മാനന്തവാടി: കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗശൂന്യമായ കിണറ്റില്‍നിന്ന് കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തൊണ്ടര്‍നാട് തേറ്റമല പരേതനായ വിലങ്ങില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി എന്ന 72 വയസ്സുകാരിയുടെ മരണമാണ് നാല് പവന്‍ സ്വർണാഭരണത്തിന് വേണ്ടിയുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. കുഞ്ഞാമിയുടെ അയല്‍വാസിയായ ചോലയില്‍ വീട്ടില്‍ ഹക്കീമിനെയാണ് (42) തൊണ്ടര്‍നാട് പൊലീസ് പിടികൂടിയത്.[www.malabarflash.com]
വയോധികക്കായുള്ള തിരച്ചിലിനും മാധ്യമങ്ങളെ വിവരമറിയിക്കുന്നതിലും സംഭവത്തിനുശേഷം ഇയാള്‍ മുന്‍പന്തിയിലുണ്ടായിരുന്നു. വീട്ടില്‍ തനിച്ചായ കുഞ്ഞാമിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങള്‍ കൈക്കലാക്കി അവ വെള്ളമുണ്ട ഇസാഫ് ബാങ്കില്‍ പണയം വെക്കുകയായിരുന്നു. പണയപ്പെടുത്തിയ ആഭരണങ്ങള്‍ പൊലീസ് ബാങ്കില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ ഗള്‍ഫില്‍നിന്ന് വന്നശേഷം കുറച്ച് കാലം വെള്ളമുണ്ടയില്‍ തുണിക്കട നടത്തിയിരുന്നു. നിലവില്‍ ഫുഡ് സപ്ലൈ വണ്ടിയില്‍ ജോലിചെയ്തു വരികയാണ്.
ഇളയ മകള്‍ സാജിതയോടൊപ്പം താമസിച്ചുവരുന്ന കുഞ്ഞാമിയെ ബുധനാഴ്ച വൈകുന്നേരമാണ് വീട്ടില്‍നിന്ന് കാണാതാവുന്നത്. സാജിതക്ക് അസുഖം ബാധിച്ചതിനെതുടര്‍ന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് പോയപ്പോള്‍ ഇവര്‍ വീട്ടിൽ തനിച്ചാണുണ്ടായിരുന്നത്. വൈകീട്ട് മകളുടെ മകന്‍ സ്‌കൂൾ വിട്ടു വന്നപ്പോഴാണ് കുഞ്ഞാമിയെ കാണാത്ത വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും പ്രദേശത്ത് മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെയോടെയാണ് മുക്കാല്‍ കിലോമീറ്റര്‍ ദൂരത്തുള്ള കാടുമൂടിയതും ഉപയോഗശൂന്യമായതുമായ പഞ്ചായത്തുവക കിണറ്റില്‍നിന്ന് ഇവരുടെ മൃതദേഹം ലഭിച്ചത്.
ഇവരുടെ കഴുത്തിലും കാതിലുമായുണ്ടായിരുന്ന നാല് പവനോളം സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സ്ഥിരമായി ധരിക്കാറുള്ള തട്ടവും ലഭിച്ചിരുന്നില്ല. ഇത്രയും ദൂരം ഇവര്‍ക്ക് നടന്നുവരാനാവില്ലെന്നും ബന്ധുക്കൾ പൊലീസിലറിയിച്ചിരുന്നു. തുടര്‍ന്ന് തൊണ്ടര്‍നാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുഞ്ഞാമിയെ സ്വർണാഭരണത്തിനുവേണ്ടി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
0 Comments