NEWS UPDATE

6/recent/ticker-posts

സഫിയ വധക്കേസ്: 18 വർഷം മുൻപ് കൊല്ലപ്പെട്ട മകളുടെ ശേഷിപ്പ് ഇന്ന് മാതാപിതാക്കൾ ഏറ്റുവാങ്ങും; അയ്യങ്കേരി മൊഹിയുദ്ദീന്‍ പഴയ പള്ളി അങ്കണത്തില്‍കബറടക്കം

കാസർകോട്: സിവിൽ നിർമാണ കരാറുകാരന്റെ വീട്ടിൽ ജോലിക്കു നിൽക്കുമ്പോൾ 18 വർഷം മുൻപ് ഗോവയിൽ കൊല്ലപ്പെട്ട മകളുടെ തലയോട്ടി മാതാപിതാക്കൾ തിങ്കളാഴ്ച  ജില്ലാ കോടതിയിൽ നിന്ന് ഏറ്റുവാങ്ങും.[www.malabarflash.com] 

2006 ഡിസംബറിൽ കൊല്ലപ്പെട്ട സഫിയ(14)യുടെ അസ്ഥികൂടം 2008 ജൂൺ 5നാണ് ഗോവയിൽ ഡാം നിർമാണ സ്ഥലത്തു നിന്നു പുറത്തെടുത്തു കോടതിയിൽ തെളിവായി നൽകിയത്. കേസിൽ പ്രധാനപ്രതി ഗൃഹനാഥനും കരാറുകാരനുമായ കാസർകോട് മുളിയാർ മാസ്തിക്കുണ്ട് സ്വദേശി കെ.സി.ഹംസയ്ക്ക് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ അപ്പീലിൽ ഹൈക്കോടതി ജീവപര്യന്തമാക്കി കുറയ്ക്കുകയായിരുന്നു. 

അപ്പീൽ വിധി കഴിഞ്ഞതിനെത്തുടർന്നാണ് തങ്ങളുടെ മകളുടെ ശേഷിപ്പ് മതാചാരപ്രകാരം അടക്കം ചെയ്യുന്നതിന് വിട്ടു കിട്ടണമെന്ന അപേക്ഷയുമായി പിതാവ് കുടക് അയ്യങ്കേരി മൊയ്തുവും മാതാവ് ആയിഷയും കോടതിയെ സമീപിച്ച് അനുമതി നേടിയത്.

കോടതിയിൽ നിന്ന് വിട്ടുകിട്ടുന്ന മകളുടെ അസ്ഥികൂടം കബറടക്കം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളിലാണ് ഇവർ. അയ്യങ്കേരി മൊഹിയുദ്ദീൻ ജുമാമസ്ജിദ് പഴയ പള്ളി അങ്കണത്തിലാണ് കബറടക്കം. കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ഏറ്റുവാങ്ങിയ ശേഷം അന്നു തന്നെ അടക്കം ചെയ്യാനുള്ള സൗകര്യം ചെയ്യാമെന്ന് പള്ളി ഖത്തീബ് യൂനുസ് മർസൂഖി, പള്ളി കമ്മിറ്റി പ്രസിഡന്റ് അബ്ദു‍ൽ ഖാദർ എന്നിവർ ഇവരെ അറിയിച്ചിട്ടുണ്ട്. 

കബറടക്കത്തിനു മുൻപായുള്ള ശുദ്ധി വരുത്തൽ കർമങ്ങൾ തളങ്കര മാലിക്ദീനാ‍ർ പള്ളിയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. കോടതിയിൽ നിന്ന് ശേഷിപ്പ് ഏറ്റുവാങ്ങാൻ സഫിയയുടെ കൂടപ്പിറപ്പ് കോഴിക്കോട് ജോലിയിലുള്ള മുഹമ്മദ് അൽത്താഫും എത്തും.

വിശ്വാസ ആചാരപ്രകാരം അന്ത്യകർമങ്ങൾ ചെയ്യണമെന്നണ് ആഗ്രഹമെന്ന് സഫിയയുടെ മാതാവ് ആയിഷ  പറ‍ഞ്ഞു. കാണാനില്ലെന്നു വീട്ടുടമ അറിയിച്ച സഫിയ കൊല്ലപ്പെട്ടതാണെന്നു കണ്ടെത്താനും ജീവനോടെയല്ലെങ്കിലും ഇപ്പോൾ ശരീര ശേഷിപ്പ് ലഭിക്കാനും ആക്ഷൻ കമ്മിറ്റിയുടെയും മാധ്യമ പ്രവർത്തകരുടെയും നിരന്തരമായ ഇടപെടൽ സഹായമായെന്ന് മൊയ്തുവും ആയിഷയും പറഞ്ഞു. 

6 മക്കളിൽ മൂത്തവളായിരുന്നു സഫിയ. മറ്റു മക്കളായ അബ്ദുൽ അസീബ് ബെംഗളൂരുവിൽ സൂപ്പർ മാർക്കറ്റിലും മുഹമ്മദ് അൽത്താഫ് കോഴിക്കോടും ജോലി ചെയ്യുന്നു. നിഷാഹ് അബൂ മലപ്പുറത്ത് മത പഠനത്തിലാണ്. ഇളയ മകൻ അഫ്സഫ്, അർഷാന എന്നിവർ സ്കൂൾ വിദ്യാർഥികളാണ്. കാപ്പിത്തോട്ടത്തിൽ ജോലി ചെയ്താണ് പിതാവ് മൊയ്തു (62) കുടുംബത്തിന്റെ ഉപജീവനം നടത്തുന്നത്. മകൾ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സമാശ്വാസ സഹായമൊന്നും ഈ കുടുംബത്തിന് കിട്ടിയിട്ടില്ല.

Post a Comment

0 Comments