NEWS UPDATE

6/recent/ticker-posts

ഷാന്‍ വധക്കേസ്; പ്രതികള്‍ ഒളിവില്‍, വീണ്ടും വാറണ്ട് പുറപ്പെടുവിച്ച് കോടതി

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്‍ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍. പ്രതികള്‍ വ്യാഴാഴ്ച കോടതിയില്‍ കീഴടങ്ങാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികളുടെ ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കാന്‍ ആലപ്പുഴ അഡീഷനല്‍ സെഷന്‍സ് കോടതി മൂന്ന് ജഡ്ജി എസ് അജികുമാര്‍ ഉത്തരവിട്ടു. പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങള്‍ കേട്ട ശേഷം തുടര്‍ നടപടിക്കായി കേസ് അടുത്ത മാസം ഏഴിലേയ്ക്ക് മാറ്റി.[www.malabarflash.com]


കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ ആലപ്പുഴ കോമളപുരം അവലൂകുന്ന് തൈവെളിവീട് വിഷ്ണു, പൊന്നാട് കുന്നുമ്മന്മേലില്‍ സനന്ദ്, മാരാരിക്കുളം സൗത്ത് കടുവെട്ടിയില്‍ വീട്ടില്‍ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തില്‍ അതുല്‍, സൗത്ത് ആര്യാട് കിഴക്കേ വെളിയത്ത് വീട്ടിൽ ധനീഷ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാചര്യത്തില്‍ കോടതി വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു.

കേസില്‍ 11പേരാണ് പ്രതികളായിട്ടുള്ളത്. ഇതില്‍ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്, കൊക്കോതമംഗലം സ്വദേശി മുരുകേഷന്‍, പൊന്നാട് സ്വദേശി പ്രണവ് എന്നിവര്‍ കോടതിയില്‍ ഹാജരായി. അസുഖം ബാധിച്ചതിനാല്‍ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവര്‍ എത്തിയിരുന്നില്ല. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി പി ഹാരിസ് ഹാജരായി.

Post a Comment

0 Comments