കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയതിനെതിരെ സർക്കാറിന്റെ പുനഃപരിശോധന ഹരജി. സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസർകോട് സെഷൻസ് കോടതി ഒക്ടോബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.[www.malabarflash.com]
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുരേന്ദ്രന് അപരനായി പത്രിക നൽകിയ ബി.എസ്.പിയിലെ കെ. സുന്ദരയെ സുരേന്ദ്രന്റെ അനുയായികൾ തടങ്കലിൽ െവച്ച് ഭീഷണിപ്പെടുത്തിയെന്നും പിന്നീട് രണ്ടരലക്ഷം രൂപയും 8300 രൂപയുടെ മൊബൈൽ ഫോണും കോഴ നൽകി അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിച്ചെന്നുമാണ് കേസ്. സാക്ഷിയായ സുന്ദരയുടെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നും വിശ്വസനീയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കാസർകോട് കോടതി കെ. സുരേന്ദ്രനെയടക്കം വെറുതെ വിട്ടത്.
കേസ് രജിസ്റ്റർ ചെയ്യും മുമ്പ് സുന്ദര പോലീസിന് നൽകിയ മൊഴിയും പിന്നീട് നൽകിയ മൊഴിയും തമ്മിൽ വൈരുധ്യങ്ങളുണ്ടെന്നും പാരിതോഷികങ്ങൾ സ്വമേധയാ സ്വീകരിച്ചതാണെന്ന് സംശയിക്കാൻ കാരണമുണ്ടെന്നും കോടതി വ്യക്തമാക്കി. അധികാരപരിധി ലംഘിക്കുന്നതാണ് കോടതിയുടെ തീരുമാനമെന്നാണ് സർക്കാർ വാദം. പ്രതികൾ നൽകിയ രേഖകൾക്കാണ് പ്രോസിക്യൂഷൻ രേഖകളെക്കാൾ പ്രാധാന്യം നൽകിയത്. വിചാരണക്കുമുമ്പേ തീർപ്പ് കൽപിക്കുന്ന പ്രവണതയുമുണ്ടായെന്നും പുനഃപരിശോധന ഹരജിയിൽ പറയുന്നു.
രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ച കേസിൽ പട്ടികജാതി പീഡന നിരോധന നിയമത്തിലെ വകുപ്പുകളടക്കം ചേർത്തിരുന്നെന്നും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് ഇതിനുള്ള അധികാരമില്ലായിരുന്നുവെന്നുമാണ് കെ. സുരേന്ദ്രന്റെ വാദം.
0 Comments