NEWS UPDATE

6/recent/ticker-posts

തമിഴ്‌നാട്ടില്‍ ആശുപത്രിയില്‍ തീപ്പിടിത്തം; ഏഴുപേര്‍ മരിച്ചു, മരിച്ചവര്‍ ലിഫ്റ്റില്‍ കുടുങ്ങിയവര്‍

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായി ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ലിഫ്റ്റില്‍ ആറുപേര്‍ കുടുങ്ങിക്കിടക്കുന്നുമുണ്ട്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 11.30 പിന്നിടുമ്പോഴും തീപ്പിടിത്തം നിയന്ത്രണവിധേയമായിട്ടില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചിട്ടുണ്ട്. നൂറിലധികം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്.[www.malabarflash.com]


ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളില്‍നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. താഴത്തെ നിലയിലാണ് ആദ്യം തീപ്പിടിച്ചത്. ഇതോടെ പലരും മുകള്‍നിലയിലേക്ക് ഓടിയതായും അതാണ് മരണനിരക്ക് ഉയരാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.

അസ്ഥിരോഗ ചികിത്സയ്ക്ക് ആളുകള്‍ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്. ലിഫ്റ്റില്‍ കുടുങ്ങിയവരും മരിച്ചവരിലുണ്ട്. മൂന്ന് വയസ്സുള്ള കുട്ടിയും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ മരണപ്പെട്ടവരിലുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് ക്യാമ്പുചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Post a Comment

0 Comments