കാഞ്ഞങ്ങാട്: കുടയും ചോക്കും പാവയും പായയും മുതല്‍ ചവുട്ടി വരെ നിര്‍മിച്ച് കാഞ്ഞങ്ങാട് 'ദുര്‍ഗ'യിലെ കുട്ടികള്‍ ഒരിക്കല്‍ കൂടി തിളങ്ങി. സംസ്ഥാന ശാസ്ത്രോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരാണ് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഈ സ്‌കൂളിലേക്ക് ഓവറോള്‍ കീരിടമെത്തുന്നത്. 140 പോയന്റോടെയാണ് നേട്ടം.[www.malabarflash.com]
പ്രവൃത്തി പരിചയ മേളയില്‍ 71 പോയിന്റ് നേടി ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 59 പേയിന്റ് നേടി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയാണ് ഓവറോള്‍പ്പട്ടത്തിലേക്ക് 'ദുര്‍ഗ'യെത്തിയത്.
പ്രവൃത്തി പരിചയ മേളയില്‍ സംസ്ഥാനതലത്തില്‍ ഏഴു തവണ ഒന്നാം സ്ഥാനം നേടിയ സ്‌കൂളാണിത്. ജില്ലാ സ്‌കൂള്‍ ശാസ്ത്രോത്സവത്തില്‍ തുടര്‍ച്ചയായി 20-ാം വര്‍ഷവും ഓവറോള്‍ കിരീടമണിഞ്ഞാണ് 'ദുര്‍ഗ'യുടെ മക്കള്‍ ആലപ്പുഴയിലേക്കു പോയത്. 26 എ ഗ്രേഡാണ് സംസ്ഥാന മേളയില്‍ കൊയ്തത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗം പാവ നിര്‍മാണത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നേഹാ സുരേഷ് ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഈ മിടുക്കിയുടെ നേട്ടം. ഹൈസ്‌ക്കൂള്‍ വിഭാഗം കുട നിര്‍മാണത്തില്‍ ഒന്‍പതാംതരത്തിലെ എം. കീര്‍ത്തന രണ്ടാം സ്ഥാനവും ചോക്ക് നിര്‍മാണത്തില്‍ എട്ടാംതരത്തിലെ ആദ്യകല്ല്യാണിയും കുട നിര്‍മാണത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥി പി.അഭിഷേകും മൂന്നാം സ്ഥാനവും നേടി. കുട നിര്‍മാണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായിരുന്നു അഭിഷേക്.
ജൂണ്‍ മുതല്‍ നടത്തിയ ചിട്ടയായ പരിശീലനമാണ് 'ദുര്‍ഗ'യിലെ മത്സരാര്‍ഥികളെ വിജയത്തിലെത്തിച്ചത്. അധ്യാപിക ടി.പി.സപ്നയാണ് കോര്‍ഡിനേറ്റര്‍. പി.കൃഷ്ണപ്രസാദ്, എം. ശരണ്യ, പി.കെ.ദിവ്യ എന്നിവരും കുടയുണ്ടാക്കാന്‍ കുട്ടികളെ പഠിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി കെ.വി.വിഷ്ണുവും കോര്‍ഡിനേറ്റര്‍ക്കും കുട്ടികള്‍ക്കൊപ്പം മന്ത്രി സജി ചെറിയാനില്‍ നിന്നു ഓവറോള്‍ കിരീടം ഏറ്റുവാങ്ങി.
0 Comments