NEWS UPDATE

6/recent/ticker-posts

സഞ്ചരിച്ചത് 43 കി.മീറ്റര്‍, പരിശോധിച്ചത് 180 ഓളം ദൃശ്യങ്ങള്‍; സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി ഹോസ്ദുര്‍ഗ് പോലീസ്

കാഞ്ഞങ്ങാട്: കേരള പോലീസിന്റെ അന്വേഷണ മികവില്‍ ഒരു പൊന്‍തൂവല്‍കൂടി. മൂന്നര പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച പ്രതിയെ പോലീസ് കണ്ടെത്തിയത് 180 ഓളം ദൃശ്യങ്ങള്‍ പരിശോധിച്ചും 43 കിലോമീറ്ററോളം സഞ്ചരിച്ചും. ഹോസ്ദുര്‍ഗ് പോലീസാണ് ശ്രമകരമായ ദൗത്യത്തിനൊടുവില്‍ പ്രതിയിലേക്ക് എത്തിയത്. ഫേസ്ബുക്ക് പേജിലാണ് പോലീസ് പ്രതിയിലേക്കെത്തിയ കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.[www.malabarflash.com]


ഇക്കഴിഞ്ഞ ജൂണ്‍ 15ന് ഉച്ചയ്ക്ക് കാഞ്ഞങ്ങാട് പടന്നക്കാട് ആയുര്‍വേദ ആശുപത്രി റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നര പവന്റെ സ്വര്‍ണമാലയാണ് സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞത്. കറുത്ത കോട്ടും ഹെല്‍മെറ്റും ധരിച്ച് നമ്പറില്ലാത്ത കറുത്ത സ്‌കൂട്ടറില്‍ വന്ന മോഷ്ടാവിന്റെ ദൃശ്യം സംഭവസ്ഥലത്തിനടുത്ത് നിന്ന് പോലീസിന് ലഭിച്ചു. എന്നാല്‍ അതില്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ ഇല്ലായിരുന്നു. സ്‌കൂട്ടര്‍ സഞ്ചരിച്ച ദിശയിലുള്ള നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഹൈവേയിലൂടെ കടന്നുപോയ വഴികള്‍ പോലീസ് മനസ്സിലാക്കി. കൂടുതല്‍ ദൃശ്യങ്ങള്‍ക്കായി ഹൈവേയിലൂടെ സഞ്ചരിച്ച ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന ബസ്സുകളിലെ ക്യാമറ പരിശോധിച്ചതില്‍ മോഷ്ടാവിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാന്‍ നട്ട് വാങ്ങാനായി ഒരു ഹാര്‍ഡ് വെയര്‍ സ്റ്റോറില്‍ എത്തിയ പ്രതി കോട്ടും ഹെല്‍മറ്റും അഴിച്ചപ്പോഴാണ് മുഖം വ്യക്തമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. ഈ ദൃശ്യങ്ങളില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞു. പേരുവിവരവും മൊബൈല്‍ നമ്പറും ലഭിച്ചതോടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷന്‍ മനസ്സിലാക്കുകയും നെല്ലിക്കട്ട ചെന്നടുക്കയിലെ വീട്ടില്‍ നിന്ന് ജൂണ്‍ 23ന് പുലര്‍ച്ചെ ഹോസ്ദുര്‍ഗ് പോലീസ് അറസ്ററ് ചെയ്യുകയും ചെയ്തു.

ഇയാളെ ചോദ്യം ചെയ്തതില്‍ മറ്റ് എട്ടു മോഷണ വിവരങ്ങളും തെളിവുകളും ലഭിച്ചു. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം പി ആനന്ദിന്റെ നേതൃത്വത്തില്‍ എസ്സിപിഓ ഷൈജു പി വി, സിപിഓ അജിത്ത് കെ വി, സിപിഓ അനീഷ് എം എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments