NEWS UPDATE

6/recent/ticker-posts

ഉടമയുടെ കുടുംബാംഗങ്ങള്‍ക്ക് വാഹനം സ്ഥിരമായി ഉപയോഗിക്കാമോ? വാടകയ്ക്കു നല്‍കിയാല്‍ ക‍ുടുങ്ങും

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു വാങ്ങി ഉപയോഗിക്കുന്നവര്‍ക്കും വാടകയ്ക്കു നല്‍കുന്നവര്‍ക്കും മുന്നറിയിപ്പു നല്‍കി മോട്ടര്‍ വാഹന വകുപ്പ്.[www.malabarflash.com]

സ്വകാര്യ വാഹനങ്ങള്‍ അനധികൃതമായി വാടകയ്ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ദുരുപയോഗം തെളിഞ്ഞാല്‍ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നതുള്‍പ്പെടെ ഉടമയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു മുന്നറിയിപ്പു നല്‍കി. കളര്‍കോട് അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പിന്റെ നടപടി.

സ്വകാര്യ വാഹനങ്ങള്‍ മറ്റു വ്യക്തികളുടെ ഉപയോഗത്തിനു പണമോ പ്രതിഫലമോ വാങ്ങി നല്‍കുന്നത് മോട്ടര്‍ വാഹന നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നു വകുപ്പ് വ്യക്തമാക്കി. അനധികൃതമായി വാടകയ്ക്കു നല്‍കുന്ന സ്വകാര്യ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ വകുപ്പ് സ്വീകരിക്കും. വാഹന ഉടമയുടെ കുടുംബാംഗങ്ങള്‍ വാഹനം സ്ഥിരമായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അത്യാവശ്യഘട്ടങ്ങളില്‍ പ്രതിഫലം കൂടാതെ വാഹനം ഉപയോഗിക്കാന്‍ നല്‍കുന്നതിലും തെറ്റില്ല.

എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ സ്ഥിരമായി മറ്റു വ്യക്തികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കുന്നതും സ്ഥിരമായി പല വ്യക്തികളെ വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുന്നതും ശിക്ഷാർഹമാണ്.

സ്വകാര്യ വാഹനങ്ങള്‍ റെന്റ് എ കാര്‍ എന്ന നിലയ്ക്കു വാടകയ്ക്കു നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. എന്നാല്‍ മോട്ടര്‍ വാഹന നിയമപ്രകാരം ‘റെന്റ് എ കാബ്’ എന്ന നിയമാനുസൃത സംവിധാനം വഴി വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ അനുമതിയുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാടകയ്ക്കു നല്‍കാന്‍ ലൈസന്‍സിന് അപേക്ഷിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനത്തിനോ 50ല്‍ കുറയാത്ത ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിക്കണം.

മോട്ടര്‍ ബൈക്ക് വാടകയ്ക്കു നല്‍കുന്നതിനായി 'റെന്റ് എ മോട്ടര്‍ സൈക്കിള്‍' എന്ന സ്‌കീം പ്രകാരമുള്ള ലൈസന്‍സും നിയമപ്രകാരം നേടാവുന്നതാണ്. ഈ ലൈസന്‍സിന് അപേക്ഷിക്കാന്‍ ചുരുങ്ങിയത് അഞ്ച് മോട്ടര്‍ ബൈക്കുകള്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനമായി റജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് വ്യവസ്ഥ. ഇത്തരം വാഹനത്തില്‍ കറുപ്പില്‍ മഞ്ഞ നിറത്തിലാണ് റജിസ്‌ട്രേഷന്‍ നമ്പര്‍ എഴുതേണ്ടത്. റെന്റ് എ ക്യാബ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഇലക്ട്രിക്ക് വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ നമ്പര്‍ പച്ച പ്രതലത്തില്‍ കറുത്ത അക്ഷരത്തില്‍ രേഖപ്പെടുത്തണം.

ഇത്തരം നിയമപരമായ സംവിധാനങ്ങളില്‍ കൂടി അനുവദനീയമായ തരത്തില്‍ വാടകയ്ക്കു നല്‍കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, വാടകയ്ക്ക് വാഹനം ഉപയോഗിക്കുന്നവരുടെ സംരക്ഷണത്തിന് കൂടി കവര്‍ ചെയ്തിട്ടുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉണ്ടായിരിക്കും. ഇത്തരത്തില്‍ പരിശോധിച്ച് ഉറപ്പാക്കിയ വാഹനങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ക്കു വാടകയ്ക്കു നല്‍കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. ജനങ്ങുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം നിയന്ത്രണങ്ങള്‍ എന്നും മോട്ടര്‍ വാഹന വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

കള്ളടാക്‌സി വിഷയത്തില്‍ ശക്തമായി നടപടിയെടുക്കുമെന്നു ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറും മുന്നറിയിപ്പു നല്‍കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പണം വാങ്ങി അനധികൃതമായി ഓടിക്കാന്‍ നല്‍കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കും. ആര്‍സി ഉടമയുടെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മിഷണര്‍ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാന്‍ കൊടുക്കരുതെന്നാണ്. ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നു ഗണേഷ് കുമാര്‍ വ്യക്തമാക്കി.

Post a Comment

0 Comments