വാഷിങ്ടണ്‍: ഗസ്സയിലെ മരണം ഔദ്യോഗിക കണക്കിനേക്കാള്‍ 40 ശതമാനം അധികമാണെന്ന് ലാന്‍സെറ്റ് മീഡിയ ജേണലിന്റെ പഠനം. ഇസ്രായേല്‍ഹമാസ് യുദ്ധം ആരംഭിച്ച ഒമ്പത് മാസത്തിനുള്ളില്‍ നടന്ന മരണങ്ങള്‍ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളേക്കാള്‍ 40 ശതമാനം അധികമാണെന്നാണ് ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നത്. (www.malabarflash.com)
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസന്‍, യാലെ യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇസ്രായേല്‍ നടത്തിയ വ്യോമകരയാക്രമണത്തില്‍ 2023 ഒക്ടോബര്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള കാലയളവിലുണ്ടായ മരണമാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ഇക്കാലയളവില്‍ ഏകദേശം 65,000 പേരെങ്കിലും മരിച്ചിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം. മരിച്ചവരില്‍ 59.1 ശതമാനം പേരും സ്ത്രീകളും കുട്ടികളും 65 വയസിന് മുകളില്‍ പ്രായമുള്ളവരുമാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ വരെ ഗസ്സയില്‍ 37,877 പേര്‍ മരിച്ചുവെന്നാണ് ഗസ്സ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. നിലവില്‍ 46,000 പേര്‍ ഗസ്സയില്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
മുമ്പ് ഫലസ്തീനിലുണ്ടാവുന്ന മരണത്തിന്റെ എണ്ണം കൃത്യമായി ആരോഗ്യമന്ത്രാലയം ഡിജിറ്റലായി ശേഖരിച്ച് വെച്ചിരുന്നു. എന്നാല്‍, ഇസ്രായേല്‍ ആക്രമണത്തോടെ ഫലസ്തീനിലെ ആരോഗ്യസംവിധാനം പാടെ തകര്‍ന്നു. ഇതുമൂലം കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും ലാന്‍സെറ്റ് വ്യക്തമാക്കുന്നു. അതേസമയം, ഗസ്സയിലെ മരണസംഖ്യ സ്വതന്ത്രമായി വിലയിരുത്താന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് സംവിധാനമില്ലാത്തത് പ്രതിസന്ധിയാവുന്നുണ്ട്. മേഖലയിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ ഇസ്രായേല്‍ അനുവദിക്കുന്നില്ല. പഠനം പുറത്ത് വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരണവുമായി ഇസ്രായേലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ രംഗത്തെത്തി.
സാധാരണക്കാരായ ജനങ്ങളുടെ മരണം ഒഴിവാക്കാന്‍ വലിയ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു. ലോകത്തെ ഒരു സൈന്യവും സിവിലിയന്‍മാരുടെ മരണം ഒഴിവാക്കാന്‍ ഇത്രത്തോളം മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടാവില്ല. ആക്രമണത്തിന് മുമ്പ് സിവിലിയന്‍മാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയവ കൃത്യമായി നടത്തുന്നുണ്ടെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്.
0 Comments