കാസറകോട്: ഉറങ്ങിക്കിടന്ന ഭർതൃമാതാവിനെ കഴുത്തില്‍ കൈകൊണ്ടു ഞെരിച്ചും തലയിണ കൊണ്ട് മുഖം അമർത്തിയും നൈലോണ്‍ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്ന കേസില്‍ മരുമകളെ ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ പി അംബിക (49)യെ ആണ് കാസറകോട് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.[www.malabarflash.com]
കൊലപാതകത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും, തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം തടവും രണ്ട് ലക്ഷം രൂപയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. ശനിയാഴ്ചയാണ് അംബികയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയും അംബികയുടെ ഭർത്താവുമായ കമലാക്ഷൻ, മൂന്നാം പ്രതിയായ മകൻ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
2014 സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂര്‍ പെര്‍ളടുക്കം ചേപ്പിനടുക്കയിലെ അമ്മാളു അമ്മ (65) യെയാണ് കൊലപ്പെടുത്തിയത്. അമ്മാളു അമ്മയെ വീടിന്റെ ചായ്പ്പില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. മരണത്തില്‍ മറ്റുബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പോസ്റ്റ് മോർട്ടത്തിലാണ് മരണം കൊലപാതകാണെന്ന് തെളിഞ്ഞത്.
ചായ്പ്പില്‍ കിടന്നുറങ്ങുകയായിരുന്ന അമ്മാളു അമ്മയെ മകന്റെ ഭാര്യയായ അംബിക കൊലപ്പെടുത്തുകയും, കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വേണ്ടി മറ്റ് പ്രതികളുടെ സഹായത്തോടെ മൃതദേഹം വീടിന്റെ ചായ്പ്പില്‍ കെട്ടി തൂക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അമ്മാളു അമ്മയുടെ പേരിലുള്ള സ്ഥലം വിറ്റ് പ്രതികളുടെ പേരില്‍ സ്ഥലം വാങ്ങിയത് തിരിച്ച് ചോദിച്ചതിലുള്ള വിരോധത്താലും ഭക്ഷണം നല്‍കാത്തതും ടി വി കാണാൻ അനുവദിക്കാത്തതും പ്രദേശവാസികളോട് പറഞ്ഞതിലുള്ള വിരോധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
പ്രതിഭാഗം പ്രശസ്ത ഫോറൻസിക് സർജനായ ഡോ. ഷേർളി വാസുവിനെ വിസ്തരിക്കാൻ ആവശ്യപ്പെട്ടിരുന്ന നിർണായക കേസിലാണ് വിധി പ്രതിക്കെതിരായത്. പോസ്റ്റ് മോർടം നടത്തി ഇതൊരു കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത് കണ്ണൂർ മെഡികല്‍ കോളജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. എസ് ഗോപാലകൃഷ്ണപിള്ളയാണ്. ബേഡകം പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയത് ബേഡകം എസ്‌ഐ ആയിരുന്ന കെ ആനന്ദനും തുടർന്നുള്ള അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത് ആദൂർ ഇൻസ്പെക്ടറായിരുന്ന എ സതീഷ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ എന്നിവർ ഹാജരായി.
0 Comments