NEWS UPDATE

6/recent/ticker-posts

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണവും നാലര കിലോയിലധികം സ്വര്‍ണം കാണാതായ കേസ്; അന്വേഷണത്തിന് പുതു ജീവന്‍

പള്ളിക്കര: പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്മയിലെ എം.സി.അബ്ദുല്‍ ഗഫൂറിന്‍റെ( 55) മരണവും നാലര കിലോയിലധികം സ്വര്‍ണം കാണാതായതുമായ കേസിൻ്റെ അന്വേഷണത്തിന് പുതു ജീവന്‍.[www.malabarflash.com]

ഗഫൂറിന്‍റെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികളാണ് അന്വേഷണ സംഘം ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നതെന്നാണ് കർമസമിതിക്ക് ലഭിച്ച വിവരം.ഇതിന്‍റെ ഭാഗമായി ജില്ലയിലെ ചില കച്ചവടക്കാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.2023 ഏപ്രിൽ 14- ന് നടന്ന സംഭവത്തില്‍ ഇപ്പോള്‍ അന്വേഷണം നടത്തുന്നത് 

ജില്ലാ പോലീസ് മേധാവി ഡി. ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ജെ.ജോൺസൺൻ്റെയും ബേക്കല്‍ ഇൻസ്പെക്ടർ കെ.പി. ഷൈൻ്റെയും നേതൃത്വത്തിലുള്ള 11 അംഗ സംഘമാണ്.
ഈ കേസ് ഇവരിലൂടെ തെളിയുമെന്ന പ്രതീക്ഷയിലാണ് ഗഫൂറിന്‍റെ കുടുംബാംഗങ്ങളും കർമസമിതിയും നാട്ടുകാരും.പോലീസ് സംഘം 40-ഓളം പേരെ ചോദ്യം ചെയ്തു.

പിതാവിന്‍റെ മരണത്തിലും, ആഭരണങ്ങൾ കാണാതായതിന് പിന്നിലും അഭിചാര ക്രീയ നടത്തുന്ന ഒരു യുവതിയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂറിൻ്റെ മകൻ ബേക്കല്‍ പോലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലുണ്ട്. ഈ യുവതിയുടെ സഹായികളായി പ്രവർത്തിക്കുന്ന ചിലരുടെ ബാങ്ക് അക്കൗണ്ടുകളിൽ വലിയ
തുക നിക്ഷേപം വന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്‍റെ സ്രോതസ് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

അതിനിടെ ചോദ്യം ചെയ്യലിൻ്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ത്തി മന്ത്രവാദിനിയുടെ സഹായികള്‍ അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചുവെന്ന് കർമസമിതി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വീഡിയോ ചിത്രീകരണ മടക്കം സുപ്രീം കോടതിയുടെ മാർഗ നിർദേശങ്ങൾ പാലിച്ചാണ് സംശയമുള്ളവരെ ചോദ്യം ചെയ്യുന്നതെന്ന് സ്ഥാപിച്ച് പോലീസ് ഇത്തരം ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്തു.

വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സഹായികളിൽ ചിലർ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ അടച്ച് വാഹന വായ്പ തീര്‍ത്തതും അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്.മന്ത്രവാദിനിയുടെ സംഘത്തിലുള്ള ചിലരുടെ ഫോൺ ലൊക്കേഷൻ സംഭവ ദിവസം പൂച്ചക്കാട് പ്രദേശത്ത് കണ്ടെത്തിയതും അന്വേഷിക്കുന്നുണ്ട്. മരിച്ചയാളും മന്ത്രവാദിനിയും തമ്മിൽ കൈമാറിയ വാട്സാപ്പ് സന്ദേശങ്ങളും പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

നഷ്ടപ്പെട്ട 596 പവൻ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികളാണ് അന്വേഷണ സംഘം ഇപ്പോൾ നടത്തുന്നതെന്നാണ് കർമസമിതിക്ക് ലഭിച്ച വിവരം.മരിച്ച ഗഫൂറില്‍ നിന്നും മന്ത്രവാദിനിയായ യുവതി 10 ലക്ഷം രൂപയും സ്വർണാഭരണങ്ങളും നേരത്തെ കൈപ്പറ്റിയതിൻ്റെ രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

മന്ത്രിച്ച തകിടിന് അരലക്ഷത്തിലധികം
സ്വർണ നിറമുള്ള ഈയ കടലാസിലെഴുതിയ അറബി മന്ത്രത്തകിടിന് ഇരയില്‍ നിന്നും ഈ സംഘം 55000 രൂപ ഈടാക്കിയിരുന്ന വിവരവും പോലീസ് ശേഖരിച്ചിട്ടുണ്ട്. മന്ത്രവാദിനിക്ക് നേരത്തെ തന്നെ ക്രിമിനൽ
പശ്ചാത്തലം ഉള്ളതായും പോലീസ് കണ്ടെത്തി.ഒരാളെ ഹണിട്രാപ്പിൽപ്പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ 14 ദിവസം ജയിലിൽ കിടന്നയാളാണ് ഇപ്പോള്‍ അഭിചാരക്രീയയുടെ പിന്നിലുള്ളതെന്ന വിവരവും കേസിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. 

മന്ത്രവാദവും കൂടോത്രം കുഴിച്ചെടുക്കലും മന്ത്ര
തകിട് കെട്ടുന്നതുമൊക്കെ പാതിരാത്രിയിലാണ് അരങ്ങേറുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മലയാളം സംസാരിക്കുന്ന കർണാടകകാരിയായ പാത്തുട്ടി എന്ന പെൺകുട്ടിയുടെ ആത്മാവ് പ്രവേശിച്ച് മന്ത്രവാദിനി
ഉറഞ്ഞു തുള്ളി പരിഹാരക്രീയകൾ നിർദ്ദേശിക്കും.അഭിചാരക്രീയ കഴിയുമ്പോള്‍ തട്ടിപ്പ് സംഘം ഇരയിൽ നിന്നും സ്വർണാഭരണങ്ങൾ അടക്കം ലക്ഷങ്ങൾ കൈക്കലാക്കി കഴിഞ്ഞിരിക്കുമെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
 
കേസിന്‍റെ നാള്‍ വഴി
ഗൾഫില്‍ നിരവധി സൂപ്പർ മാർക്കറ്റുകളും മറ്റ് സംരംഭങ്ങളും ഉള്ള ജീവകാരുണ്യ പ്രവര്‍ത്തകനും ആയ ഗഫൂറിനെ പുണ്യ മാസത്തിലെ 25-)0 നാള്‍ വെള്ളിയാഴ്ച(2023 ഏപ്രില്‍ 14) പുലര്‍ച്ചെ വീട്ടില്‍ മാറ്റാരുമില്ലാത്ത രാത്രിയില്‍
മരിച്ച നിലയില്‍ കണ്ടെത്തി. പുണ്യ മാസത്തിലെ 25-)0 നാളിലെ മരണമായതിനാല്‍ മറ്റൊന്നും ചിന്തിക്കാതെ അന്ന് തന്നെ കബറടക്കം.
പിറ്റേന്ന് മുതല്‍ ഗഫൂര്‍ വായ്പ വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷിച്ച് ബന്ധുക്കള്‍ വീട്ടിലേക്ക് എത്തുന്നു. കണക്കെടുത്തപ്പോള്‍ 12 ബന്ധുക്കളില്‍നിന്ന് ആകെ 596 പവന്‍ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുന്നു. പന്തികേട് തിരിച്ചറിഞ്ഞ് മകന്‍ മകൻ മുസമ്മിൽ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി. ബേക്കൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നു. 023 എപ്രില്‍ 27-ന് കബറിടത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു.

2023 എപ്രില്‍ 28-ന് നാട്ടുകാര്‍ കര്‍മ സമിതി രൂപവത്ക്കരിച്ചു. 2023 മെയ് 24-ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ.യുടെ നേതൃത്വത്തില്‍ കര്‍മ സമിതി പൂച്ചക്കാട്‌ സായഹ്ന സദസ് നടത്തി. 2023 ജൂണ്‍ എട്ടിന് 10000 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും നേരില്‍ സമര്‍പ്പിച്ചു.
ജില്ലയിലെത്തിയ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പൂച്ചക്കാട്ടെ വീട്ടിലെത്തി ഉറപ്പ് നല്‍കുന്നു. 2024 ജനുവരി 23-ന് ബേക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ കര്‍മ സമിതിയുടെ ധര്‍ണ,10 പേര്‍ക്കെതിരെ കേസ്. 2024 മാര്‍ച്ച് അഞ്ചിന് ബേക്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ അമ്മമാരുടെ കണ്ണീര്‍ സമരം .പങ്കെടുത്തവര്‍ക്കെതിരെ കേസ്. 

അന്വേഷണം ശരിയായയി നടക്കുന്നു
 സുകുമാരൻ പൂച്ചക്കാട് (കൺവീനർ ഗഫൂർ ഹാജി കർമ സമിതി)

ശരിയായ രീതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത് സംശയം ഉള്ളവര്‍ക്കെതിരെ നിരവധി തെളിവുകള്‍ ഉണ്ടായിട്ടും അവരെ നേരത്തെ ചോദ്യം ചെയ്തിരുന്നത് അന്വേഷണം നീണ്ടു പോകാന്‍ കാരണമായെന്ന
ആക്ഷേപം നാട്ടുകാര്‍ക്കുണ്ട്. 596 പവൻ ആഭരണങ്ങള്‍ എവിടെ പോയെന്നു കണ്ടെത്തുന്നത്തിനൊപ്പം സംശയിക്കുന്നവരുടെ ഉന്നത തല ബന്ധവും കൂടി അന്വേഷിക്കണം

Post a Comment

0 Comments