NEWS UPDATE

6/recent/ticker-posts

കെഎ.ഗഫൂറിന് കേരള കാർട്ടൂൺ അക്കാദമിയുടെ വിശിഷ്ടാംഗത്വം വെള്ളിയാഴ്ച സമ്മാനിക്കും

കാസർകോട്: ഉദുമയിൽ വിശ്രമ ജീവിതം നയിക്കുന്ന കാർട്ടൂണിസ്റ്റും ചിത്രകാരനു മായ കെഎ ഗഫൂറിനെ കേരള കാർട്ടൂൺ അക്കാ ദമി വിശിഷ്ടാംഗത്വം നൽകി ആദരിക്കുന്നു. കാര്‍ട്ടൂണ്‍ ചിത്രകലാ രംഗത്ത് നല്‍കിയ മഹത്തായ സംഭാവനകള്‍ കണക്കിലെടുത്താണ് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കുന്നത്.[www.malabarflash.com] 

വെള്ളിയാഴ്ച രാവിലെ 9 ന് ഉദുമ എംഎൽഎ. സി.എച്ച് കുഞ്ഞാമ്പു സമ്മാനിക്കും. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ സുധീർ നാഥ്,അക്കാദമി ട്രഷറർ പിയു നൗഷാദ്, കാർട്ടൂണിസ്റ്റ് ടിഎം അൻവർ സാദാത്ത് തളങ്കര,അരവിന്ദ് പയ്യന്നൂർ, സുരേന്ദ്രൻ വാരച്ചാൽ, മുജീബ് അഹമ്മദ്, ടിഎ ഷാഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

1940 ജൂലൈ രണ്ടിന് ഉദുമ നാലാംവാതിലില്‍, കെ.എം. അബ്ദുൽ റഹ് മാന്‍ ആസ്യാ ഉമ്മ എന്നിവരുടെ മകനായി ജനനം. ഉദുമയിലും ബേക്കലുമായി സ്കൂള്‍ പഠനവും കാസര്‍കോട് ഗവ. കോളേജില്‍ പ്രി-യൂണി വേഴ്സിറ്റി പഠനവും പൂര്‍ത്തിയാക്കി. പിന്നീട് കേരള സര്‍ക്കാര്‍ ടെക്നികല്‍ സര്‍ട്ടിഫിക്കറ്റ് (കെ.ജി.ടി) ചിത്രകല പഠിച്ച് നേടി. 

ഹ്രസ്വകാലം ബോംബെയില്‍ ജോലി ചെയ്തിരുന്നു. തുടര്‍ന്ന് 1961-ല്‍ (ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ) വേങ്ങര ഗവ. ഹൈസ്ക്കൂ ളില്‍ രണ്ട് വര്‍ഷം ചിത്ര കലാ അദ്ധ്യാപകനായി ജോലി ചെയ്തു. പിന്നീട് അഞ്ച് വര്‍ഷം കോഴിക്കോട് ബേപ്പൂര്‍ ഹൈസ്ക്കൂള്‍ ചിത്രകലാ അദ്ധ്യാപകനായി ജോലി ചെയ്തു. ഈ കാലയളവില്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ അയല്‍ക്കാരനായി. കോഴിക്കോട് ജീവിത കാലത്താണ് കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായത്. 1968 ല്‍ നാട്ടിലേക്ക് സ്ഥലമാറ്റമായി. 1995-ല്‍ ഉദുമ ഗവണ്മെന്‍റ് ഹൈസ്ക്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്തു.

ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ് എന്ന വിശേഷണങ്ങള്‍ കെ എ ഗഫൂര്‍ എന്ന കലാകാരനെ മലയാളക്കരയില്‍ പ്രശസ്തനാക്കി. മണ്ണുണ്ണി, മാന്ത്രികക്കട്ടിൽ, പറക്കും തൂവാല, ഹറാം മൂസ തുടങ്ങിയ ചിത്രകഥാ പരമ്പരകളുടെ സൃഷ്ടാവ് എന്ന നിലയില്‍ മലയാളത്തില്‍ അടയാളപ്പെടുത്തിയ ചിത്രകാരനാണ്. 

കെ.എ ഗഫൂര്‍ എന്ന ചിത്രകഥാകരന്‍ തന്‍റെ രചനകള്‍ ആരംഭിച്ചത്, ചന്ദ്രിക, മാതൃഭൂമി ആഴ്ചപതിപ്പുകളിലാണ്. അത് കഥകളായിരുന്നു. മാതൃഭൂമിയില്‍ 1964-ല്‍ അയിശു കുഞ്ഞിമ എന്ന കഥ പ്രസിദ്ധീകരിച്ചതോടെ ഗഫൂര്‍ ശ്രദ്ധേയനായി. ഈ കഥ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ബി.എ. മലയാളത്തില്‍ പാഠഭാഗമാണ്. ഗഫൂര്‍ രചിച്ച 20-ഓളം കഥകള്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുണ്ട്.

ആദ്യ ചിത്രകഥയായ മനുഷ്യന് ആ വര്‍ഷം തന്നെ മാതൃഭൂമിയില്‍ വന്നു; തുടര്‍ന്നുള്ള ഒരു ദശകം കെ.ഐ. ഗഫൂര്‍ കാര്‍ട്ടൂണുകളും, ചിത്രകഥകളും, ചിത്രീകരണ വരയും എഴുത്തുമായി കേരളത്തിലെ ആനുകാലികങ്ങളില്‍ നിറഞ്ഞു നിന്നു.

മൈമൂനാണ് ഭാര്യ. മക്കള്‍. ആയിഷത്ത് ശാലിന, പരേതനായ ഗമാല്‍ റിയാസ്.

Post a Comment

0 Comments