ഹൗറയിലെ സങ്കറെയ്ല്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ വൃക്കവിറ്റ് കിട്ടിയ പത്തുലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ നിര്‍ബന്ധപ്രകാരമാണ് ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ സമ്മതിച്ചതെന്നും എന്നാല്‍, പണം കിട്ടിയതിന് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടിയെന്നുമാണ് റിപ്പോര്‍ട്ട്.
മകളുടെ പഠനത്തിനും വിവാഹാവശ്യത്തിനും പണം കണ്ടെത്താനായാണ് യുവതി ഭര്‍ത്താവിനോട് വൃക്ക വില്‍ക്കാന്‍ ആവശ്യപ്പെട്ടത്. പണം കിട്ടിയാല്‍ കുടുംബത്തിലെ ദാരിദ്ര്യം മാറുമെന്നും പറഞ്ഞു. യുവതിയുടെ നിര്‍ബന്ധപ്രകാരം ഭര്‍ത്താവ് വൃക്കവില്‍ക്കാന്‍ തയ്യാറായി. മൂന്നുമാസം മുമ്പ് വൃക്ക വാങ്ങാന്‍ തയ്യാറായ ഒരാളെ കണ്ടെത്തി. തുടര്‍ന്ന് വൃക്ക നല്‍കി പണവും വാങ്ങി. വൃക്കവിറ്റ് കിട്ടിയ പണംകൊണ്ട് കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മാറുമെന്നും ഭാവിയില്‍ മകളുടെ വിവാഹം നല്ലരീതിയില്‍ നടത്താമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ധാരണ. എന്നാല്‍, ഇതേസമയം ഭാര്യ കാമുകനൊപ്പം നാടുവിടാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
ഭര്‍ത്താവിന്റെ പത്തുലക്ഷം രൂപയുമായി ബരക്ക്പുര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്. പെയിന്റിങ് തൊഴിലാളിയായ ഇയാളുമായി യുവതി ഫെയ്‌സ്ബുക്ക് വഴിയാണ് പരിചയത്തിലായതെന്ന് പോലീസ് പറഞ്ഞു. ഇരുവരും ഒളിച്ചോടിയതിന് പിന്നാലെ ഭര്‍ത്താവ് പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ബരക്ക്പുരിലുണ്ടെന്ന് കണ്ടെത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവും പത്തുവയസ്സുള്ള മകളും ഭര്‍തൃമാതാപിതാക്കളും ഇവിടെയെത്തി. എന്നാല്‍, യുവതി ആദ്യം വീടിന് പുറത്തിറങ്ങാനോ സംസാരിക്കാനോ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ഭര്‍ത്താവിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യട്ടെ എന്നായിരുന്നു യുവതിയുടെ പ്രതികരണം. വിവാഹമോചന ഹര്‍ജി ഫയല്‍ചെയ്യുമെന്ന് യുവതി പറഞ്ഞതായും റിപ്പോര്‍ട്ടുകളിലുണ്ട്.
അവയവക്കച്ചവടം 1994 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, ദരിദ്രസാഹചര്യത്തില്‍ കഴിയുന്ന പലരും പണം വാങ്ങി അവയവം വില്‍ക്കുന്നത് രാജ്യത്തെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
0 Comments