NEWS UPDATE

6/recent/ticker-posts

തബലയുടെ ഉസ്‌താദ് വിടവാങ്ങി; സാക്കിർ ഹുസൈൻ ഇനി ഓർമ

സാൻഫ്രാൻസിസ്കോ: പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.[www.malabarflash.com]

തബലയെ ലോകപ്രശസ്‌തിയിലേക്ക്‌ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ബയാനിൽ (തബലയിലെ വലുത്‌) സാക്കിര്‍ ഹുസൈന്‍ വേഗവിരലുകളാൽ പ്രകടിപ്പിച്ചിരുന്ന മാസ്‌മരികത സംഗീതലോകത്തിന് എന്നും വിസ്മയമായിരുന്നു.

മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്. മൂന്നാം വയസ്സ് മുതൽ സംഗീതത്തിൽ അഭിരുചി കാണിച്ചു. തബലയില്‍ പഞ്ചാബ്‌ ഖരാനയില്‍ അച്ഛൻ അല്ലാ രഖാ പാത പിന്തുടർന്ന സാക്കിർ ഏഴാം വയസ്സിൽ സരോദ്‌ വിദഗ്‌ധന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം ഏതാനും മണിക്കൂര്‍ അച്ഛന്‌ പകരക്കാരനായി. അതായിരുന്നു ആദ്യ വാദനം. പന്ത്രണ്ടാം വയസ്സിൽ ബോംബെ പ്രസ്‌ ക്ലബില്‍ നൂറു രൂപയ്ക്ക് ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാനോടൊപ്പം സ്വതന്ത്രമായി തബല വായിച്ച്‌ സംഗീതലോകത്ത്‌ വരവറിയിച്ചു.

പന്ത്രണ്ടാം വയസ്സിൽ തന്നെ പട്നയിൽ ദസറ ഉത്സവത്തില്‍ പതിനായിരത്തോളം വരുന്ന കാണികളുടെ മുന്‍പില്‍, മഹാനായ സിത്താര്‍ വാദകന്‍ ഉസ്‌താദ്‌ അബ്ദുല്‍ ഹലിം ജാഫര്‍ ഖാൻ, ഷഹനായി ചക്രവര്‍ത്തി ബിസ്‌മില്ലാ ഖാന്‍ എന്നിവരോടൊപ്പം രണ്ടു ദിവസത്തെ കച്ചേരികളില്‍ തബല വായിച്ചു. മുംബൈ സെന്റ്‌ സേവ്യേഴ്‌സ്‌ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ സാക്കിർ ഹുസൈന്‍ 1970ല്‍ അമേരിക്കയില്‍, സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാം വയസ്സിൽ കച്ചേരി അവതരിപ്പിച്ചു.

തബലയിലെ മാന്ത്രികനെന്നു കഴിഞ്ഞകാലം വിലയിരുത്തിയ ആളായിരുന്നു ഉസ്താദ് അല്ല രഖ. അദ്ദേഹത്തിന്റെ പുത്രൻ സാക്കിർ ഹുസൈനാകട്ടെ കൗമാരം വിടും മുൻപേ ഉസ്താദ് എന്ന് വാഴ്ത്തപ്പെട്ടു. സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിനൊപ്പം സാക്കിർ ഹുസൈൻ കച്ചേരി വായിച്ചതു പതിനെട്ടാം വയസ്സിലാണ്. അന്ന് രവിശങ്കർ പറഞ്ഞു: ‘‘ഇന്നു നമ്മൾ കേട്ടത് നാളെയുടെ തബല വാദനമാണ്!’’. ആ പ്രവചനം നീണ്ടുനിന്നത് ഒരുപാട് നാളേയ്ക്കാണ്. ഏതാണ്ട് അഞ്ചര പതിറ്റാണ്ട്.

കൃത്യമായൊരു മലയാളം വാക്ക് പകരം വയ്ക്കാനില്ലാത്ത പദമാണു മയിസ്ട്രോ. മഹാ കലാകാരൻ എന്നൊക്കെ പറയാമെങ്കിലും അതിനൊക്കെ അപ്പുറമാണ് അതിന്റെ അർഥതലങ്ങൾ. ലോക സംഗീത വേദിയിലെ താളരംഗത്ത് മയിസ്ട്രോ എന്ന് അരനൂറ്റാണ്ട് മുൻപേ വിശേഷിപ്പിക്കപ്പെട്ട കലാകാരനാണ് ഉസ്താദ് സാക്കിർ ഹുസൈൻ. കിഴക്ക് എന്നോ പടിഞ്ഞാറെന്നോ വേർതിരിവില്ലാതെ അദ്ദേഹം അംഗീകരിക്കപ്പെട്ടു; ആദരിക്കപ്പെട്ടു.

വാഷിങ്‌ടൻ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19–ാം വയസ്സിൽ അസി.പ്രഫസർ ആയി. മലയാളത്തിലെ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കു സംഗീതം നൽകി. പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.

Post a Comment

0 Comments