അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ മൂസ ഹാജി ചരപ്പറമ്പിൽ, ബഷീർ തുടങ്ങിയവരടക്കമുള്ള ഡയറക്ടർമാർ ചേർന്ന് നിക്ഷേപകരെ പലിശ അടക്കം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തു എന്ന പരാതിയിൽ കേരള പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇ.ഡി നടപടി. നിക്ഷേപ തട്ടിപ്പ് നടത്തുകയും ഈ തുക ഹോട്ടൽ ബിസിനസിലേക്ക് വകമാറ്റുകയുമാണ് ഉടമസ്ഥർ ചെയ്തത് എന്ന് ഇ.ഡി പറയുന്നു.
അപ്പോളോ ജ്വല്ലറി ഗ്രൂപ്പിന്റെ ‘അപ്പോളോ ഗോൾഡ്’ എന്ന നിക്ഷേപ പദ്ധതി വഴിയായിരുന്നു തട്ടിപ്പ് എന്ന് ഇ.ഡി പറയുന്നു. ഇതിൽ നിക്ഷേപിക്കുന്ന ഓരോ 1 ലക്ഷം രൂപയ്ക്കും നിക്ഷേപകർക്ക് മാസം 1000 രൂപ വീതം പലിശ ലഭിക്കും. 12 മാസം കഴിയുമ്പോള്‍ നിക്ഷേപകർക്ക് നിക്ഷേപ തുക പൂർണമായി പിൻവലിക്കാം. പദ്ധതിയില്‍ 12 മാസത്തിനു ശേഷവും നിക്ഷേപം തുടരുന്നവർക്ക് അപ്പോളോ ജ്വല്ലറിയിൽ നിന്നുള്ള ലാഭവിഹിതം നൽകുമെന്നുമായിരുന്നു വാഗ്ദാനം. തുടക്കത്തിൽ ഈ വാഗ്ദാനങ്ങള്‍ പാലിച്ചിരുന്ന ഡയറക്ടർമാർ 2020 മുതൽ പലിശയോ നിക്ഷേപ തുകയോ തിരിച്ചു നൽകാതായി. മൂസ ഹാജി ചരപ്പറമ്പിൽ ഇതിനു പിന്നാലെ ഒളിവിൽ പോയി. പിന്നാലെ ക്രൈംബ്രാഞ്ച് 42 എഫ്ഐആറുകൾ കൂടി റജിസ്റ്റർചെയ്തു.
നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ ഇത്തരത്തിൽ അപ്പോളോ ജ്വല്ലറി ഗ്രൂപ്പ് വാങ്ങിയിട്ടുണ്ടെന്നും പലിശ പോലും നൽകിയിട്ടില്ലെന്നും ഇ.ഡി. അന്വേഷണത്തിൽ വ്യക്തമായി. ഇത്തരത്തിൽ 82.90 കോടി രൂപയോളമാണ് അപ്പോളോ ജ്വല്ലറി ഗ്രൂപ്പിനു കീഴിലുള്ള കമ്പനികൾ പിരിച്ചെടുത്തിട്ടുള്ളത്. നിലവിൽ ഈ കമ്പനികൾ പ്രവർത്തിക്കുന്നില്ല. ഇതിനിടെയാണ്, മൂസ ഹാജി ചരപ്പറമ്പിലും മറ്റുള്ളവർക്കും സമാന ഗ്രൂപ്പ് എന്ന കമ്പനിയിൽ വലിയ തോതിലുള്ള നിക്ഷേപമുള്ളതായി കണ്ടെത്തിയത്.
അപ്പോളോ ഗ്രൂപ്പ് വഴി തട്ടിയെടുത്ത കോടികൾ സമാന ഗ്രൂപ്പില്‍ നിക്ഷേപിക്കുകയും ഈ പണമുപയോഗിച്ച് അപ്പോളോ ഷോപ്പിങ് മാൾ എൽഎൽപി, ട്രിവാൻഡ്രം അപ്പോളോ ബിൽഡേഴ്സ് പ്രൈ.ലിമിറ്റഡ് എന്നീ കമ്പനികൾ രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ കീഴിൽ കോഴിക്കോടും തിരുവനന്തപുരത്തും ഡിമോറ എന്ന പേരിൽ വമ്പൻ ഹോട്ടലുകൾ തുടങ്ങുകയും ചെയ്തെന്ന് ഇ.ഡി. പറയുന്നു.
റെയ്ഡിൽ കമ്പനിയുടെ സ്വത്തുവകകളും നിക്ഷേപങ്ങളും സംബന്ധിച്ച രേഖകളും ഇലക്ട്രോണിക് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലുകളെ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇപ്പോൾ മരവിപ്പിച്ചിട്ടുള്ള 52.34 ലക്ഷം രൂപ കോഴിക്കോടുള്ള ഹോട്ടൽ ഡിമോറയുടെ അക്കൗണ്ടിലുള്ളതാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി. വ്യക്തമാക്കി.
റെയ്ഡിൽ കമ്പനിയുടെ സ്വത്തുവകകളും നിക്ഷേപങ്ങളും സംബന്ധിച്ച രേഖകളും ഇലക്ട്രോണിക് തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലുകളെ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇപ്പോൾ മരവിപ്പിച്ചിട്ടുള്ള 52.34 ലക്ഷം രൂപ കോഴിക്കോടുള്ള ഹോട്ടൽ ഡിമോറയുടെ അക്കൗണ്ടിലുള്ളതാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി. വ്യക്തമാക്കി.
0 Comments