NEWS UPDATE

6/recent/ticker-posts

പുതിയ മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി മാരുതി

ഇന്ത്യയിലെ കാര്‍ വിപണിയുടെ ചരിത്രം തുടങ്ങുന്നതും തുടരുന്നതും മാരുതി സുസുക്കിയിലൂടെയാണ്. ഇന്നും ഇന്ത്യന്‍ കാര്‍ വിപണിയില്‍ 42 ശതമാനം കാറുകളും വില്‍ക്കുന്നത് മാരുതി സുസുക്കിയാണ്. ഇന്നും മൈക്രോ കാറുകളില്‍ വലിയ വിപണി വിഹിതമുള്ള കമ്പനിയാണ് മാരുതി സുസുക്കി.[www.malabarflash.com] 

എന്നാല്‍ വിപണി ചെറുകാറുകളില്‍ നിന്നും കൂടുതല്‍ വലിയ കാറുകളിലേക്ക് മാറിയതോടെയാണ് മാരുതി സുസുക്കിക്കും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നത്. 2024ല്‍ ജനപ്രിയ മോഡലുകളായ സ്വിഫ്റ്റിനെയും ഡിസയറിനെയും പുതു രൂപത്തില്‍ മാരുതി സുസുക്കി അവതരിപ്പിച്ചിരുന്നു. ഈ വർഷം വൈദ്യുതി വാഹന രംഗത്തേക്ക് കൂടി ചുവട് വെക്കാനാണ് മാരുതി സുസുക്കി ഒരുങ്ങുന്നത്.

ഈ മാസമാണ് മാരുതി സുസുക്കിയുടെ ഈ വര്‍ഷത്തെ സുപ്രധാന മോഡലായ ഇ വിറ്റാര പുറത്തിറങ്ങുന്നത്. ജനുവരി 17ന് ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാറായ ഇ വിറ്റാര ഇന്ത്യയില്‍ അവതരിപ്പിക്കും. ഇ വിറ്റാര നിരത്തിലെത്തുന്ന ആദ്യ വിപണിയാവും ഇന്ത്യയിലേത്. നാലുമീറ്ററിലേറെ വലിപ്പമുള്ള വാഹനമാണ് ഇ വിറ്റാര. വീല്‍ ബേസ് 2,700എംഎം ആണ്. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ മോഡലാണ് 2025 ൽ അവതരിപ്പിക്കാനിരിക്കുന്ന മറ്റൊരു മോഡല്‍. 2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഗ്രാന്‍ഡ് വിറ്റാര 22 മാസം കൊണ്ട് 2 ലക്ഷം യൂണിറ്റുകള്‍ വിറ്റ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതുവരെ 7 സീറ്റര്‍ ഗ്രാന്‍ഡ് വിറ്റാരയുടെ വിശദാംശങ്ങള്‍ കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

2022ലാണ് ബലേനോക്ക് അവസാനമായി അപ്‌ഡേഷന്‍ ലഭിച്ചത്. മൂന്നു വര്‍ഷത്തിനു ശേഷം വീണ്ടും മുഖം മിനുക്കി ബലേനോ എത്തുന്നത് 2025ലാണ്. ഡിസൈനില്‍ മാത്രമല്ല എന്‍ജിനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നതാണ് പ്രധാന സവിശേഷത. Z സീരീസ് നാച്ചുറലി അസ്പയേഡ് 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ ബലേനോക്ക് ലഭിക്കുക. 2022 പകുതിയില്‍ മാറ്റങ്ങളോടെ എത്തിയ ബ്രസ കൂടുതല്‍ മാറ്റങ്ങളോടെ ഈ വര്‍ഷമെത്തും. മാരുതി സുസുക്കിയുടെ കൂടുതല്‍ വില്‍പനയുള്ള മോഡലുകളിലൊന്നാണ് ഈ കോംപാക്ട് എസ് യു വി. കൂടുതല്‍ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഫുള്ളി ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ആന്റ് പവേഡ് മുന്‍ സീറ്റുകള്‍, സ്റ്റാന്‍ഡേഡായി 6 എയര്‍ബാഗുകള്‍ എന്നിവയും പ്രതീക്ഷിക്കാം.

Post a Comment

0 Comments