NEWS UPDATE

6/recent/ticker-posts

അരുമ ശിഷ്യരെ മണ്ണ് വിഴുങ്ങി; മനമുരുകി ഉണ്ണി മാഷ്

ആലപ്പുഴ: ജീവിത നിയോഗം പോലെ വയനാട് ചൂരല്‍മലയില്‍ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഉണ്ണികൃഷ്ണന്‍ മാഷ്‌ക്ക് സ്വപ്നം പൂവണിയും മുന്നേ കാണേണ്ടി വന്നത് ഹൃദയം പിളര്‍ത്തുന്ന കാഴ്ചകള്‍. ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും കര്‍മം മുഴുവന്‍ ചൂരല്‍മലക്കാരുടെ ഉന്നമനത്തിന് മാറ്റിവെച്ച ഉണ്ണി അധ്യാപനം നടത്തുന്ന വിദ്യാലയമുള്‍പ്പെടെ കേരളം നടുങ്ങിയ ഉരുള്‍പൊട്ടലില്‍ ദുരന്തശേഷിപ്പായി. അരുമ ശിഷ്യരില്‍ മിക്കവരും തിരിച്ചുവരാതെ ചേതനയറ്റ് ഗാഢനിദ്രയിലായതോടെ ഉണ്ണി മാഷ് വിറങ്ങലിച്ചു.[www.malabarflash.com]


അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണന്‍ മാഷ് 18 വര്‍ഷമായി വയനാട്ടിലെ ഓണംകേറാമൂലയിലെ ചൂരല്‍മല വെള്ളാര്‍മല ഗവ. എച്ച് എസ് എസില്‍ അധ്യാപകനാണ്. സ്നേഹവായ്പുമായി ചൂരല്‍മലയിലെ നാട്ടുകാരും വിദ്യാര്‍ഥികളും കൂടെ നിന്നപ്പോള്‍ ഉണ്ണി മാഷ് അവരുടെ സ്വന്തക്കാരനായി. അധ്യാപക ജോലിക്കായി 2006ല്‍ പി എസ് സി പരീക്ഷയെഴുതിയ ഉണ്ണിക്ക് ആദ്യ നിയമനം കിട്ടിയത് തന്നെ ആരും അധികകാലം തുടരാത്ത വെള്ളാര്‍മല സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു.

തേയില തോട്ടത്തിലെ ജോലിക്കാരുടെ ലയങ്ങള്‍ക്കും പുഴകള്‍ക്കും കാടിനും മലകള്‍ക്കുമിടയിലായി പിന്നീട് ഉണ്ണി മാഷുടെ ജീവിതം. ഒറ്റപ്പെട്ട ബസ് സര്‍വീസ് മാത്രമുള്ള വെള്ളാര്‍മലയില്‍ കൃത്യമായി ആഹാരം പോലും കിട്ടാത്ത കുട്ടികള്‍ക്ക് വിദ്യയെത്തിക്കാനുള്ള ശ്രമങ്ങള്‍. അധികമാരും ഒറ്റപ്പെട്ട മേഖലയിലെ ഈ സ്‌കൂളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടില്ല. 26 അധ്യാപകരുള്ള സ്‌കൂളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ സര്‍വീസുള്ളതും ഉണ്ണിക്ക് തന്നെ. മലയാളം അധ്യാപകനായിട്ടും മറ്റ് അധ്യാപകര്‍ സ്ഥലം മാറിപ്പോകുന്ന ഒഴിവുകളില്‍ കണക്കും ഫിസിക്സും എല്ലാം ഉണ്ണി തന്നെ സ്വന്തം മക്കളെ പോലെ വിദ്യാര്‍ഥികളെ പഠിപ്പിച്ചു. ഇതോടെ നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും വേണ്ടപ്പെട്ടവനായി.

അഞ്ച് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടി ദുരന്തമുണ്ടായ ചൂരല്‍മലയുടെ അടുത്ത പ്രദേശമായ പുത്തുമലയിലെ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതം വിറങ്ങലിച്ച കുട്ടികളെ കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ വഞ്ചിപ്പാട്ടിന്റെ താളവുമായി എത്തിച്ചത് ഉണ്ണി മാഷായിരുന്നു. സ്‌കൂളിന് വിശാലമായ രണ്ട് നില കെട്ടിടമുള്‍പ്പെടെ നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങി. അവസ്ഥ മെച്ചപ്പെട്ടപ്പോള്‍ നാട്ടിലേക്ക് സ്ഥലം മാറ്റത്തിന് ശ്രമിച്ചെങ്കിലും സ്നേഹം പകുത്തുനല്‍കുന്ന നല്ലവരായ നാട്ടുകാര്‍ അതിന് സമ്മതിച്ചില്ല. സ്‌കൂളിന് സമീപം ഷീറ്റ് മേഞ്ഞ താത്കാലിക കെട്ടിടത്തിലായിരുന്നു ഉണ്ണിയും രണ്ട് സഹപ്രവര്‍ത്തകരും താമസിച്ചിരുന്നത്. മഴ കടുത്തതോടെ രണ്ടാഴ്ച മുമ്പ് സുരക്ഷ ഭയന്ന് സ്‌കൂള്‍ കെട്ടിടത്തിലേക്ക് താമസം മാറ്റി. അതിനിടെ അമ്മയുടെ ജ്യേഷ്ഠത്തി മരിച്ചതോടെ നാട്ടിലേക്ക് തിരിച്ചു. ഈ സമയത്താണ് ഉരുള്‍ നാടിനെ തുടച്ചുനീക്കിയിത്. വിവരമറിഞ്ഞയുടന്‍ ഉണ്ണി ദുരന്ത സ്ഥലത്തേക്കെത്തിയിരുന്നു.

നാട്ടുകാരുടെ സുഖ ദുഃഖങ്ങളിലെല്ലാം പങ്കാളിയായ ഉണ്ണി മാഷ് ഇന്ന് ദുരന്തത്തിന്റെ വ്യാപ്തിയില്‍ മരവിച്ചിരിക്കുകയാണ്. ഉറ്റവരെ പോലെ അവസാനമായൊന്ന് കാണാന്‍ ആശുപത്രികളിലെത്തിച്ച മൃതദേഹങ്ങളെല്ലാം ഉണ്ണി മാഷും പരിശോധിക്കുന്നു. ഒരു നാടിനെ ഒന്നടങ്കം ചേര്‍ത്തുപിടിച്ച ഉണ്ണിയെ കൊടും നടുക്കത്തില്‍ ആശ്വസിപ്പിക്കാനാകാതെ ബുദ്ധിമുട്ടുകയാണ് സഹപ്രവര്‍ത്തകര്‍.

Post a Comment

0 Comments