NEWS UPDATE

6/recent/ticker-posts

ദുരന്തത്തിന്‍റെ സൂചനയോ?; ആശങ്കപരത്തി മെക്സിക്കോയുടെ തീരത്ത് ഓർ മത്സ്യത്തെ കണ്ടെത്തി

മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്കസൃഷ്ടിച്ച് ഓർ മത്സ്യം (oarfish) കരയ്ക്കടിഞ്ഞു. മെക്സിക്കോയിലെ ചില കടൽത്തീരങ്ങളിലാണ് ഓർ മത്സ്യത്തെ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഡൂംസ്‌ഡേ ഫിഷ് എന്നും വിളിപ്പേരുളള, ആഴക്കടലിൽ കാണപ്പെടുന്ന ഈ മത്സ്യം ചത്തടിയുന്നത് പ്രകൃതിദുരന്തത്തിന്‍റെ മുന്നറിയിപ്പായാണ് മെക്സിക്കോയിലെ ജനങ്ങൾ കരുതുന്നത്. എന്നാൽ, ഇതിന് ശാസ്ത്രീയ സ്ഥിരീകരണമില്ല.[www.malabarflash.com]


പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് മുന്നോട്ടിയായിട്ടാണ് ഇവയെ തീരപ്രദേശത്ത് കാണപ്പെടുന്നതെന്നും ഭൂകമ്പങ്ങള്‍ മുന്‍പും സുനാമിക്ക് മുന്‍പും ഇവയെ കാണപ്പെടാറുണ്ടെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ബജാ കാലിഫോര്‍ണിയയുടെ തെക്കന്‍ തീരത്ത് സർഫിങ്ങിൽ ഏർപ്പെട്ടിരുന്നവരാണ് ഓര്‍ മത്സ്യത്തെ ആദ്യം തിരിച്ചറിഞ്ഞത്.

ഒരു സർഫിങ് ബോർഡിന്‍റെയത്ര നീളംവരുന്ന ഓര്‍ മത്സ്യത്തിന് വെള്ളി കലര്‍ന്ന നീല നിറമാണ്. വാലിന് പരിക്കേറ്റ നിലയിലാണ് മെക്‌സിക്കോയില്‍ ഓര്‍ മത്സ്യത്തെ കണ്ടെത്തിയത്. 36 അടി വരെ നീളം വെയ്ക്കുന്ന ഓര്‍ മത്സ്യങ്ങള്‍ക്ക് 200 കിലോഗ്രാം വരെ ഭാരവും വെയ്ക്കും. ഓര്‍ മത്സ്യത്തെ കണ്ടെത്തിയ സര്‍ഫര്‍മാര്‍ സര്‍ഫ്‌ബോര്‍ഡില്‍ ഓര്‍ മത്സ്യത്തെ കിടത്തി തിരികെ കടലിലേക്ക് അയ്ക്കുകയായിരുന്നു.

സുനാമിയുടെയും ഭൂകമ്പത്തിന്റെയും ഭീതി വിട്ടൊഴിയാത്ത ജപ്പാൻകാർക്കും ദുരന്ത ദൂതനാണ് ഓര്‍ മത്സ്യങ്ങള്‍. ഓര്‍ മത്സ്യങ്ങളെ സാധാരണയായി കടലിന്റെ 656 മുതല്‍ 3,280 അടി വരെ ആഴത്തിലാണ് കാണാന്‍ സാധിക്കുക. സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നോടിയായി ഓര്‍ മത്സ്യം തീരത്തടിയുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് ശാസ്ത്രലോകം ഇതുവരെ അംഗീകരിച്ചിട്ടില്ല.

മെക്‌സിക്കോയില്‍ ഓര്‍ മത്സ്യം തീരത്തടിയുന്നതിന് മുന്‍പ് കാലിഫോര്‍ണിയയിലാണ് ഓര്‍ മത്സ്യത്തിന്റെ സാന്നിധ്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇത്. കാലിഫോര്‍ണിയയില്‍ ഓര്‍ മത്സ്യം തീരത്തടിഞ്ഞതിന് ഒരു മാസത്തിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. 15,000 പേര്‍ മരിക്കാനിടയായ ജപ്പാനിലെ സുനാമിക്ക് മുന്‍പ് 20 ഓര്‍മത്സ്യങ്ങള്‍ തീരത്തടിഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

Post a Comment

0 Comments