NEWS UPDATE

6/recent/ticker-posts

കാപ്പിൽബീച്ചിൽ തിരയില്‍പ്പെട്ട് യുവാവും ഭാര്യാസഹോദരനും മരിച്ചു

കൊല്ലം: വര്‍ക്കല ഇടവ കാപ്പിലില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ രണ്ടു യുവാക്കള്‍ തിരയില്‍പ്പെട്ട് മരിച്ചു. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ പ്ലാമൂട് വാവരഴികത്തുവീട്ടില്‍ അന്‍വര്‍(34), ഭാര്യാ സഹോദരന്‍ ചാത്തന്നൂര്‍ ശീമാട്ടി ജങ്ഷന്‍ കാരംകോട് കൊച്ചുവിള പള്ളിക്ക് സമീപം വലിയവീട്ടില്‍ അല്‍ അമീന്‍(24) എന്നിവരാണ് മരിച്ചത്.[www.malabarflash.com]


ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ കാപ്പില്‍ പൊഴിമുഖത്തായിരുന്നു അപകടം. അന്‍വറും ഭാര്യ ആമിനയും രണ്ടുവയസ്സുള്ള മകന്‍ ആദം സെയ്യാനും ആമിനയുടെ സഹോദരന്‍ അല്‍ അമീനും ബന്ധുവായ അര്‍ഷാദുമാണ് ഉച്ചയോടെ കാപ്പില്‍ തീരത്തെത്തിയത്. അന്‍വറും അല്‍ അമീനും കടലില്‍ ഇറങ്ങി. ആമിനയും മകനും ബന്ധുവും കരയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് അന്‍വറും അല്‍ അമീനും മുങ്ങിത്താഴുകയായിരുന്നു.

കരയിലുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ മത്സ്യത്തൊഴിലാളികളും കരയിലുണ്ടായിരുന്നവരും സ്ഥലത്തെത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. ഒരു മണിയോടെ അല്‍ അമീന്റെ മൃതദേഹം പൊഴിയുടെ ഭാഗത്തുനിന്നും രണ്ടു മണിയോടെ അന്‍വറിന്റെ മൃതദേഹം വെറ്റക്കട ഭാഗത്തുനിന്നും കണ്ടെത്തി. അയിരൂര്‍ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

കാപ്പില്‍ തീരത്ത് ഒരു ലൈഫ് ഗാര്‍ഡിന്റെ സേവനമുണ്ടെങ്കിലും ഞായറാഴ്ച അവധിയിലായിരുന്നു. മൃതദേഹങ്ങള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്‍വര്‍ തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ ആയിരുന്നു. പ്രവാസിയായ അല്‍ അമീന്‍ ബക്രീദ് അവധിക്കാണ് നാട്ടിലെത്തിയത്. അടുത്തദിവസം തിരികപ്പോകാനിരിക്കെയാണ് അപകടമുണ്ടായത്.

Post a Comment

0 Comments