NEWS UPDATE

6/recent/ticker-posts

പറന്ന് പോകുന്ന ഒരു ഡ്രോണ്‍ ചാടി കടിച്ചെടുക്കുന്ന ഒരു മുതലയുടെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. മുതല ഡ്രോണ്‍ കടിച്ചെടുത്തതിനേക്കാള്‍ കാഴ്ചക്കാരെ അമ്പരപ്പിച്ചത് മുതലയുടെ വായിലിരുന്ന് ഡ്രോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചതായിരുന്നു.[www.malabarflash.com]

ഡ്രോണുകളെയും അവയുടെ സാങ്കേതികയെയും കുറിച്ച് വിവരിക്കുന്ന ഇന്‍സ്റ്റാഗ്രാം പേജായ ഡ്രോണ്‍ഷാക്കിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 62 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്.

വീഡിയോയില്‍ സംഭവത്തിന് ദൃക്സാക്ഷികളായവര്‍ മുതലയെ ജോര്‍ജ്ജ് എന്ന് വിളിക്കുന്നത് കേള്‍ക്കാം. ഒരു സ്ത്രീ ജോര്‍ജ് അത് കഴിക്കരുത് എന്ന് മുതലയോട് വിളിച്ച് പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മുതല ഡ്രോണ്‍ കടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഇതിനിടെ ഡ്രോണിന്‍റെ ലിഥിയം അയൺ ബാറ്ററി പൊട്ടിത്തെറിക്കുകയും വലിയ തോതിലുള്ള പുക പുറത്ത് വരികയും ചെയ്യുന്നത് കാണാം. ഈ സമയം മുതല ഒരു നിമിഷത്തേക്ക് വെള്ളത്തില്‍ മുങ്ങുന്നു. വീണ്ടും പൊങ്ങിവന്ന് ഡ്രോണ്‍ കടിച്ച് പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഡ്രോണുകളും മറ്റ് മനുഷ്യ നിര്‍മ്മിത വസ്തുക്കളും വന്യമൃഗങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നതിനെ കുറിച്ച് നിരവധി പേര്‍ ആശങ്ക രേഖപ്പെടുത്തി.

വന്യമൃഗങ്ങള്‍ക്ക് ഡ്രോണുകളുടെ ശബ്ദം അലോസരം സൃഷ്ടിക്കുകയും അവയെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നത് കൊണ്ട് മൃഗങ്ങള്‍ക്ക് വളരെ അടുത്ത് ഡ്രോണുകള്‍ പറത്തറരുതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍, വീഡിയോയില്‍ മുതലയുടെ തലയുടെ മേലെ കൂടി ഡ്രോണ്‍ പറത്തുന്നതും ഇതില്‍ അസ്വസ്ഥനാകുന്ന മുതലയെയും കാണാം. 

ലിഥിയം അയൺ ബാറ്ററികൾ പൊട്ടിത്തെറിക്കുമ്പോള്‍ പുറന്തള്ളപ്പെടുന്ന വിഷവാതകങ്ങൾ മൃഗങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. എന്നാല്‍, ജോര്‍ജ്ജിന് പിന്നീട് എന്ത് സംഭവിച്ചുവെന്ന് വീഡിയോയില്‍ സൂചനയില്ല. നിരവധി പേര്‍ വീഡിയോ കണ്ട് ഡ്രോണുകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് എഴുതി. ഏറെ പേര്‍ ജോര്‍ജ്ജിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക രേഖപ്പെടുത്തി.

Post a Comment

0 Comments