NEWS UPDATE

6/recent/ticker-posts

യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി; പ്രതികൾക്കായി വ്യാപക തിരച്ചിൽ

തിരുവനന്തപുരം: മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ അടിപിടിക്കിടെ സഹോദരങ്ങളായ യുവാക്കളുടെ ക്രൂരമർദനമേറ്റയാളെ ബീമാപളളി കടപ്പുറത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പൂന്തുറ പോലീസ് അറിയിച്ചു. കൊലപാതശേഷം ഒളിവിൽപ്പോയ ബീമാപളളി സ്വദേശികളും സഹോദരങ്ങളുമായ പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.[www.malabarflash.com]


ബീമാപളളി ഈസ്റ്റ് വാർഡ് സദാം നഗറിലുളള നാഗൂർ കണ്ണിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അബ്ദുൾ ഹസ്സന്റെയും ബദറുനിസയുടെയും മകൻ ഷിബിലി(38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30-ഓടെ ബീമാപളളിക്ക് സമീപത്തെ റോഡിലായിരുന്നു സംഭവങ്ങളുടെ തുടക്കമെന്ന് പോലീസ് പറഞ്ഞു. യുവാക്കളുടെ അടിയേറ്റ് മരിച്ച ഷിബിലിയും സഹോദരങ്ങളിൽ ഒരാളായ ഇനാസും തമ്മിൽ നേരത്തെ വഴക്കുണ്ടായിരുന്നു.

ബീമാപളളിക്ക് സമീപത്ത് രാത്രിയിൽ റോഡിൽവെച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നീട് നാട്ടുകാർ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് 11 മണിയോടെ ഷിബിലിയെ അന്വേഷിച്ച് ഇനാസും ഇയാളുടെ ജേഷ്ഠൻ ഇനാബും എത്തി. ബീമാപളളി റോഡിൽനിന്ന് കടപ്പുറത്തേക്ക് പോകുന്ന ഇടവഴിയിൽവെച്ച് ഷിബിലിയെ കണ്ടതോടെ അവിടെവെച്ച് അടിപിടിയായി.

ഇരുവരും ചേർന്ന് ഷിബിലിയെ മതിലിനോട് ചേർത്തുവെച്ച് ക്രൂരമായി മർദിച്ചു. ഇയാളുടെ വസ്ത്രങ്ങളും കീറിയെറിഞ്ഞുവെന്നാണ് പോലീസിന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരം. സംഭവസ്ഥലത്തുനിന്ന് പോലീസ് ഇയാളുടെ ഷർട്ട്, ചെരിപ്പുകൾ എന്നിവ കണ്ടെടുത്തു.

അടിയേറ്റ് അവശനിലയിലായ ഷിബിലി അവിടെനിന്ന് ഓടി കടൽ തീരത്ത് എത്തി. പിന്നാലെ വന്ന ഇരുവരും ചേർന്ന് ഷിബിലെ തറയിൽ തളളിയിട്ട് നെഞ്ചിലും കഴുത്തിലും ചവിട്ടിയെന്നും കല്ലുകൊണ്ട് ചുണ്ടിലും താടിയിലും തലയിലും കഴുത്തിലും ഇടിച്ചെന്നുമാണ് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം യുവാക്കൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. 

നാട്ടുകാരിൽ ആരോ ഷിബിലിയുടെ സഹോദരൻ ഹലീൽ റഹ്മാനെ രാത്രി 12 ഓടെ വിവരമറിയിച്ചു. കടപ്പുറത്ത് എത്തിയ ഹലീലും സുഹൃത്തുക്കളും ചേർന്ന് അബോധാവസ്ഥയിലായിരുന്ന ഷിബിലിയെ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചുവെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.

പൂന്തുറ എസ്.എച്ച്.ഒ. എസ്. സാജുവിന്റെ നേതൃത്വത്തിൽ നടത്തിയ മൃതദേഹ പരിശോധനയിൽ നെഞ്ചിലും മുതുകിലും ചവിട്ടേറ്റതിന്റെ പാടുകളും തലയിലും ചുണ്ടിലും മുറിവുകളുമുണ്ടെന്ന് കണ്ടെത്തി. മെഡിക്കൽ കോളേജിലെത്തിച്ചശേഷം പോസ്റ്റുമാർട്ടം നടത്തി. മൃതദേഹം പിന്നീട് ബന്ധുക്കൾ ഏറ്റുവാങ്ങി. 

ചവിട്ടേറ്റതിനെ തുടർന്ന് വയറ്റിലെ ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതങ്ങളാണ് മരണകാരണമെന്ന് പോസ്റ്റുമാർട്ടത്തിൽ തെളിഞ്ഞതായി പൂന്തുറ പോലീസ് പറഞ്ഞു. 

പ്രതികളായ യുവാക്കളുടെ അച്ഛനേയും മറ്റൊരു യുവാവിനെയും പൂന്തുറ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ പേരുണ്ടോയെന്ന് അന്വേഷിക്കുന്നതായി എസ്.എച്ച്.ഒ.പറഞ്ഞു. മരിച്ച ഷിബിലിക്കെതിരെ പൂന്തുറ സ്റ്റേഷനിലടക്കം നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി 22- ലധികം കേസുകളുണ്ടെന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments