NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് കലംകനിപ്പ് മഹാനിവേദ്യം: ആചാര അനുഷ്ഠാന നിറവില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന അപൂര്‍വ ഉത്സവം........

നാടിന്റെ ഐശ്വര്യത്തിനും രോഗാധിപീഡകളില്‍നിന്നുള്ള മോചനത്തിനും അഭീഷ്ടകാര്യ സിദ്ധിക്കുമുള്ള പ്രാര്‍ഥനയാണെന്ന വിശ്വാസത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ വലിയ കലംകനിപ്പ് മഹാനിവേദ്യ സമര്‍പ്പണം ഫെബ്രുവരി 7ന് നടക്കുകയാണ്. അതിന് മുന്നോടിയായി ധനുമാസ ചെറിയ കലംകനിപ്പ് ജനുവരിയില്‍ നടന്നിരുന്നു.[www.malabarflash.com] 

നമ്മുടെ സാംസ്‌കാരിക ചരിത്രത്തിന്റെ അതി പ്രാചീനമായ സാക്ഷ്യങ്ങളാണല്ലോ ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും. വൈവിധ്യങ്ങളായ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ ആചാരങ്ങളാണ് ഓരോ ക്ഷേത്രത്തിനെയും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഉത്സവങ്ങള്‍, മഹോത്സവങ്ങള്‍, കളിയാട്ടങ്ങള്‍, പെരുംകളിയാട്ടങ്ങള്‍ എല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്. 

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പൊതുവെ അറിയപ്പെടുന്നത് ഉത്സവങ്ങളുടെ ക്ഷേത്രമെന്ന പേരിലാണ്. കര്‍ക്കടകം ഒഴികെ മറ്റു നാളുകളില്‍ ഉത്സവങ്ങളും പലതര ഉത്സവേതര ചടങ്ങുകള്‍ നടക്കുന്ന ഇടമാണിത്.

കലംകനിപ്പുകള്‍

ധനു, മകര മാസങ്ങളില്‍ നടക്കുന്ന കലംകനിപ്പുകള്‍ ദേവിക്കുള്ള നിവേദ്യ സമര്‍പ്പണങ്ങളാണ്. സവിശേഷ ചടങ്ങായതിനാല്‍ ഉത്സവ പ്രതീതി തോന്നുവെങ്കിലും ചടങ്ങുകളില്‍ എഴുന്നള്ളത്തോ കെട്ടിച്ചുറ്റിയ നര്‍ത്തകന്മാരോ മേലാപ്പോ തിടമ്പേല്‍ക്കലോ ഇല്ല. കലശാട്ടും കല്ലൊപ്പിക്കലുമാണ് അനുബന്ധ ചടങ്ങ്. മകരമാസത്തില്‍ നടക്കുന്നത് 'കലംകനിപ്പ് മഹാനിവേദ്യ'മാണ്. പേരും പ്രശസ്തിയും പിടിച്ചു പറ്റുന്നത് ഈ ചടങ്ങിന്റെ അപൂര്‍വതയും, വ്യത്യസ്തയും പുതുമയും കൊണ്ടാണ്. സ്ത്രീ സാന്നിധ്യ പെരുമയില്‍ സവിശേഷത ഏറുന്ന ചടങ്ങാണിത്. ക്ഷേത്ര മുറ്റം പുത്തന്‍ മണ്‍കലങ്ങളെയും അവ തലയിലേറ്റി കൈയ്യില്‍ കുരുത്തോലയുമായി വരുന്ന സ്ത്രീകളെയും കൊണ്ട് ക്ഷേത്രവും പരിസരവും നിറയുന്ന അപൂര്‍വത ഏറെ മാധ്യമശ്രദ്ധ നേടുന്നതും സ്വാഭാവികം.

ആറ്റുകാല്‍ പൊങ്കാല

ഇങ്ങ് വടക്കേ അറ്റത്ത് നടക്കുന്ന പാലക്കുന്ന് കലംകനിപ്പും അങ്ങ് തെക്കേ അറ്റത്തെ ആറ്റുകാല്‍ പൊങ്കാലയും തമ്മില്‍ ഏറെ സാദൃശ്യമുണ്ട്. ദേവി ക്ഷേത്രത്തില്‍ നിവേദ്യ സമര്‍പ്പണമാണ് രണ്ടിടത്തും നടക്കുന്നത്. സ്ത്രീകളാണ് രണ്ടിടത്തും നേര്‍ച്ച വസ്തുക്കള്‍ സമര്‍പ്പിക്കുന്നത്. (പാലക്കുന്നില്‍ പുരുഷന്മാര്‍ക്കും കലം കൊണ്ടുവരാവുന്നതാണ്). പാലക്കുന്നില്‍ ദേവി സന്നിധിയില്‍ സ്ഥാനികരുടെ നേതൃത്വത്തില്‍ വാല്യക്കാര്‍ ചോറും അടയും ഉണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കുമ്പോള്‍ പൊങ്കാലയില്‍ സ്ത്രീകള്‍ തന്നെ അടുപ്പുകൂട്ടി കഞ്ഞിവെച്ച് നിവേദ്യം തയ്യാറാക്കുന്നതാണ് രീതി.

മഹാനിവേദ്യം വെള്ളിയാഴ്ച

രാവിലെ 10നകം ഭണ്ഡാരവീട്ടില്‍ നിന്നുള്ള പണ്ടാരക്കലം ആദ്യം ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. കലത്തിന്റെ വലുപ്പത്തിലും അതിനകത്തെ വിഭവങ്ങളുടെ അളവിലും പണ്ടാരക്കലം മറ്റു കലങ്ങളില്‍ നിന്നും വ്യത്യസ്ത മായിരിക്കും. തുടര്‍ന്ന് കഴക പരിധിയിലെ വിവിധ പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് അതത് പ്രാദേശിക സമിതികള്‍ കേന്ദ്രീകരിച്ച് പുത്തന്‍ മണ്‍കലങ്ങളില്‍ വിഭവങ്ങളുമായി ചെണ്ട വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തും. ആദ്യകാലങ്ങളില്‍ ഒറ്റയായും കൂട്ടമായും കലങ്ങള്‍ ക്ഷേത്രത്തില്‍ എത്തിക്കുന്നതായിരുന്നു രീതി. പിന്നീടാണ് അതത് പ്രദേശങ്ങളില്‍ നിന്ന് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് മാറിയത്. ഈ മാറ്റം കലംകനിപ്പിന് ഉത്സവ പ്രതീതിയുണ്ടാക്കി. പ്രായവ്യത്യാസമില്ലാതെ സമുദായ അംഗങ്ങളായ സ്ത്രീകള്‍ വ്രതശുദ്ധിയോടെ നിവേദ്യമൊരുക്കാനുള്ള വിഭവങ്ങള്‍ നിറച്ച പുത്തന്‍ മണ്‍കലവും ദണ്ഡന്‍ ദേവന് അടയുണ്ടാക്കാനുള്ള കുരുത്തോലയും കൈയ്യിലേന്തി ക്ഷേത്രത്തില്‍ എത്തി പ്രദക്ഷിണത്തിന് ശേഷം സമര്‍പ്പണം പൂര്‍ത്തിയാക്കും. പുരുഷന്മാര്‍ക്കും കലം കൊണ്ടുവരാം. ഇസ്ലാമിക വിശ്വാസികള്‍ അടക്കം 

ഇതര സമുദായക്കാര്‍ തീയ്യ സമുദായത്തില്‍ പെടുന്ന സ്ത്രീകളെ വഴിപാടിനായി നേര്‍ച്ച ഏല്പിക്കും. കാണിപ്പണം നല്‍കി മഞ്ഞള്‍കുറി പ്രസാദം വാങ്ങി മങ്ങണം എന്നറിപ്പെടുന്ന മണ്‍ചട്ടിയില്‍ അച്ചാര്‍ ചേര്‍ത്ത ഉണക്കലരി കഞ്ഞി വാങ്ങി കുടിച്ച് വ്രതം അവസാനിപ്പിച്ച ശേഷം വീടുകളിലേക്ക് മടങ്ങും. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും കഞ്ഞി ഒരുക്കും.

കലത്തില്‍ എന്തെല്ലാം

കുത്തിയെടുത്ത പച്ചരി 5 ചെറുനാഴി, ശര്‍ക്കരയും അരിപ്പൊടിയും ഏകദേശം 250 ഗ്രാം, നാളികേരവും അടക്കയും ഒന്നു വീതം, വെറ്റില 5 എണ്ണം എന്നിവ പുത്തന്‍ മണ്‍കലത്തില്‍ നിറച്ച് വാഴയിലകൊണ്ട് മൂടി കെട്ടി കൈയ്യില്‍ 5 കുരുത്തോലയുമായി നഗ്‌നപാദരായാണ് ക്ഷേത്രത്തില്‍ എത്തേണ്ടത്. കലങ്ങളിലെ വിഭവങ്ങള്‍ വാല്യക്കാര്‍ വേര്‍തിരിക്കും. ചോറും ദണ്ഡനടയും ഉണ്ടാക്കാന്‍ അവരുടെ സേവനം ഇടവേളയില്ലാതെ പുലരും വരെ തുടരും. കുരുത്തോലയില്‍ ചുട്ടെടുക്കുന്ന അട ഏറെ സ്വാദിഷ്ടമാണ്. സ്ഥാനികരുടെ നേതൃത്വത്തിലാണ് ദണ്ഡനടയുണ്ടാക്കുക. കുരുത്തോല കൂട്ടികെട്ടാനും അതില്‍ അടയുണ്ടാക്കാനും ചുട്ടെടുക്കാനും വാല്യക്കാര്‍ ഉണ്ടാകും. ശനിയാഴ്ച രാവിലെ കലശാട്ടും കല്ലൊപ്പിക്കല്‍ ചടങ്ങും പൂര്‍ത്തിയാക്കി നിവേദ്യ ചോറും ചുട്ടെടുത്ത അടയുമായി കലങ്ങള്‍ തിരിച്ചുനല്‍കുന്നതോടെ കലംകനിപ്പ് മഹാനിവേദ്യം സമാപിക്കും.

പവിത്രതയും പരിശുദ്ധിയും പരമപ്രധാനം

ആചാരപരമായി ഏറെ പ്രാധാന്യമുള്ള സമര്‍പ്പണമാണിതെന്നും അതിന്റെ പവിത്രതയും പരിശുദ്ധിയും പരിപാലിച്ചു സമര്‍പ്പണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഉദ്ദേശിച്ച ഫലപ്രാപ്തി കിട്ടുകയുള്ളുവെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ പറഞ്ഞു. കലങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതിനുള്ള നിഷ്ഠകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കലംകനിപ്പിനുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായെന്നും കഞ്ഞി വിളമ്പാന്‍ ക്ഷേത്രത്തിന് പടിഞ്ഞാര്‍ ഭാഗത്ത് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വിപണി കണ്ടെത്താന്‍ വിഷമിക്കുന്ന മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍

മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലാക്കിയ ജില്ലയിലെ കുശവ സമുദായക്കാരായ കുടുംബങ്ങള്‍ക്ക് നേരിയ ആശ്വാസമാണ് പാലക്കുന്ന് ക്ഷേത്രത്തിലെ കലംകനിപ്പ്. ധനു, മകര മാസങ്ങളിലെ കലംകനിപ്പുകള്‍ക്ക് മടിക്കൈയിലെ എരിക്കുളത്ത് നിന്നാണ് മുഖ്യമായും കലങ്ങള്‍ പാലക്കുന്നില്‍ എത്തുന്നത്. ജില്ലയില്‍ പൈക്ക, കീക്കാന്‍, പെരിയ എന്നിവിടങ്ങളാണ് മണ്‍പാത്ര കുടില്‍ നിര്‍മാണക്കാര്‍ ഉള്ളത്. പാരമ്പര്യമായി കീക്കാനത്തെ കുടുംബമാണ് ക്ഷേത്ര ഭണ്ഡാര വീട്ടില്‍ പണ്ടാരക്കലം എത്തിക്കുന്ന അവകാശികള്‍. ഉദുമ, പള്ളിക്കര, ചെമ്മനാട് പഞ്ചായത്ത് പരിധിയിലായി ആയിരക്കണക്കിന് കലങ്ങള്‍ ഈ സീസണില്‍ വിറ്റഴിക്കുന്നുണ്ടെന്ന് എരിക്കുളത്തെ തമ്പായിയും ഭര്‍ത്താവ് ശാര്‍ങാധരനും പറയുന്നു. വിഷുവിന് ഉണ്ണിയപ്പം കണിവെക്കാന്‍ വീടുകളില്‍ 'കുറിക്കലങ്ങള്‍' മാര്‍ക്കറ്റില്‍ എത്തിക്കാറുണ്ടെന്നും പക്ഷേ അധ്വാനത്തിന് അനുപാതികമായ വരുമാനം കിട്ടുന്നില്ലെന്നുമാണ് അവരുടെ പരാതി. 130 മുതല്‍ 150 വരെയാണ് കലത്തിന്റെ വില. വര്‍ഷത്തില്‍ ആറുമാസം പണിയുണ്ടാകും. ആവശ്യമനുസരിച്ച് കളിമണ്ണ് കിട്ടാത്തതും ഈ പാരമ്പര്യ തൊഴിലില്‍ പുത്തന്‍ തലമുറയുടെ താല്പര്യക്കുറവും മൂലം ഈ കുലത്തൊഴില്‍ ഏറെ വൈകാതെ അന്യം നിന്നുപോകുമെന്ന ആശങ്കയിലാണ് നിലവില്‍ തൊഴിലിലേര്‍പ്പട്ടവരുടെ പരാതി.

✍️പാലക്കുന്നില്‍ കുട്ടി

Post a Comment

0 Comments