മലപ്പുറം: നിപ രോഗം ബാധിച്ച് മരിച്ച 14-കാരന്‍ മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ടീമിലെ അംഗമായിരുന്നു അവന്‍. അന്ന് മഞ്ചേരി ഉപജില്ല തല ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സ്കൂളിന് കിരീടം സമ്മാനിച്ചതും അവന്റെ മിടുക്കിലാണ്. കുട്ടി ഫുട്ബോൾ കോച്ചിങ്ങ് നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ.[www.malabarflash.com]
ഹൈസ്കൂൾ പഠനത്തിനായി പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെത്തിയത് തന്നിലെ ഫുട്ബോൾ പ്രതിഭയെ വളർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെയായിരുന്നു. പന്തല്ലൂർ സ്കൂൾ കായിക മേഖലയ്ക്ക് നൽകുന്ന കരുതലാണ് സമീപത്ത് ഹൈസ്കൂൾ ഉണ്ടായിട്ടും അവന് ഈ സ്കൂള്‍ തന്നെ തേടിയെത്താന്‍ പ്രേരണയായത്. ഇവിടെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ഫുട്ബോൾ ക്യാമ്പിൽ പങ്കെടുത്ത് ആദ്യ 25 അംഗ ടീമിലെത്തി. പക്ഷേ, നിർഭാഗ്യവശാൽ 18 അംഗ ടീമിലിടം നേടാൻ കഴിഞ്ഞില്ല. അതിൻ്റെ നിരാശ ഈ വർഷത്തെ ക്യാമ്പിൽ മികച്ച പ്രകടനം നടത്തി മറികടക്കാമെന്നായിരുന്നു പ്രതീക്ഷ . ജൂലൈ 12 നാണ് ക്യാമ്പ് തുടങ്ങിയത്. എന്നാൽ അതിന് മുൻപ് തന്നെ അവന് രോഗം പിടിപ്പെട്ടു. മികച്ച ഫുട്ബോള്‍ താരമാവുകയെന്ന തൻ്റെ വലിയൊരു സ്വപ്നം ബാക്കിയാക്കിയാണ് അവന്‍ യാത്രയായത്.
ഞായറാഴ്ച രാവിലെ 10.50-നായിരുന്നു നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന 14-കാരന്‍ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയെ കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ പ്രത്യേകം സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റിയത്.
ഈ മാസം 10-ന് സ്‌കൂളില്‍നിന്നുവന്നപ്പോഴാണ് 14-കാരന് കടുത്ത ക്ഷീണവും പനിയും അനുഭവപ്പെട്ടത്. മരുന്നുകഴിച്ചിട്ടും കുറയാഞ്ഞതിനാല്‍ 12-ന് പാണ്ടിക്കാട്ടെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സതേടി. 13-ന് പാണ്ടിക്കാട്ടെ മറ്റൊരു ആശുപത്രിയിലും കാണിച്ചു. അവിടെനിന്ന് മരുന്നുകൊടുത്തുവിട്ടു. പനിമാറാത്തതിനാല്‍ വീണ്ടും അവിടെത്തന്നെ പ്രവേശിപ്പിച്ചു. മസ്തിഷ്‌കജ്വരം കണ്ടതോടെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഗുരുതരാവസ്ഥയിലായതിനാല്‍ അവിടെ വിവിധ വൈറല്‍ പരിശോധനകള്‍ നടത്തി. അതിലെല്ലാം ഫലം നെഗറ്റീവായതോടെ അപൂര്‍വ വൈറസാണെന്ന സംശയം വന്നു. സ്രവം പരിശോധനയ്‌ക്കെടുക്കുകയും ചെയ്തു.
0 Comments