മംഗളൂരു: സിറ്റി പൊലീസ് കമീഷണറേറ്റ് പരിധിയിൽ പുതുവത്സര ആഘോഷങ്ങൾക്കായി പൊതുതാൽപര്യങ്ങൾ മുൻനിർത്തി മംഗളൂരു പോലീസ് കമീഷണർ അനുപം അഗർവാൾ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ ഹോട്ടലുകളും റസ്റ്റാറന്റുകളും ക്ലബുകളും റിസോർട്ടുകളും മറ്റു സ്ഥാപനങ്ങളും മംഗളൂരു സിറ്റി പോലീസ് കമീഷണറുടെ ഓഫിസിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം.[www.malabarflash.com]
അപേക്ഷകൾ ഈമാസം 23ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. പുതുവത്സര പരിപാടികൾ അർധരാത്രി 12ന് പൂർത്തിയാക്കണം. അതിനുശേഷം പരിപാടി തുടരാനാവില്ല. മുൻകൂർ അനുമതിയില്ലാതെ പുതുവത്സരാഘോഷങ്ങൾ അനുവദിക്കില്ല. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലഭിച്ച ലൈസൻസുകളും അനുമതികളും അനുസരിച്ച് സംഘാടകർ നിയമങ്ങൾ കർശനമായി പാലിക്കണം. കോവിഡ് അല്ലെങ്കിൽ മറ്റ് ആരോഗ്യ സംബന്ധിയായ സർക്കാർ നിർദേശങ്ങൾ നടപ്പാക്കുകയാണെങ്കിൽ, സംഘാടകർ അത് കർശനമായി പാലിക്കണം.
മദ്യം വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും എക്സൈസ് വകുപ്പിന്റെ രേഖാമൂലമുള്ള അനുമതി വാങ്ങണം. പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ, പാർക്കുകൾ, സ്റ്റേഡിയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, മറ്റു പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പുകവലിയും മദ്യപാനവും കർശനമായി നിരോധിച്ചിരിക്കുന്നു.
ശബ്ദ റെക്കോഡിങ് സംവിധാനങ്ങൾ, ഉച്ചഭാഷിണികൾ എന്നിവ ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണം. ശബ്ദ മലിനീകരണ നിയമങ്ങൾ 2000, സുപ്രീംകോടതിയുടെ നിർദേശങ്ങൾ എന്നിവക്ക് അനുസൃതമായിരിക്കണം ശബ്ദനില. ഡി.ജെ കർശനമായി നിരോധിച്ചു.
0 Comments