ഉദയമംഗലം ക്ഷേത്രത്തിലെ സേവാ ക്ലാര്‍ക്ക് ഉദുമ പടിഞ്ഞാര്‍ തെരുവിലെ സി.ബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പണവും ഫോണു മടങ്ങിയ ബാഗാണ് മോഷണം പോയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് സംഭവം. ഉച്ച പൂജയ്ക്ക് ക്ഷേത്ര നട അടച്ച ശേഷം ക്ഷേത്ര കൗണ്ടറിലെ വരുമാനത്തിന്റെ ഒരു ഭാഗം ഉദുമ സഹകരണ ബാങ്കില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക അടച്ചിരുന്നു. ക്ഷേത്രത്തിലെ അത്യാവശ്യ ചെലവുകള്‍ക്കായി 20000 രൂപ ബാഗില്‍ സൂക്ഷിച്ചു. ഇതു കൂടാതെ ബാലകൃഷ്ണന്റെ സ്വന്തം 23000 രൂപയും ഇതേ ബാഗിലുണ്ടായിരുന്നു.
ബാലകൃഷ്ണന്റെ സ്‌കൂട്ടറിന്റെ തകരാര്‍ പരിഹരിക്കാന്‍ ഉദുമയിലെ മെക്കാനിക്കിനെ കാണിച്ചിരുന്നു. പണമടങ്ങിയ ബാഗും സ്‌കൂട്ടറിലുണ്ടായിരുന്നു. പണിശാലയുടെ മുന്‍പില്‍ വെച്ച വാഹനത്തില്‍ നിന്നാണ് ബാഗ് മോഷ്ടിച്ചത്.
രണ്ട് ബൈക്കുകളിലാണ് മോഷ്ടക്കള്‍ എത്തിയത്. ഒരാള്‍ റോഡിന്റെ കിഴക്ക് ഭാഗത്ത് ഇരു ചക്ര വാഹനവുമായി കാത്തുനിന്നു. റോഡിന്റെ പടിഞ്ഞാറ് വശത്ത് മറ്റൊരു വാഹനവും നിര്‍ത്തിയിട്ടിരുന്നു. ഏറെ നേരം ഈ സംഘം വഴിയരികില്‍ കാത്തു നിന്നതായും സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. മോഷ്ടിച്ച ബാഗുമായി കടന്നുവന്നയാള്‍ സംസ്ഥാന പാത മുറിച്ച് കടന്ന് കാത്തു കിടന്ന ബൈക്കില്‍ കയറി പാലക്കുന്ന് ഭാഗത്തേക്ക് പോയി. മൂന്നാമാന്‍ സാവധാനം വന്ന് വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് സ്റ്റാര്‍ട്ടാക്കി അവിടെത്തെ യുടേണ്‍ എടുത്ത് ആദ്യം പോയ വാഹനത്തിന് പിന്നാലെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ബാലകൃഷ്ണന്‍ വീട്ടിലെത്തിയ ശേഷം നാല് മണിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടാന്‍ നോക്കുമ്പോഴാണ് ബാഗും പണവും മോഷണം പോയ വിവരം അറിയുന്നത്. ഉടനെ പോലീസില്‍ പരാതി നല്‍കി. ബേക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
0 Comments