അതിരാവിലെ ഉണര്‍ന്ന ഡ്രൂ ക്രസന്റെ, തന്റെ ഫോണില്‍ വന്ന ഗൂഗിള്‍ അലെര്‍ട്ട് കണ്ട് ഒന്ന് ഞെട്ടി! 18 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട മകള്‍ ജെന്നിഫര്‍ അതാ ഓണ്‍ലൈനില്‍. സാന്‍ഫ്രാന്‍സിസ്‌കോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എ.ഐ. ചാറ്റ്‌ബോട്ടായ കാരക്ടര്‍.എ.ഐ.യിലാണ് മകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രൊഫൈലില്‍ അവളുടെ മുഴുവന്‍പേരുമുണ്ട്. വീഡിയോ ഗെയിം ജേണലിസ്റ്റ്, എക്‌സ്‌പേര്‍ട്ട് ഇന്‍ ടെക്‌നോളജി, പോപ്പ് കള്‍ച്ചര്‍, ജേണലിസം എന്ന് ബയോ ആയും നല്‍കിയിരിക്കുന്നു.[www.malabarflash.com]
2006-ല്‍ ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കേ, മുന്‍ ആണ്‍സുഹൃത്തിനാല്‍ കൊല്ലപ്പെട്ടവളാണ് അവള്‍. ആ ജെന്നിഫറാണിപ്പോള്‍ ചാറ്റ്‌ബോട്ടില്‍ സംവദിക്കാന്‍ ക്ഷണിച്ചുകൊണ്ട് വന്നിരിക്കുന്നത്. സംഭവം എ.ഐ.യാണ്. പക്ഷേ, രാവിലെ ഉണര്‍ന്ന മാത്രയില്‍ത്തന്നെ, ഒട്ടും പ്രതീക്ഷിക്കാതെ അവളെക്കണ്ടപ്പോള്‍ അച്ഛനൊന്ന് കണ്ണുതിരുമ്മാതിരുന്നില്ല. യാഥാര്‍ഥ്യം മനസ്സിലായതോടെയാണ് ശ്വാസം നേരെ വീണത്.
കാരക്ടര്‍ എ.ഐ.യില്‍ ചാറ്റ്‌ബോട്ട് നിര്‍മിക്കാന്‍ ജെന്നിഫറുടെ പേരും ചിത്രവും ഉപയോഗപ്പെടുത്തുകയായിരുന്നു. എ.ഐ. നിര്‍മിക്കുന്ന വ്യക്തിത്വങ്ങളുമായി സംവദിക്കാനാവുന്ന പ്ലാറ്റ്‌ഫോമാണ് കാരക്ടര്‍ എ.ഐ. അച്ഛന്‍ ഡ്രൂ ക്രസന്റെയുടെ സമ്മതം വാങ്ങിയിട്ടല്ല ജെന്നിഫറുടെ പേരില്‍ ഈ ചാറ്റ്‌ബോട്ട് നിര്‍മിച്ചത്. അതിനാല്‍ത്തന്നെ വിഷയം പൊതുശ്രദ്ധയില്‍ ഉണര്‍ത്തിയതോടെ ചാറ്റ്‌ബോട്ട് നീക്കം ചെയ്തു. പക്ഷേ, എ.ഐ. ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങളുടെ ഒരു തലം ചൂണ്ടിക്കാണിക്കുന്നുണ്ട് ഈ വിഷയം. ഡിലീറ്റ് ചെയ്‌തെങ്കിലും, അതിനകംതന്നെ നിരവധിപേര്‍ ജെന്നിഫറിനോട് ചാറ്റ് ചെയ്തിരുന്നു.
2006-ല്‍ മുന്‍ കാമുകന്‍ കാടിനകത്തേക്ക് കൊണ്ടുപോയി ജെന്നിഫറിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ആ സംഭവം ക്രസന്റെയെ തെല്ലൊന്നുമല്ല ഉലച്ചത്. മകളുടെ ഓര്‍മയ്ക്കായി അവളുടെ പേരില്‍ കൗമാരക്കാരിലെ ഡേറ്റിങ് അവബോധം സൃഷ്ടിക്കുന്നതിനായി, ഒരു ലാഭേച്ഛയുമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനം തുടങ്ങി. കൊല്ലപ്പെട്ട അന്നുതൊട്ടേ മകള്‍ ഒരു നീറ്റലായി ഉള്ളിലുണ്ട്. ആ ഭയാനകമായ ആഘാതത്തെ ഒരിക്കല്‍ക്കൂടി അതിതീവ്രമായി അഭിമുഖീകരിക്കേണ്ടിവന്നതിന്റെ സങ്കടത്തിലാണ് അദ്ദേഹം.
ചാറ്റ്‌ബോട്ട് നിര്‍മിച്ചത് ആരാണെന്നോ എപ്പോഴാണെന്നോ ക്രെസന്റയ്ക്ക് അറിയില്ല. എന്നാല്‍ മകളുടെ പ്രൊഫൈല്‍വെച്ച് എഴുപതോളം ചാറ്റുകള്‍ നടത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ പിതാവ്. അതിനായി കാരക്ടര്‍ എ.ഐ.യുമായി ബന്ധപ്പെട്ടിട്ടുണ്ട്.
0 Comments