ഭോപാല്‍: അച്ഛന്‍ അന്തരിച്ചതിന് പിന്നാലെ സംസ്‌കാരത്തെച്ചൊല്ലി രണ്ടുമക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായതോടെ നാടകീയരംഗങ്ങള്‍. തര്‍ക്കപരിഹാരത്തിനായി മൃതദേഹം രണ്ടായിമുറിക്കാമെന്ന് ഒരാള്‍ നിര്‍ദേശംവെച്ചതോടെ നാട്ടുകാരും ഞെട്ടി. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയിലായതോടെ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. ഒടുവില്‍ പോലീസിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നങ്ങള്‍ രമ്യമമായി പരിഹരിക്കുകയായിരുന്നു.[www.malabarflash.com]
മധ്യപ്രദേശിലെ ടീക്കാംഘട്ട് ജില്ലയിലെ താല്‍ ലിദോറ ഗ്രാമത്തിലായിരുന്നു നാടകീയമായ സംഭവം. ഗ്രാമത്തില്‍ താമസിച്ചിരുന്ന ധ്യാനി സിങ് ഘോഷ് എന്ന 85-കാരന്‍ ഞായറാഴ്ചയാണ് അന്തരിച്ചത്. ഇതിനുപിന്നാലെയാണ് അച്ഛന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലി ധ്യാനി സിങ്ങിന്റെ മക്കളായ ദാമോദര്‍ സിങ്ങും കിഷന്‍ സിങ്ങും തമ്മില്‍ തര്‍ക്കം ഉടലെടുത്തതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
അസുഖബാധിതനായിരുന്ന പിതാവിനെ ദാമോദര്‍ സിങ്ങ് ആണ് ദീര്‍ഘനാളായി പരിചരിച്ചിരുന്നത്. അച്ഛന്‍ അന്തരിച്ചതോടെ ദാമോദര്‍ സിങ് തന്നെ സംസ്‌കാരം നടത്താനും അന്ത്യകര്‍മങ്ങള്‍ ചെയ്യാനും തീരുമാനമായി. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ധ്യാനി സിങ്ങിന്റെ മറ്റൊരു മകനായ കിഷന്‍ സിങ്ങും ഇയാളുടെ കുടുംബവും സ്ഥലത്തെത്തിയത്. തുടര്‍ന്ന് തനിക്ക് അച്ഛന്റെ സംസ്‌കാരം നടത്തണമെന്നും അന്ത്യകര്‍മങ്ങള്‍ ചെയ്യണമെന്നും കിഷന്‍ സിങ് ആവശ്യപ്പെട്ടു. ഇതോടെ സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമായി.
തര്‍ക്കം തുടര്‍ന്നതോടെ കിഷന്‍ സിങ് തന്നെയാണ് വിചിത്രമായ നിര്‍ദേശം മുന്നോട്ടുവെച്ചത്. അച്ഛന്റെ മൃതദേഹം രണ്ടായി മുറിക്കാമെന്നും അങ്ങനെയാണെങ്കില്‍ രണ്ടുപേര്‍ക്കും വ്യത്യസ്തമായി സംസ്‌കാരചടങ്ങുകള്‍ നടത്താമെന്നുമായിരുന്നു ഇയാളുടെ നിര്‍ദേശം. ഇതുകേട്ടതോടെ ബന്ധുക്കളും നാട്ടുകാരും ഞെട്ടി. തുടര്‍ന്ന് കിഷന്‍ സിങ്ങിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതോടെ സംസ്‌കാരചടങ്ങുകള്‍ മണിക്കൂറുകളോളം വൈകി.
പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതിരുന്നതോടെ നാട്ടുകാര്‍ ഒടുവില്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സഹോദരങ്ങളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ ബന്ധുക്കളുടെയെല്ലാം അഭിപ്രായം കണക്കിലെടുത്ത് ദാമോദര്‍ സിങ് തന്നെ അന്ത്യകര്‍മങ്ങള്‍ നടത്താമെന്ന് തീരുമാനമെടുത്തു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
0 Comments