NEWS UPDATE

6/recent/ticker-posts

ഒഴിയാത്ത ദുരിതയാത്ര; ചെളിയിൽ മുങ്ങി പള്ളത്തെ കലുങ്കുനിർമാണ പ്രദേശം

ഉദുമ: പള്ളത്തെ കലുങ്ക് നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയ താൽക്കാലിക സംവിധാനത്തിലെ പിഴവിൽ ഇതിലൂടെയുള്ള വാഹനഗതാഗതം താറുമാറാകുന്നുവെന്ന് പരാതി. കാസർകോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ ഒരുക്കിയ താൽക്കാലിക യാത്ര സംവിധാനം മഴയെ തുടർന്ന് ചെളിക്കുളമാണ്. 3 മാസം മുൻപ് തകർന്ന കലുങ്കിന്റെ നിർമാണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നാണു നാട്ടുകാരുടെ പരാതി.[www.malabarflash.com]


കാൽനട യാത്രക്കാരും അപ്പുറം കടക്കാൻ ബുദ്ധിമുട്ടുന്നു.വാഹനങ്ങൾ മറുഭാഗം കടക്കാൻ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയ്ക്ക്‌ പരിഹാരം കണ്ടെത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം, പാലക്കുന്ന് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. കരാറുകാരന്റെയും ട്രാഫിക് പോലീസിന്റെയും ഭാഗത്ത് നിന്ന് വാഹനങ്ങളെ നിയന്ത്രിക്കാൻ സംവിധാനം ഒരുക്കാത്തതിനെ തുടർന്ന് ഇവിടെ മിക്ക സമയങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്.പണി പൂർത്തിയാക്കാൻ 6 മാസം വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്.

രാത്രിയിൽ ഇവിടെ ആവശ്യത്തിന് വെളിച്ചം ഇല്ലാത്തതും അപകടങ്ങൾക്ക്‌ കാരണമാണെന്നും യോഗം വിലയിരുത്തി. അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് ഈ പാതയിൽ ചെറുതും വലുതുമായ ഒട്ടേറെ കുഴികളാണുള്ളത്. തെരുവുവിളക്കുകൾ മിക്കതും പ്രകാശിക്കുന്നില്ല. കലുങ്കിന്റെ പണി നടക്കുന്ന സ്ഥലത്ത് തെരുവുവിളക്കിനുള്ള സംവിധാനം അടിയന്തരമായി വേണമെന്ന് പൊതുമരാമത്ത് വകുപ്പിനോടും ഉദുമ പഞ്ചായത്തിനോടും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് എം.എസ്.ജംഷിദ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ കരിപ്പോടി, അരവിന്ദൻ മുതലാസ്, മുരളി പള്ളം, ഗംഗാധരൻ പള്ളം, ജയാനന്ദൻ പാലക്കുന്ന്, യൂസഫ് ഫാൽക്കൺ, അഷ്റഫ് തവക്കൽ, സതീഷ് പൂർണിമ, ചന്ദ്രൻ തച്ചങ്ങാട്, മുഹമ്മദ് നൂറാസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments