മംഗളൂരു: നഗരത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റോപ്പിന് സമീപമത്തെ യൂണിസെക്സ് സലൂണിൽ അതിക്രമിച്ചു കയറിയ കേസിൽ അറസ്റ്റിലായ രാംസേന നേതാവ് പ്രസാദ് അത്താവറിന്‍റെ മൊബൈൽ ഫോണിൽനിന്ന് മൃഗബലിയുടെ വിഡിയോകൾ കണ്ടെത്തി. തുടർന്ന് ഇയാൾക്കെതിരെ ബാർകെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.[www.malabarflash.com]
ഒരു ശക്തി ദൈവത്തിന് മുന്നിൽ അഞ്ച് ആടുകളെ ബലിയർപ്പിക്കുകയും രക്തം മൈസൂരു വികസന അതോറിറ്റി ('മുഡ') ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ പരാതി നൽകിയ സ്നേഹമയി കൃഷ്ണയുടെയും വിവരാവകാശ പ്രവർത്തകനായ ഗംഗാരാജുവിന്‍റെയും ഫോട്ടോകളിൽ പുരട്ടുകയും ചെയ്യുന്ന വിഡിയോയാണ് പോലീസിന് ലഭിച്ചത്. ഇരുവരെയും ആത്മീയമായി ശാക്തീകരിക്കാൻ യാഗം നടത്തിയെന്നാണ് സൂചനയെന്ന് മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാൾ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം മുതിർന്ന ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കദ്രി പോലീസ് ഇൻസ്പെക്ടർ സോമശേഖർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രിയാണ് ബാർകെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
മൃഗബലി നടത്തുന്നതിന് അനന്ത് ഭട്ടിന് പ്രസാദ് അത്താവർ പണം കൈമാറിയെന്നാണ് ആരോപണം. തുർന്നാണ് പ്രസാദ് അത്താവറിനും അനന്ത് ഭട്ടിനുമെതിരെ മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രസാദ് അത്താവറിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി വിഡിയോകൾ കണ്ടെത്തി.
അതിലൊന്ന് ഒരു ക്ഷേത്രത്തിൽ അഞ്ച് ആടുകളെ ബലിയർപ്പിക്കുന്നതാണ്. സ്നേഹമയി കൃഷ്ണയുടെയും ഗംഗാരാജുവിന്‍റെയും നന്മക്കുവേണ്ടിയാണ് യാഗം നടത്തിയതെന്നാണ് വിശ്വാസം. അനന്ത് ഭട്ട് ആരാണെന്നും എവിടെയാണ് യാഗം നടന്നതെന്നും അന്വേഷിക്കുകയാണെന്ന് കമീഷണർ അറിയിച്ചു. സ്‌നേഹമയി കൃഷ്ണക്കും ഗംഗാരാജുവിനും വേണ്ടിയാണ് യാഗം നടത്തിയതെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തതായി കമീഷണർ കൂട്ടിച്ചേർത്തു.
കളേഴ്സ് യൂണിസെക്‌സ് സലൂൺ ഈ മാസം 23ന് ഉച്ചയോടെയാണ് രാം സേന സംഘം അക്രമിച്ച് നാശനഷ്ടങ്ങൾ വരുത്തിയത്. സംഭവത്തിൽ ഉടമ സുധീർ ഷെട്ടി നൽകിയ പരാതിയിൽ കേസെടുത്ത ബാർക്ക പോലീസ് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു.
0 Comments