NEWS UPDATE

6/recent/ticker-posts

കണ്ണീര്‍ക്കാഴ്ചയായി പടന്നക്കാട് ഐങ്ങോത്തെ അപകടം; സഹോദരങ്ങളുടെ വിയോഗത്തില്‍ നാട് തേങ്ങുന്നു

കാഞ്ഞങ്ങാട്:  ഐങ്ങോത്ത് ദേശീയപാതയില്‍ നക്ഷത്ര ഓഡിറ്റോറിയത്തിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നടന്ന വാഹനാപകടം നാടിനെ കണ്ണീരിലാഴ്ത്തി. ജപ്പാനില്‍ ജോലി ചെയ്യുന്ന നീലേശ്വരം കണിച്ചിറയിലെ ലത്തീഫിന്റെ കുടുംബം സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലത്തീഫിന്റെ മക്കളായ ലഹക് സൈനബ് (12), സൈനുല്‍ റുമാന്‍ (6) എന്നിവരാണ് ദാരുണമായി മരിച്ചത്.[www.malabarflash.com]


അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലത്തീഫിന്റെ ഭാര്യ സുഹ്‌റാബി (40), മക്കളായ ഫാഇസ് അബൂബകര്‍ (20), ഷെറിന്‍ (15), മിസ്ഹബ് (3) എന്നിവരെ കണ്ണൂരിലെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനിലയില്‍ പുരോഗതിക്കായി കുടുംബാംഗങ്ങളും നാട്ടുകാരും പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു. 

ബസ് യാത്രക്കാരായ സൂര്യ, അനില്‍, ഹരിദാസ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാഞ്ഞങ്ങാട് ഐഷാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുഹ്‌റാബിയുടെ സ്വന്തം വീടായ മേല്‍പറമ്പില്‍ നിന്ന് കെഎല്‍ 13 ടി 5355 നമ്പര്‍ നീലേശ്വരം കണിച്ചിറയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. മകന്‍ ഫാഇസ് അബൂബക്കര്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.

കണ്ണൂരിൽ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് എതിര്‍ ദിശയില്‍ നിന്ന് വന്ന കാറുമായി കൂട്ടിയിടിച്ചത്.

കാഞ്ഞങ്ങാട്  നിന്നുള്ള  ഫയര്‍ ഫോഴ്സ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിന്റെ തീവ്രതയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. 

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സഹോദരങ്ങളുടെ അകാലത്തിലുള്ള വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Post a Comment

0 Comments