NEWS UPDATE

6/recent/ticker-posts

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസർകോട് ടൗൺസ്റ്റേഷനിലെ എസ്ഐയെ സ്ഥലംമാറ്റി

കാസർകോട്: പോലീസ് കസ്റ്റഡിയിലുള്ള ഓട്ടോ വിട്ടു കിട്ടാത്തതിനുള്ള മനോവിഷമം കാരണം ഡ്രൈവർ അബ്ദുൽ സത്താർ ആത്മഹത്യ ചെയ്ത സംഭവമായി ബന്ധപ്പെട്ട് കാസർകോട് ടൗൺ സ്റ്റേഷനിലെ എസ് ഐയെ സ്ഥലംമാറ്റി. കാസർകോട് ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരമാണ് പ്രിൻസിപ്പൽ എസ് ഐ പി അനൂബിനെ ചന്തേര പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.[www.malabarflash.com]

തിങ്കളാഴ്ച വൈകിട്ടാണ് റെയിൽവേ സ്റ്റേഷൻ റോഡിലുള്ള ക്വാർട്ടേഴ്സിൽ അബ്ദുൽ സത്താറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫേസ്ബുക്കിൽ കാര്യങ്ങൾ കുറിച്ചിട്ടാണ് ഡ്രൈവർ ആത്മഹത്യ ചെയ്തത്. നാലുദിവസം മുമ്പ് ഇയാളുടെ ഓട്ടോ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. റോഡിൽ ഗതാഗത തടസ്സമുണ്ടാക്കി എന്ന കാരണത്താലാണ് എസ് ഐ അനൂബ് ഓട്ടോ കസ്റ്റഡിയിലെടുക്കുകയും പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തത്. പിന്നീട് വിട്ടു നൽകിയില്ല. 

ഇതേ തുടർന്നാണ് താമസസ്ഥലത്ത് അബ്ദുൽ സത്താർ ആത്മഹത്യ ചെയ്തതെന്നാണ് മറ്റു ഓട്ടോഡ്രൈവർമാർ പറയുന്നത്. ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ പണിമുടക്കി ടൗൺ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. 

അതേസമയം 60 വയസ്സായിട്ടും ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഒരു പാവപ്പെട്ട മനുഷ്യന് ജീവൻ അവസാനിപ്പിക്കേണ്ടി വന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയാണെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന് എൻഎ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു.

Post a Comment

0 Comments