കപ്പൽ സർവീസ് തുടങ്ങാൻ നാല് കമ്പനികളാണ് കേരള മാരിടൈം ബോർഡിനു മുന്നിൽ സന്നദ്ധത അറിയിച്ച് എത്തിയത്. കമ്പനികൾ നൽകിയ താത്പര്യപത്രം പഠിച്ചതിൽനിന്ന് രണ്ട് കമ്പനികളെയാണ് യോഗ്യരായി കണ്ടെത്തിയത്. ഇതിൽ ഒരു കമ്പനിയാണ് ഇപ്പോൾ സർവീസിന് അനുയോജ്യമായ കപ്പൽ കണ്ടെത്താൻ ഇൻഡൊനീഷ്യ അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടങ്ങിയത്. കമ്പനി കപ്പൽ എത്തിച്ചാൽ ബോർഡ് വിശദമായ പരിശോധന നടത്തും.
യാത്ര ചെയ്യുന്നതിനും ചരക്കുകൾ കൊണ്ടുപോകുന്നതിനും കപ്പലിലുള്ള സൗകര്യങ്ങളും വിലയിരുത്തും. ഇതുസംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് നൽകും. അതിനുശേഷം സർവീസിന് അനുമതി ലഭ്യമാക്കും. കേന്ദ്രത്തിൽനിന്നുള്ള ലൈസൻസ് അടിയന്തരമായി ലഭിക്കാനുള്ള നടപടികളും മാരിടൈം ബോർഡ് സ്വീകരിക്കും. ഈവർഷം അവസാനമോ അടുത്തവർഷം ആദ്യമോ സർവീസ് തുടങ്ങാനാകുമെന്നാണ് ബോർഡ് അധികൃതരുടെ പ്രതീക്ഷ.
മാസങ്ങൾക്കുമുൻപ് ബോർഡ് നടത്തിയ പാസഞ്ചർ സർവേയിൽ ദുബൈയിലേക്കുള്ള കപ്പൽ സർവീസിനോടാണ് കൂടുതൽപ്പേരും താത്പര്യം പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെയാണ് ഈ സർവീസ് ആദ്യം തുടങ്ങുക.
കേരളത്തിലെ തുറമുഖങ്ങളിൽ കൊച്ചിയിലാണ് വലിയ കപ്പലുകൾക്ക് അടുക്കാനാകുക. ഇക്കാരണങ്ങളാലാണ് കൊച്ചി- ദുബൈ കപ്പൽ സർവീസ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. യാത്രച്ചെലവ് കുറയുമെന്നതും കൂടുതൽ ചരക്കുകൊണ്ടുവരാമെന്നതുമാണ് കപ്പൽസർവീസിന്റെ നേട്ടങ്ങൾ.
0 Comments