NEWS UPDATE

6/recent/ticker-posts

‘മീസാൻ കല്ല് വാങ്ങാൻ സമ്മാനത്തുക, ചോരയൊലിക്കുന്ന തമാശകൾ; ആദ്യമായാണ് കണ്ണ് നിറഞ്ഞു തുളുമ്പി ഫുട്‌ബാൾ കളി കാണുന്നത്...’

മേപ്പാടി: മേപ്പാടി ടറഫിൽ ഇരുടീമുകളായി തിരിഞ്ഞ് ഒരുകൂട്ടം യുവാക്കൾ കഴിഞ്ഞ ദിവസം രാത്രി ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. അതിൽ പ​ങ്കെടുക്കേണ്ടിയിരുന്ന ഒരാൾക്ക് വരാൻ പറ്റിയില്ല. മുണ്ടക്കൈയിൽ ഉരുൾദുരന്തം നടന്ന സ്ഥലത്ത് നിന്ന് ഒരു ശരീര ഭാഗം കിട്ടിയതറിഞ്ഞ്, കാണാതായ തന്റെ പിതാവിന്റെതാണോ അത് എന്നറിയാൻ പോയതായിരുന്നു അയാൾ.[www.malabarflash.com]

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട്, മേപ്പാടി ടൗണിൽ തൽക്കാലം താമസമാക്കിയ യുവാക്കളാണ് മത്സരത്തിൽ പ​ങ്കെടുത്തത്. വേദനകളെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഫുട്ബാൾ മത്സരം സംഘടിപ്പിച്ചതെന്ന് അവരോടൊപ്പം രണ്ടുദിവസം താമസിച്ച എഴുത്തുകാരൻ മമ്മൂട്ടി അഞ്ചുകുന്ന് പറയുന്നു.

കളിക്കിടെ അവർ പറഞ്ഞ തമാശകളിൽ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ജയിച്ചവർക്കും തോറ്റവർക്കും ലഭിച്ച പ്രൈസ് മണി, ഡി.എൻ.എ ടെസ്റ്റിൽ തിരിച്ചറിയപ്പെടുന്ന തങ്ങളുടെ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഖബറുകൾക്ക് മീസാൻ കല്ല് വാങ്ങാനാണ് ഇവർ നീക്കിവെച്ചത്. ആദ്യമായാണ് കണ്ണ് നിറഞ്ഞു തുളുമ്പി ഒരു ഫുട്‌ബോൾ മത്സരം കാണുന്നതെന്ന് മമ്മൂട്ടി അഞ്ചുകുന്ന് പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:
ഇപ്പോൾ മേപ്പാടിയിലെ ഒരു ടെറഫ് ഗ്രൗണ്ടിലാണ്. തമാശ പറഞ്ഞും ചിരിച്ചും വഴക്കിട്ടും പതിനാല് മനുഷ്യർ പന്തിനു പുറകെ പായുന്നത് വെറുമൊരു നേരം പോക്കിനല്ല. ആദ്യമായാണ് കണ്ണ് നിറഞ്ഞു തുളുമ്പി ഒരു ഫുട്‌ബോൾ മത്സരം കാണുന്നത്.

മുണ്ടക്കൈ ദുരന്തത്തിൽ ഉറ്റവരും ഉടയവരും വീടും സമ്പത്തുമെല്ലാം നഷ്ടപ്പെട്ട കുറച്ചു ചെറുപ്പക്കാർ അവരുടെ വേദനകളെ മറി കടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മേപ്പാടി ടൗണിൽ ഒന്നിച്ചൊരു ഹാളിൽ താമസിക്കുന്നുണ്ട്. മുണ്ടക്കൈയിലെ ഒരുമിച്ചു കളിച്ചു വളർന്ന സുഹൃത്തുക്കൾ. തമാശ പറഞ്ഞും ചിരിച്ചും പരസ്പരം കളിയാക്കിയും അവർ മുറിവുകൾ ഉണക്കാൻ നോക്കുകയാണ്. ഇന്നലെയും ഇന്നും അവരുടെ കൂടെ ആ മുറിയിലിരുന്ന് അവരിൽ ഒരാളായി.

ഇന്ന് വൈകുന്നേരമാണ് അവരിൽ ഒരു ആശയമുദിച്ചത്. രാത്രി ടറഫിൽ പോയി ഫുട്‌ബോൾ കളിച്ചാലോ. എല്ലാവർക്കും സന്തോഷം, അവർ യഹ്യക്കയോട് പറഞ്ഞു, മൂപ്പർ വിളിച്ചു നഈംക്കയോട് കാര്യം പറഞ്ഞു. ടറഫ് സെറ്റ്... പത്തുമണിയോടെ എല്ലാവരും കളി വൈബിലേക്ക്, രണ്ടു ടീമായി തിരിഞ്ഞ് അവർ കളിച്ചു. കൂടെ വരേണ്ട ഒരു സുഹൃത്ത് ഒരു ശരീര ഭാഗം കിട്ടിയതറിഞ്ഞ് തന്റെ പിതാവിന്റെതാണോ എന്നറിയാൻ പോയത് കൊണ്ട് വരാൻ പറ്റിയില്ല. കളിച്ചും ചിരിച്ചും ഇരുന്ന് കഥ പറഞ്ഞും അവർ ഇത്ര നേരം ചെലവിട്ടു.

അവരുടെ തമാശകൾക്ക് ഒട്ടേറെ അർഥങ്ങൾ.....

"കളിച്ചു വൈകി വന്നാൽ ഇനി വഴക്ക് പറയാൻ ഉമ്മയില്ലല്ലോ"

" നാട്ടിൽ ഒരു ഗ്രൗണ്ട് ഞങ്ങൾ വല്ലാതെ ആഗ്രഹിച്ചിരുന്നു, ഇപ്പൊ നാട് മൊത്തം ഗ്രൗണ്ടായി "

" ഈ കളിയിൽ കളിക്കേണ്ട ഞങ്ങളുടെ ഒട്ടേറെ കൂട്ടുകാർ ഞായറാഴ്ചത്തെ കളിയോടെ കളി മതിയാക്കി ആകാശത്തേക്ക് പോയി "

" ഞങ്ങളുടെ ജൂനിയർ ടീം മൊത്തം പോയി, ഇനി ഉള്ള കുഞ്ഞുങ്ങൾ വലുതാവണം പുതിയ ടീം വരാൻ "

"ഇത് ഞങ്ങളുടെ നൗഫൽക്കാക്ക് വേണ്ടിയാണ്"

അവരുടെ തമാശകളിൽ നിന്ന് ചോരയൊലിക്കുന്നത് കാണാം, അവരുടെ ചിരികളിൽ കണ്ണീരിന്റെ ഉപ്പുരസം കാണാം. എങ്കിലും അവരാരും കരഞ്ഞില്ല.

ഉപ്പയും ഉമ്മയും ഭാര്യയും മൂന്ന് മക്കളും നഷ്ടപ്പെട്ട നൗഫൽക്കയെ അവർ ടീം മാനേജർ ആണെന്ന് പറഞ്ഞു കളിയാക്കിയപ്പോൾ ആ മനുഷ്യൻ എല്ലാം മറന്നു ചിരിക്കുന്നത് കണ്ടു. അവസാനം ജയിച്ചവർക്കും തോറ്റവർക്കും പ്രൈസ് മണി കൊടുത്തപ്പോൾ അവരിലൊരാൾ പറഞ്ഞു: "ഈ പൈസ നമ്മുടെ ആ കവറിൽ ഇടാം", ഏത് കവറെന്നോ, DNA ടെസ്റ്റിൽ തിരിച്ചറിയപ്പെടുന്ന തങ്ങളുടെ ഉറ്റവരുടെ, സുഹൃത്തുക്കളുടെ ഖബറുകൾക്ക് മീസാൻ കല്ല് വെക്കാൻ അവർ പണം ശേഖരിക്കുന്ന കവറിൽ.. "നമുക്കീ പൈസ കൊണ്ട് അവർക്ക് മീസാൻ കല്ല് വെക്കാം". ഉള്ളൂലച്ച ആ വാക്കുകൾ ഇനിയെന്ന് ഉള്ളിൽ നിന്ന് പോവാനാണ്..

Post a Comment

0 Comments