NEWS UPDATE

6/recent/ticker-posts

കുഞ്ഞിനെ തട്ടിയെടുത്ത് ട്രെയിനിൽനിന്നു ചാടി; ട്രാൻസ്ജെൻഡറും സുഹൃത്തും 2 മണിക്കൂറിൽ പിടിയിൽ

കൊച്ചി:  ഒരു മാസം പ്രായമായ നവജാത ശിശുവിനെ ആലുവയിൽനിന്നു തട്ടിക്കൊണ്ടുപോയ ഇതര സംസ്ഥാനക്കാരെ 2 മണിക്കൂറിൽ പിടികൂടി പോലീസ്. അസം സ്വദേശിയും ട്രാൻസ്ജെൻഡറുമായ റിങ്കി (20), സുഹൃത്ത് നാഗോൺ സ്വദേശി റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പോലീസ് സാഹസികമായി പിടികൂടിയത്. ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് ഇവർ തട്ടിയെടുത്തത്.[www.malabarflash.com]


പെരുമ്പാവൂർ നെടുംതോടാണു കുട്ടിയുടെ മാതാവ് താമസിക്കുന്നത്. പ്രസവാനന്തര സഹായിയായി വീട്ടിൽ നിന്നിരുന്നതു റിങ്കിയാണ്. പ്രതിഫലമായി 70,000 രൂപ റിങ്കി ആവശ്യപ്പെട്ടു. തന്നില്ലെങ്കിൽ കുട്ടിയെ തരണമെന്നും പറഞ്ഞു. ഇതിനിടയിലാണു 14ന് കുട്ടിയുമായി മാതാവും റിങ്കിയും ആലുവ റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിനിൽ ബിഹാറിലേക്കു തിരിച്ചത്. ആലുവയിൽനിന്നു ട്രെയിൻ വിട്ടതിനു പിന്നാലെ റിങ്കി കുട്ടിയുമായി പ്ലാറ്റ്ഫോമിലേക്കു ചാടുകയായിരുന്നു.

മാതാവ് അങ്കമാലിയിൽ ഇറങ്ങിയ ശേഷം ആലുവ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70,000 രൂപ ആവശ്യപ്പെട്ടതായി 14ന് രാത്രി 8 മണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. തുടർന്നു പോലീസ് ആലുവ ഈസ്റ്റ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ട്രാൻസ്ജെൻഡർമാരുടെ ചിത്രം കുഞ്ഞിന്റെ അമ്മയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞതോടെ റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തി. അപ്പോഴേക്കും അവർ കുട്ടിയുമായി കടന്നിരുന്നു.

സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ്, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, വിമാനത്താവള പരിസരം, ജില്ലാ അതിർത്തികൾ, മറ്റു സ്ഥലങ്ങൾ എന്നിവിടങ്ങൾ അരിച്ചുപെറുക്കി. രാത്രി 10ന് കൊരട്ടി ഭാഗത്തു പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിർത്തി രണ്ടുപേരെയും പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരിൽനിന്ന് അസമിലേക്ക് കൊണ്ടുപോകാനാണു പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകിയ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.

ഡിവൈഎസ്പി ടി.ആർ.രാജേഷ്, ഇൻസ്പെക്ടർ എം.എം.മഞ്ജു ദാസ്, എസ്ഐമാരായ കെ.നന്ദകുമാർ, എസ്.എസ്.ശ്രീലാൽ, സെയ്തുമുഹമ്മദ്, ബി.എം.ചിത്തുജീ, സുജോ ജോർജ് ആന്റണി, സിപിഒമാരായ ഷിബിൻ കെ.തോമസ്, രാജേഷ്, കെ.ഐ.ഷിഹാബ്, മുഹമ്മദ് ഷഹീൻ, അരവിന്ദ് വിജയൻ, പി.എ.നൗഫൽ, എൻ.എ.മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, കെ.എം.നോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

Post a Comment

0 Comments