NEWS UPDATE

6/recent/ticker-posts

ഖുർആൻ കത്തിച്ചയാളെ റഷ്യന്‍ കോടതി 14 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു

ഖുർആൻ കത്തിച്ചതിന് പിടിയിലായ യുക്രെയിന്‍ അനുകൂലിയായ നികിത ഷുറവേലിനെ വോള്‍ഗോഗ്രാഡ് റീജിയണല്‍ കോടതി രാജ്യദ്രോഹക്കുറ്റം ചുമത്തി 14 വര്‍ഷം തടവിന് ശിക്ഷിച്ചു. പ്രാദേശിക കോടതികളുടെ സംയുക്ത വാര്‍ത്താകുറിപ്പ് ഉദ്ധരിച്ച് റഷ്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.[www.malabarflash.com] 

2023 മെയ് 4ന് തെക്കന്‍ റഷ്യയിലെ വോള്‍ഗോഗ്രാഡ് നഗരത്തിലെ ഒരു പള്ളിക്ക് മുന്നില്‍ വെച്ച് ഈ 20-കാരന്‍ മുസ്ലീം വിശുദ്ധ ഗ്രന്ഥം പരസ്യമായി കത്തിക്കുകയും പിന്നീട് ഈ പ്രവൃത്തിയുടെ വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ഉടന്‍ തന്നെ റഷ്യന്‍ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ യുക്രെയിന്‍ സ്‌പെഷ്യല്‍ സര്‍വീസുകളുടെ നിര്‍ദ്ദേശപ്രകാരം പണത്തിനായാണ് ഇങ്ങനെ ചെയ്തതെന്നാണ് നികിത ഷുറവേല്‍ സമ്മതിച്ചിരുന്നത്.

10,000 റൂബിള്‍സ് ($ 96) നല്‍കാമെന്നായിരുന്നുവത്രെ വാഗ്ദാനം. റഷ്യ – യുക്രെയിന്‍ സംഘര്‍ഷം നടക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിദ്വേഷം വളര്‍ത്തി രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതായിരുന്നു വീഡിയോയുടെ ലക്ഷ്യമെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 

റഷ്യന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത ഷുറവേലിനെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി ചെചെന്‍ റിപ്പബ്ലിക്കിലേക്കാണ് മാറ്റിയിരുന്നത്. യുക്രെയിന്റെ പ്രത്യേക സേവനങ്ങളുടെ പ്രതിനിധിയുമായി ഈ യുവാവ് കത്തിടപാടുകള്‍ നടത്തുകയും റഷ്യന്‍ ഫെഡറേഷന്റെ സുരക്ഷയ്ക്ക് എതിരായ ചുമതലകള്‍ നിര്‍വഹിക്കുകയും ചെയ്തുവെന്നും വോള്‍ഗോഗ്രാഡ് കോടതി ശിക്ഷാവിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അന്വേഷണ ഏജന്‍സി പറയുന്നതനുസരിച്ച് ഖുർആന്‍ കത്തിക്കുന്നത് കൂടാതെ, സൈനിക ഉപകരണങ്ങള്‍ വഹിക്കുന്ന റഷ്യന്‍ ട്രെയിനിന്റെയും സൈനിക വിമാനങ്ങള്‍ ഉള്‍പ്പെടെ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനങ്ങളുടെ ചലനത്തെക്കുറിച്ചുള്ള ഡാറ്റകളുടെ വീഡിയോ റെക്കോര്‍ഡിംഗും ഷുറവേല്‍ തന്റെ യുക്രെനിയന്‍ ഹാന്‍ഡ്ലര്‍മാര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത് ഈ കാരണത്താലാണ്. രണ്ട് സംഭവങ്ങള്‍ക്കും ചേര്‍ത്താണ് 14 വര്‍ഷത്തെ തടവിന് പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്.

Post a Comment

0 Comments