വാറങ്കൽ: എസ്ബിഐയിൽ നിന്ന് ഇടപാടുകാർ പണയം വച്ച 19 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 2.52 കിലോഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ഉത്തർപ്രദേശ് സ്വദേശി അർഷാദ് അൻസാരി, ബോളി ഖാൻ എന്ന ഷക്കീർ ഖാൻ, ഹിമാൻഷു ബിഗാം ചന്ദ് എന്നിവരെയാണ് പിടിയിലായത്.[www.malabarflash.com]
തെലങ്കാനയിലെ വാറങ്കലിലെ റായപാർഥിയിലെ എസ്ബിഐ ശാഖയിലാണ് വൻ മോഷണം നടന്നത്. 19 കിലോ സ്വർണാഭരണങ്ങളും 13.61 കോടിയോളം രൂപയും മോഷ്ടാക്കൾ കവർന്നു. ഉത്തർപ്രദേശും മഹാരാഷ്ട്രയും കേന്ദ്രീകരിച്ചുള്ള രണ്ട് സംഘങ്ങളാണ് പല ദിവസങ്ങിളിലായി നിരീക്ഷണം നടത്തി എസ്ബിഐ ശാഖയിൽ കവർച്ച നടത്തിയതെന്ന് പോലീസ് കമ്മീഷണർ അംബർ കിഷോർ പറഞ്ഞു. മോഷണം നടന്ന് 15 ദിവസത്തിനകം പ്രതികളിൽ മൂന്നു പേരെ പോലീസ് പിടികൂടി. ഇവരിൽ നിന്ന് പിടിച്ചെടുത്ത സ്വർണത്തിന്‍റെ മൂല്യം 1.84 കോടി രൂപയാണ്. നവാബ് ഹസൻ, അക്ഷയ് ഗജാനൻ അംബോർ, സാഗർ ഭാസ്കർ ഗൗർ, സാജിദ് ഖാൻ എന്നിവരെയാണ് ഇനി പിടികൂടാനുള്ളതെന്ന് കമ്മീഷണർ അറിയിച്ചു.
ഏഴംഗ സംഘം വാടകയ്ക്കെടുത്ത കാറിലാണ് നവംബർ 18 ന് റായപാർഥിയിലെ എസ്‌ബിഐ ബ്രാഞ്ചിൽ എത്തിയത്. ബാങ്കിന്റെ ഗ്രില്ലുകളും റിയർ ഡോറും ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത ശേഷമാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഇതിന് പിന്നാലെ ലോക്കർ റൂമിലേക്കും ഗ്യാസ് കട്ടർ ഉപയോഗിച്ച് സംഘം കടക്കുകയായിരുന്നു. കവർച്ചക്കാർ സുരക്ഷാ അലാറം പ്രവർത്തനരഹിതമാക്കുകയും സിസിടിവി ക്യാമറകൾ നശിപ്പിക്കുകയും ചെയ്തു. മൂന്ന് ലോക്കറുകൾ കുത്തിത്തുറന്നാണ് സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. ബാങ്കിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡറും (ഡിവിആർ) കൊണ്ടുപോയി. കവർച്ച നടത്തി സംഘം കാറിൽ ഹൈദരാബാദിലേക്കാണ് വിട്ടത്. എന്നിട്ട് മൂന്ന് സംഘങ്ങളായി ഒളിവിൽ പോയി.
രാവിലെ ബാങ്ക് ജീവനക്കാർ ജോലിക്ക് എത്തിയപ്പോഴാണ് വൻ കൊള്ള നടന്നതായി മനസിലാക്കിയത്. മോഷണ വിവരം അറിഞ്ഞ് ബാങ്കിലേക്ക് എത്തിയ ഇടപാടുകാർ വലിയ രീതിയിൽ ബഹളമുണ്ടാക്കി. സംഘത്തിലെ നാല് പേരെ കൂടി കണ്ടെത്തി സ്വർണം തിരിച്ചെടുക്കാനുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.
0 Comments