ഗെയിം ജീവിതത്തിന്റെ ഭാഗമായ നിരവധി പേരുണ്ട്. അതും സോണിയുടെ പ്ലേ സ്റ്റേഷൻ ഉപയോഗിച്ച് ഗെയിം കളിക്കുന്ന നിരവധി പേർ ഇന്ത്യയിൽ തന്നെയുണ്ട്. പ്ലേ സ്റ്റേഷന്റെ പുതിയ ഓരോ പതിപ്പുകളും ചൂടപ്പം പോലെയാണ് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽ വിറ്റുപോകുന്നത്. എന്നാൽ ഇന്ത്യയിലെ പി എസ് ആരാധകർക്ക് നിരാശയുണ്ടാക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.[www.malabarflash.com]
സോണിയുടെ പ്ലേസ്റ്റേഷൻ 5 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ല. പ്ലേസ്റ്റേഷൻ 5 പ്രോയിൽ കൺസോൾ Wi-Fi 7 ആണ് ഉപയോഗിക്കുന്നത്. ഇതിന് 6GHz ബാൻഡ് ആവശ്യമാണ്. എന്നാൽ ഇന്ത്യയിൽ നിലവിൽ ഐ എസ് ആർ ഒ മാത്രമാണ് ഈ ബാൻഡ് വിഡ്ത്ത് ഉപയോഗിക്കുന്നത്. വാണിജ്യ ഉപയോഗത്തിനായി ഇതുവരെ 6GHz ബാൻഡ് ഇന്ത്യയിൽ ഉപയോഗിച്ചിട്ടില്ല.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ സ്‌പെക്ട്രം ബാൻഡുകൾ പിഎസ് 5 പ്രോയ്ക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ഈ കാരണങ്ങൾ കൊണ്ട് ഇന്ത്യയിൽ സമീപകാലത്ത് പ്ലേസ്റ്റേഷൻ 5 പ്രോ ഗെയിമിംഗ് കൺസോൾ 6GHz വയർലെസ് ബാൻഡ് ഇതുവരെ അനുവദിച്ചിട്ടില്ലാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ ലഭ്യമാകില്ലെന്ന് സോണി വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ 6GHz ബാൻഡ് ഉപയോഗിക്കുന്നതിനായി ടെലികോം സേവനദാതാക്കളും ടെക് കമ്പനികളും തമ്മിൽ തർക്കം നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടാണ് 6GHz ബാൻഡ് വാണിജ്യവശ്യത്തിന് നൽകുന്നതിന് തീരുമാനമാവാത്തത്. ടെലികോം ഓപ്പറേറ്റർമാർ 6GHz ബാൻഡ് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കായി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആമസോൺ, ഗൂഗിൾ, മെറ്റ തുടങ്ങിയ വമ്പൻ ടെക് കമ്പനികളും റൂട്ടർ നിർമ്മാതാക്കളും വൈ-ഫൈ സേവനങ്ങളിൽ ഉപയോഗിക്കുന്നതിന് അതിന്റെ ഡിലിസെൻസിങ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവിൽ ഇന്ത്യയിൽ 2.5GHz, 5GHz ബാൻഡുകളിലാണ് വൈഫൈ സേവനങ്ങൾ ലഭ്യമാകുന്നത്.
0 Comments