NEWS UPDATE

6/recent/ticker-posts

ടിപര്‍ ലോറിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; 'അടിപിടി നടന്നതിൻ്റെ ലക്ഷണം', മരണത്തിൽ സംശയം ഉയർന്നു


ഉപ്പള: ടിപ്പര്‍ ലോറിയില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിപിടിയുടെ ലക്ഷണം കണ്ടെത്തിയതിനാൽ മരണത്തിൽ സംശയം ഉയർന്നിട്ടുണ്ട്. പൈവളികെ കായര്‍ക്കട്ടയിലാണ് റോഡരികിൽ നിറുത്തിയിട്ട ടിപര്‍ ലോറിയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പൈവളികെ ബായാര്‍പദവ് കാംകോ കോംപൗണ്ടിന് സമീപത്തെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് അശീഫ് (29) ആണ് മരിച്ചത്. (www.malabarflash.com)

ബുധനാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയാണ് ടിപര്‍ ലോറിക്കകത്ത് മുഹമ്മദ് അശീഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഹൈവേ പട്രോളിംഗ് പൊലീസും നാട്ടുകാരും എത്തി ബന്തിയോട്ടെ ആശുപത്രിയിലും പിന്നീട് കുമ്പള സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

പുലര്‍ച്ചെ രണ്ടു മണിയോടെ ബന്തിയോട്ടെ ബന്ധു ഫോണിൽ വിളിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അശീഫ് ടിപ്പര്‍ ലോറിയുമായി വീട്ടില്‍ നിന്നും പോയത്. ബന്ധു ഉപ്പളയില്‍ കാത്ത് നിന്നെങ്കിലും ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു ചെന്നപ്പോഴാണ് വീട്ടില്‍ നിന്നു മൂന്നു കിലോമീറ്റര്‍ അകലെയുള്ള കായര്‍ക്കട്ടയിലെ റോഡരികിൽ നിര്‍ത്തിയിട്ട ലോറിയില്‍ മുഹമ്മദ് അശീഫിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ലോറിക്കകത്തും ഡ്രൈവറുടെ സീറ്റിനു സമീപത്തെ ഡോറിലും രക്തക്കറ കാണപ്പെട്ടതും ഒടിഞ്ഞ മുളവടി ലോറിക്കകത്തു കണ്ടെത്തിയതും അടിപിടി നടന്നതായുള്ള സംശയമുയർത്തിയിട്ടുണ്ട്. മുഹമ്മദ് അശീഫിന്റെ ചെരുപ്പുകള്‍ റോഡരിലാണ് ഉണ്ടായിരുന്നത്. ബന്ധുവിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. പൊലീസ് കുമ്പളയിലെ ആശുപത്രിയിലെത്തി ഇൻക്വസ്റ്റ് നടത്തി ഉച്ചയോടെ പോസ്റ്റുമോര്‍ടത്തിനായി മാറ്റും. അവിവാഹിതനാന്ന് മരിച്ച യുവാവ്. മാതാവ്: സകീന. നാലു സഹോദരിമാരുണ്ട്.

Post a Comment

0 Comments