എന്നാൽ ബി.എൻ.എസിലെ വകുപ്പ് 152 പ്രകാരം രാജ്യത്തിന്റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്കെതിരായ പ്രവൃത്തിയുണ്ടായാൽ ജീവപര്യന്തംവരെ തടവിന് ശിക്ഷിക്കാം.

ജെൻഡർ ന്യൂട്രൽ അല്ല ജാരവൃത്തി


സുപ്രീംകോടതി നേരത്തേ ഭരണഘടനാവിരുദ്ധം എന്ന് വിലയിരുത്തി റദ്ദാക്കിയ ജാരവൃത്തി പുതിയ നിയമത്തിൽ കുറ്റകൃത്യമായി വീണ്ടും ഇടം പിടിച്ചു. ബി.എൻ.എസിന്റെ കരടിൽ ജാരവൃത്തി ഒഴിവാക്കിയിരുന്നു. വിവാഹിതയുമായി ഭർത്താവല്ലാത്തയാളുടെ ലൈംഗികബന്ധം അഞ്ചുവർഷംവരെ തടവിനുശിക്ഷിക്കാവുന്ന കുറ്റമായിരുന്നു ഐ.പി.സി.യിൽ.


സുപ്രീംകോടതി 2018-ൽ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാൽ, കഴിഞ്ഞ ഡിസംബറിൽ ഭേദഗതിയിലൂടെ ബി.എൻ.എസിൽ വകുപ്പ് 84 ഉൾപ്പെടുത്തുകയായിരുന്നു. ജെൻഡർ ന്യൂട്രൽ ആക്കുമെന്ന തരത്തിലുള്ള ചർച്ച നടന്നെങ്കിലും അഞ്ചുവർഷം തടവിൽനിന്ന് രണ്ടുവർഷത്തിലേക്ക്‌ കുറച്ചതുമാത്രമാണ് മാറ്റം.

സീറോ എഫ്.ഐ. ആർ.

ബി.എൻ.എസ്.എസ്. വകുപ്പ് 173-ലാണ് സീറോ എഫ്.ഐ.ആറിനെക്കുറിച്ച് വിവരിക്കുന്നത്. ഒരാൾക്ക് ഏത് സ്റ്റേഷനിലും കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം നൽകാം. പോലീസിന് കേസെടുക്കാൻ പറ്റുന്ന കുറ്റമാണെങ്കിൽ സ്റ്റേഷൻ പരിധിയിൽ അല്ലെന്നതിന്റെ പേരിൽ കേസെടുക്കാതിരിക്കാനാകില്ല. പരിധിക്കു പുറത്തുള്ള സംഭവമാണെങ്കിൽ സീറോ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേക്ക്‌ കൈമാറണം. ബലാത്സംഗംപോലുള്ള കേസിലാണ് വിവരം ലഭിക്കുന്നതെങ്കിൽ പ്രാഥമികാന്വേഷണവും നടത്തണം.


വിവാഹവാഗ്ദാനം നൽകിയുള്ള പീഡനത്തിന് 10 വർഷം വരെ തടവ്


* വിവാഹവാഗ്ദാനം നൽകി പീഡനം-10 വർഷം വരെ കഠിനതടവ് (വകുപ്പ് 69)


* 18 വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ജീവപര്യന്തംമുതൽ മരണ ശിക്ഷവരെ ലഭിക്കും. (വകുപ്പ് 70(2))


* 18-ൽ താഴെയുള്ള കുട്ടിയെ ഉപയോഗിച്ച് കുറ്റകൃത്യം ചെയ്താൽ ശിക്ഷ ഏർപ്പെടുത്തി (വകുപ്പ് 95)


* ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാൾ ഈ കാലയളവിൽ കൊലപാതകക്കേസിൽ പ്രതിയായാൽ വധശിക്ഷയോ അതല്ലെങ്കിൽ ജീവിതാവസാനംവരെ കഠിനതടവോ ലഭിക്കും (വകുപ്പ് 104)


* സംഘടിത ആക്രമണത്തിന് പ്രത്യേക വകുപ്പ് നൽകി. (വകുപ്പ് 111) സംഘടിത ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ ജീവപര്യന്തം തടവോ വധശിക്ഷയോ ലഭിക്കും. മരണം സംഭവിച്ചില്ലെങ്കിൽ ജീവപര്യന്തം തടവുവരെ ലഭിക്കും.


* എ.ടി.എം. മോഷണം പോലുള്ള ചെറിയ സംഘടിത കുറ്റകൃത്യങ്ങൾക്ക് ഏഴു വർഷംവരെ തടവ് ലഭിക്കും(വകുപ്പ് 112)


* തീവ്രവാദ പ്രവർത്തനത്തിന് വിശാലമായ അർഥം നൽകി. (വകുപ്പ് 111(1)).


രാജ്യത്തിന്റെ സുരക്ഷ, ഐക്യം, അഖണ്ഡത എന്നിവ തകർക്കുന്ന പ്രവൃത്തിയുണ്ടായാൽ വധശിക്ഷയോ പരോൾപോലും ഇല്ലാത്ത ജീവപര്യന്തം തടവോ ലഭിക്കും.


* രാജ്യത്തിന്റെ പുറത്തുനിന്ന് ഇന്ത്യയിൽ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായി (വകുപ്പ് 48)


* പിടിച്ചുപറി പ്രത്യേക കുറ്റമായി.(വകുപ്പ് 304) മൂന്നുവർഷംവരെ തടവോ പിഴയോ ശിക്ഷിക്കാം.


* പ്രകൃതിവിരുദ്ധ ലൈംഗികബന്ധം പുതിയ നിയമത്തിൽ കുറ്റമല്ലാതായി. ഐ.പി.സി.യിലെ വകുപ്പ് 377 സുപ്രീംകോടതി നേരത്തേ ഭാഗികമായി റദ്ദാക്കിയിരുന്നു.


ശിക്ഷയിലെ വർധന ഇങ്ങനെ


* അപകീർത്തിക്കേസിൽ രണ്ടുവർഷംവരെ തടവോ പിഴയോ അതല്ലെങ്കിൽ സാമൂഹിക സേവനത്തിനോ ശിക്ഷിയ്ക്കാം (356)


* കൊള്ളയടിച്ചാൽ വകുപ്പ് 308 പ്രകാരം ഏഴുവർഷംവരെ ശിക്ഷിക്കാം. ഐ.പി.സി.യിൽ മൂന്നു വർഷമേ ഉണ്ടായിരുന്നുള്ളൂ.


* വിശ്വാസ വഞ്ചനക്കേസിൽ വകുപ്പ് 316 പ്രകാരം അഞ്ചു വർഷംവരെ തടവിന് ശിക്ഷിക്കാം


ഭാരതീയ നാഗരിക് സുരക്ഷാസംഹിത


* സ്ഥിരം കുറ്റവാളിയുടെ സ്വത്ത് കണ്ടുകെട്ടും- (വകുപ്പ് 86)


* കുറ്റകൃത്യത്തിലൂടെ സ്വന്തമാക്കിയ സ്വത്ത് ജപ്തി ചെയ്യാം (വകുപ്പ് 107)


* അന്വേഷണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണം. (വകുപ്പ് 193) സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെയും പോക്സോ കുറ്റങ്ങളുടെയും അന്വേഷണം രണ്ടു മാസത്തിനകം പൂർത്തിയാക്കണം


* വാദം പൂർത്തിയായാൽ കോടതികൾ 30 ദിവസത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കണം


ഭാരതീയ സാക്ഷ്യ അധീനിയം


* ഇലക്‌ട്രോണിക് മാർഗത്തിലൂടെ നൽകുന്ന തെളിവുകൾക്കും നിയമപ്രാബല്യം നൽകി (വകുപ്പ് 2(1)ഇ)


* ഡിജിറ്റൽ തെളിവുകൾക്ക് നിയമപ്രാബല്യം നൽകി (വകുപ്പ് 61)


കടപ്പാട്:മാതൃഭൂമി 

Post a Comment

0 Comments