NEWS UPDATE

6/recent/ticker-posts

കളിങ്ങോത്ത് ശ്രീ മേല്പുറത്ത് തറയില്‍ വീട് തറവാട്ടിലെ നാഗസ്ഥാനത്ത് നാഗവനം സൃഷ്ടിക്കുന്ന പ്രവര്‍ത്തിക്ക് തുടക്കം

ഉദുമ: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രത്തിലെ മൂന്ന് തറകളിലൊന്നായ കളിങ്ങോത്ത് ശ്രീ മേല്പുറത്ത് തറയില്‍ വീട് തറവാട്ടിലെ നാഗസ്ഥാനത്ത് നാഗവനം സൃഷ്ടിക്കുന്ന പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചു. നീലേശ്വരം കടിഞ്ഞിമൂലയിലെ പരിസ്ഥിതി പ്രവര്‍ത്തകനും പ്രാദേശിക കര്‍ഷക ശാസ്ത്രജ്ഞനുമായ പി വി ദിവാകരന്റെ ജീവനം ഭാഗമായി നടപ്പാക്കി വരുന്ന ഗൃഹവനം പദ്ധതിയുമായി സഹകരിച്ചാണ് വനവല്‍ക്കരണം നടത്തുന്നത്.[www.malabarflash.com]

പി വി ദിവാകരനില്‍ നിന്ന് തറവാട് കമ്മിറ്റി ഭാരവാഹികള്‍ തൈകള്‍ ഏറ്റുവാങ്ങി പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് തറവാട് കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് നാഗസ്ഥാനത്തിന് മുന്നിലായി ഒഴിഞ്ഞുകിടക്കുന്ന സ്ഥല വൃക്ഷതൈകള്‍ വെച്ചുപിടിപ്പിച്ചു. 

അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട വൃക്ഷത്തൈകളായ നാഗപ്പൂമരം, കമണ്ഡലു, കരിമരം, നാഗലിംഗ മരം, ഇലഞ്ഞി, പാല, അത്തി, ഇത്തി, തുടങ്ങിയ 55 ല്‍പ്പരം വിവിധ ഇനങ്ങളിലുള്ള വൃക്ഷത്തൈകള്‍ പി വി ദിവാകരന്‍ ഇതിലേക്കായി സൗജന്യമായി നലികി. ഇന്നത്തെ കാലഘട്ടത്തില്‍ ശുദ്ധവായുവും വെളളവും ലഭിക്കണമെങ്കില്‍ ഇതുപോലുളള ഒരുപാട് കാവുകള്‍ സംരക്ഷിക്കണമെന്നും വൃക്ഷായുര്‍വേദത്തില്‍ പണ്ടുമുതല്‍ തന്നെ വൃക്ഷങ്ങളെ സംരക്ഷിക്കാന്‍ ആചാര്യന്മാര്‍ പരാമര്‍ഷിച്ചിട്ടുണ്ടെന്ന് പി വി ദിവാകരന്‍ പറഞ്ഞു. 

തറവാട് കമ്മറ്റി ചെയര്‍മാന്‍ കെ വിശാലാക്ഷന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.ശ്രീധരന്‍, വൈസ് ചെയര്‍മാന്‍ രാജന്‍ പാക്കം ആലക്കോട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് തറവാട്ടംഗണത്തില്‍ വെച്ച് തറവാട് കമ്മറ്റിയുടേയും യുഎഇ കമ്മറ്റിയുടേയും നേതൃത്ത്വത്തില്‍ പി വി ദിവാകരനെ ചെയര്‍മാന്‍ പൊന്നാടയണിയിച്ച് പ്രശസ്തിപത്രം നല്കി ആദരിച്ചു.

Post a Comment

0 Comments