NEWS UPDATE

6/recent/ticker-posts

തോരാത്ത മഴയിലും വീര്യത്തോടെ തീരദേശ വാസികൾ; കടലേറ്റത്തിന് പരിഹാരം തേടി കൊവ്വൽ ബീച്ചിൽ വൻ ജനക്കൂട്ടം

ഉദുമ: വർഷങ്ങളായി തുടർന്നു വരുന്ന കടലേറ്റ കെടുതിയിൽ പൊറുതിമുട്ടി കഴിയുന്ന കാപ്പിൽ, കൊപ്പൽ, കൊവ്വൽ ജന്മ കടപ്പുറത്തെ ജനങ്ങൾ തോരത്ത മഴയെപ്പോലും അവഗണിച്ച് കൊവ്വൽ ബീച്ചിൽ ഞായറാഴ്ച വൈകുന്നേരം ഒത്തുകൂടി.[www.malabarflash.com]
 

 ഈ ദുരിതത്തിന് ശാശ്വത പരിഹാരം തേടി സ്ഥലം എം.പി. യേയും എം.എൽ.എയും ഒരേ വേദിയിൽ എത്തിക്കാനായിരുന്നു തീരദേശ സംരക്ഷണ സമിതി ജനസമ്പർക്ക യോഗം സംഘടിപ്പിച്ചത്. ബന്ധുവിന്റെ മരണത്തെ തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം. പി.ക്ക് എത്താനായില്ല. മഴമൂലം അരമണികൂർ വൈകിയാണെങ്കിലും വൻ പുരുഷാരത്തെ സാക്ഷിയാക്കി സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ. കൊവ്വൽ കടപ്പുറത്ത് യോഗം ഉദ്ഘാടനം ചെയ്തു.

ഈ തീരദേശത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും ഈ ഭീഷണിയുടെ നിജസ്ഥിതി നിയമ സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം തീരദേശ വാസികൾക്ക് ഉറപ്പ് നൽകി. ഏറെ ചെലവേറിയ ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ വിഹിതവും ലഭ്യമാക്കാൻ നടപടി വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

സംരക്ഷണ സമിതി ചെയർമാൻ അശോകൻ സിലോൺ അധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീധരൻ കാവുങ്കാൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ലക്ഷ്മി, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ ഗീതാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം പുഷ്പ ശ്രീധരൻ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി. കെ. ജലീൽ , ചന്ദ്രൻ നാലാംവാതുക്കൽ, ശകുന്തള ഭാസ്കരൻ, ബിന്ദു സുധൻ, കെ.വിനയകുമാർ, ഷൈനിമോൾ, സൈനബ അബൂബക്കർ, നബീസ പാക്യാര, സമിതി ട്രഷർ ബി. കെ. കുഞ്ഞികണ്ണൻ, രമേശൻ കൊപ്പൽ, ശ്രീധരൻ വയലിൽ, കെ. ബി. എം. ഷെരീഫ് എന്നിവർ പ്രസംഗിച്ചു.

നിർദേശം: ജിയോ ബാഗ് ഉപയോഗം ഫലപ്രദമല്ലെന്ന് അനുഭവത്തിലൂടെ അറിഞ്ഞതാണ്. നൂമ്പിൽ പുഴ മുതൽ കാപ്പിൽ ബീച്ച് വരെ രണ്ടു കിലോമീറ്ററോളം നീളത്തിൽ ടെട്രാപാഡ് ഉപയോഗിക്കണമെന്ന ആവശ്യമാണ് യോഗത്തിൽ പൊതുവെ നിർദേശം ഉണ്ടായത്. 90 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് വിദഗ്തരുടെ കണക്കുകൂട്ടൽ. ചെല്ലാനം ബീച്ചിലെ അനുഭവം വെച്ചു നോക്കുമ്പോൾ ടെട്രാപ്പാഡ് ആണ് അഭികാമ്യമെന്നാണ് അഭിപ്രായം. ഇവിടം കൊണ്ട് അവസാനക്കില്ലെന്നും ഈ വീര്യം തുടർന്നും ഉണ്ടാകണമെന്നുമാണ് സംഘടകർ ജനങ്ങളോട് പറഞ്ഞത്.

Post a Comment

0 Comments