NEWS UPDATE

6/recent/ticker-posts

അൻവറിന്റെ 'സൂപ്പർ സൺഡേ' ജനസാഗരം ഇരച്ചെത്തിയ മഞ്ചേരി... അജിത് കുമാറിന്റെ വിക്കറ്റിൽ കിടിലൻ തുടക്കം

മലപ്പുറം: സി.പി.എമ്മിനോട് പിണങ്ങി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള അഥവാ ഡി.എം.കെയുമായി പി.വി. അൻവർ ജനങ്ങള്‍ക്കിടയിലേക്ക് ചുവടുവെച്ചു. ഇനി എൽ.ഡി.എഫ്. സ്വതന്ത്രൻ എന്ന ലേബൽ മാറ്റി ഔദ്യോഗികമായി സ്വന്തം സംഘടനയുടെ ലേബലിൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലേക്ക്. മഞ്ചേരിയിലെ ജസീല ജംങ്ഷനിൽ വെച്ച് പി.വി. അൻവർ ഡിഎംകെയുടെ നയം വിശദീകരിച്ചപ്പോൾ കൈയടികളോടെയായിരുന്നു കൂടി നിന്ന ജനം സ്വീകരിച്ചത്.[www.malabarflash.com]


താൻ ആർക്കെതിരേ ആരോപണം ഉന്നയിച്ചാണോ ഇടതുപക്ഷ മുന്നണിയിൽ നിന്ന് തെറ്റിപ്പിരിയേണ്ടി വന്നത് അതേ ആളുടെ സസ്പെൻഷൻ ഉത്തരവ് സർക്കാർ പുറത്തിറക്കിയ ദിനത്തിലാണ് പി.വി. അൻവറിന്റെ സംഘടനയുടെ ഉദയം എന്നതും ശ്രദ്ധേയമാണ്. തുടക്കം മുതൽക്ക് തന്നെ കേരള പോലീസിനെതിരേയായിരുന്നു പി.വി. അൻവർ എം.എൽ.എ. ആരോപണങ്ങളുമായി രംഗത്തെത്തിയത്. അതിൽ തന്നെ ഏറ്റവും രൂക്ഷമായ വിമർശവും ആരോപണവും ഉന്നയിച്ചത് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെതിരേയാണ്.

ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. ആർ. എസ്.എസ്. നേതാക്കളെ വിവിധയിടങ്ങളിൽ വെച്ച് അനൗദ്യോഗികമായി കണ്ടെന്നും തൃശ്ശൂർപ്പൂരം കലക്കിയതിനു പിന്നിൽ എ.ഡി.ജി.പിക്ക് പങ്കുണ്ടെന്നും ബി.ജെ.പിക്ക് കേരളത്തിൽ നിന്ന് ലോക്സഭാ സീറ്റ് നൽകാൻ അജിത് കുമാർ ഇടപെട്ടെന്നും ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എന്നാൽ നടപടി ഉണ്ടായില്ല. പിന്നെ പത്രസമ്മേളനങ്ങൾ വഴി തന്റെ ആരോപണങ്ങൾ ശക്തമാക്കി. മാമി തിരോധാനക്കേസ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ ദിനേന പത്രസമ്മേളനങ്ങൾ വിളിച്ചു. വൻ ജനസ്വീകാര്യതയാണ് ഈ ദിനങ്ങളിൽ പി.വി. അൻവറിന് ലഭിച്ചു കൊണ്ടിരുന്നത്. താൻ ഉന്നയിച്ച ആരോപണങ്ങളുടെ വിശ്വാസ്യതയ്ക്കായി റെക്കോർഡ് ചെയ്ത ഫോൺ കോളുകളടക്കം പുറത്തുവിട്ടു.

പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഓരോന്നോരോന്നായി നടപടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. എസ്.പി. സുജിത് ദാസിനെതിരേ സർക്കാർ നടപടിയെടുത്തു. പോലീസ് തലങ്ങളിൽ മാറ്റം കൊണ്ടുവന്നു. ഇപ്പോൾ എ.ഡി.ജി.പിക്കെതിരേയും നടപടി ഉണ്ടായിരിക്കുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരേയും പി.വി. അൻവർ ആരോപണം ഉന്നയിച്ചിരുന്നു. ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരേ പി.വി. അൻവർ വിമർശനങ്ങളൊന്നും ഉന്നയിച്ചിരുന്നില്ല. കാര്യങ്ങളൊന്നും മുഖ്യമന്ത്രിയുടെ അടുത്ത് എത്തുന്നില്ല എന്നായിരുന്നു തുടക്കത്തിൽ അൻവർ പറഞ്ഞിരുന്നത്. എന്നാൽ ഒരുവേള സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യത്തിൽ പി.വി. അൻവറിനെ മുഖ്യമന്ത്രി സംശയനിഴലിൽ നിർത്തിയതോടെയാണ്, അൻവർ മുന്നണിയിൽ നിന്ന് തന്നെ വിട്ടുപിരിയേണ്ട സാഹചര്യം ഉണ്ടാകുന്നത്.

കഴിഞ്ഞ ഞായറാഴ്ച അതായത് സെപ്റ്റംബർ 29-നായിരുന്നു അൻവർ നിലമ്പൂരിൽ വെച്ച് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. പാർട്ടിയുമായുള്ള ബന്ധം അവസാനിച്ചതിനു പിന്നാലെയാണ് അൻവറിന്റെ വിശദീകരണ യോഗം. ഇപ്പോൾ ഒരാഴ്ച പിന്നിട്ട് മറ്റൊരു ഞായറാഴ്ച അദ്ദേഹം സംഘടനയ്ക്ക് രൂപീകരണം നൽകിയിരിക്കുന്നു. ഒപ്പം അദ്ദേഹം ഉന്നയിച്ച ശക്തമായ ആരോപണങ്ങളിൽ ഒന്നിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയും ഉണ്ടായിരിക്കുന്നു.

Post a Comment

0 Comments