NEWS UPDATE

6/recent/ticker-posts

‘മതാചാരം വ്യക്തിപരം’; ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ലെന്നും ഭരണഘടനയാണ് ഏറ്റവും ഉന്നതമെന്നും ഹൈക്കോടതി. ധനമന്ത്രിയായിരിക്കുമ്പോൾ ഡോ. തോമസ് ഐസക്കിന് ഹസ്തദാനം നൽകിയതുവഴി വിദ്യാർഥിനി മുസ്‌ലിം വ്യക്തിനിയമം ലംഘിച്ചെന്നും മുതിർന്ന പെൺകുട്ടി മറ്റൊരു പുരുഷനെ സ്പർശിക്കുന്നതുവഴി വ്യഭിചാരം ചെയ്തെന്നും പരാമർശിച്ച് സമൂഹമാധ്യമത്തിലൂടെ വിഡിയോ പ്രചരിപ്പച്ചതിനെതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം പറഞ്ഞത്.[www.malabarflash.com]


നിയമ വിദ്യാർഥിനിയുടെ പരാതിയിൽ കലാപത്തിന് ശ്രമിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കോഴിക്കോട് കുന്നമംഗലം പൊലീസ് തനിക്കെതിരെയെടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി അബ്ദുൽ നൗഷാദ് നൽകിയ ഹർജി തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.

നൂറ്റാണ്ടുകളായുള്ള മതാചാരങ്ങളോട് യോജിപ്പോ വിയോജിപ്പോ കാണിക്കാനുള്ള അവകാശം എല്ലാ പൗരൻമാരുടെയും ഭരണഘടനപരമായ അവകാശമാണെന്നും കോടതി പറഞ്ഞു. ഒരാളുടെ മതപരമായ ആചാരങ്ങൾ അയാളുടെ വ്യക്തിപരമായ കാര്യമാണ്. മറ്റൊരാളിൽ അത് അടിച്ചേൽപ്പിക്കാനാവില്ല. മതം വ്യക്തിപരമാണെന്നും ആരേയും നിർബന്ധിക്കാനാവില്ലെന്നും മുസ്‌ലിം മതം തന്നെ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരി കോഴിക്കോട് സ്വകാര്യ ലോ കോളജിൽ വിദ്യാർഥിയായിരിക്കുമ്പോൾ ഹർജിക്കാരൻ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതു സംബന്ധിച്ചാണ് കേസ്. 2016ൽ അന്നത്തെ ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്കുമായി കോളജിൽ നടത്തിയ സംവാദത്തിൽ പങ്കെടുക്കാൻ പരാതിക്കാരിക്ക് അവസരം ലഭിച്ചിരുന്നു. വിദ്യാർഥികൾക്കു മന്ത്രിയോടു ചോദ്യം ചോദിക്കാം. ചോദ്യം ചോദിച്ചവർക്കു സമ്മാനവും മന്ത്രി നൽകും. സ്റ്റേജിൽ സമ്മാനം നൽകുമ്പോൾ വിദ്യാർഥികൾ ആദ്യം മന്ത്രിക്കു ഹസ്‍തദാനം നൽകും. തുടർന്നു സമ്മാനവും വാങ്ങും. ഇത് വാർത്താ ചാനലുകളിൽ പ്രക്ഷേപണം ചെയ്തിരുന്നു. ശരി അത്ത് നിയമം ലംഘിച്ചെന്ന് പരാമർശിച്ച് ഹർജിക്കാരന്റെ പ്രസംഗത്തോടുകൂടി, താൻ ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങൾ സഹിതം കുറച്ചു ദിവസങ്ങൾക്കുശേഷം വാട്സാപിൽ പ്രചരിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.

സമ്മാനം സ്വീകരിക്കുമ്പോൾ ധനമന്ത്രിക്കു കൈകൊടുക്കാൻ പരാതിക്കാരി തീരുമാനിച്ചാൽ ഹർജിക്കാരന് അതിൽ എന്തു കാര്യമെന്നു കോടതി ചോദിച്ചു. മതവിശ്വാസത്തിനുള്ള തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ലംഘിച്ചെന്ന് ആരോപിച്ച് ധീരയായ മുസ്‌ലിം പെൺകുട്ടി മുന്നോട്ടുവന്ന സാഹചര്യത്തിൽ ഭരണഘടന അവരെ സംരംക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. അവരെ പിന്തുണയ്ക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

ഹർജിക്കാരനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ബാധകമാണോയെന്നു തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കോടതിയാണ്. ഹർജിക്കാരൻ നിരപരാധിയാണെങ്കിൽ വിചാരണ നേരിട്ട് ബന്ധപ്പെട്ട കോടതിയിൽനിന്നു വിടുതൽ നേടാം. ഇക്കാര്യത്തിൽ നിയമത്തിന്റെ ദുരുപയോഗമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി സവിശേഷ അധികാരം ഉപയോഗിച്ചു കേസിൽ ഹൈക്കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.

Post a Comment

0 Comments