കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചിത്താരിയിലെ മുഹമ്മദ് റിയാസ് (31) ആണ് പിടിയിലായത്.[wwwmalabarflash.com]
ചൊവ്വാഴ്ച ഉച്ചക്ക് കാഞ്ഞങ്ങാടുനിന്ന് റെയിൽവേ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിൻ കഴിഞ്ഞ ദിവസം പുലർച്ചെ കാഞ്ഞങ്ങാട്ട് എത്തിയ സമയത്താണ് കല്ലേറുണ്ടായത്.
ട്രെയിനിന്റെ പിറകിലെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന കൊല്ലം കണിച്ചുകുളങ്ങരയിലെ മുരളീധരന് (63) കല്ലേറിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. നീലേശ്വരത്തെ ആശുപത്രിയിൽ ചികിത്സ തേടിയ മുരളീധരന്റെ പരാതിയിൽ കാസർകോട് പോലീസ് വധശ്രമത്തിനാണ് കേസെടുത്തത്.
കാസർകോട് റെയിൽവേ ഇൻസ്പെക്ടർ റെജികുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രകാശൻ, സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഇല്യാസ്, സി.പി.ഒ ജ്യോതിഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ പ്രദീപൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ കുടുക്കിയത്. നൂറോളം സി.സി.ടി.വി കാമറകളും നിരവധി മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചതിനുശേഷമാണ് പ്രതിയെ തിരിച്ചറിയാനായത്. നിരവധി കേസുകളിൽ പ്രതിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
0 Comments