NEWS UPDATE

6/recent/ticker-posts

പ്രധാന അധ്യാപകനെ കള്ളപ്പരാതിയിൽ കുടുക്കി ലക്ഷങ്ങൾ തട്ടാൻ പദ്ധതി; പിടിഎ പ്രസിഡന്റും സംഘവും അറസ്റ്റിൽ

കൊച്ചി: ഈ മാസം വിരമിക്കാനിരിക്കുന്ന പ്രധാന അധ്യാപകനെതിരെ കള്ളപ്പരാതികൾ നൽകി രണ്ടു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ സ്കൂളിലെ പിടിഎ പ്രസിഡന്റ് ഉൾപ്പെടെ നാലു പേരെ വിജിലൻസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലെ പിടിഎ പ്രസിഡന്റ് ബിജു തങ്കപ്പൻ, പിടിഎ അംഗം അല്ലേഷ്, മുൻ അംഗം പ്രസാദ്, ആറ്റിങ്ങലിലെ ഇരുചക്ര വാഹന ഷോറൂം മാനേജരായ രാകേഷ് റോഷൻ എന്നിവരെയാണ് എറണാകുളം മധ്യമേഖല വിജിലൻസ് സംഘം പിടികൂടിയത്. ബുധനാഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സ്കൂൾ ഫണ്ടിൽ തിരിമറി നടത്തുന്നുവെന്ന് ആരോപിച്ച് പിറവം പാലച്ചുവട് സ്വദേശിയായ പ്രസാദ്, വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിവിധ ഓഫിസുകളിലേക്ക് പ്രധാന അധ്യാപകനെതിരെ കള്ളപ്പരാതികൾ അയച്ചിരുന്നെന്ന് വിജിലൻസ് വ്യക്തമാക്കി. ഇതിന്മേൽ ജില്ലാ എഡ്യൂക്കേഷൻ ഓഫിസർ അന്വേഷണവും നടത്തി. തുടർന്ന് ബിജു തങ്കപ്പനും അല്ലേഷും പ്രധാന അധ്യാപകനെ പരാതിക്കാരനായ പ്രസാദിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ‍ വിചാരിച്ചാൽ മാത്രമേ പരാതി തീർപ്പാക്കാൻ കഴിയൂ എന്നും ഇതിനായി തിരുവനന്തപുരത്ത് ചെല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ മാസം 27ന് പരാതിക്കാരൻ തനിച്ചും മറ്റുള്ളവർ അവരുടെ കാറിലും തിരുവനന്തപുരത്തെത്തി ഒരു ഹോട്ടലിൽ വച്ച് ഉന്നത ഉദ്യോഗസ്ഥനെന്ന് പറഞ്ഞയാളെ കാണുകയും ചെയ്തു. വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുമെന്നും അതിനാൽ മറ്റു ചില ഉദ്യോഗസ്ഥരെ കാണേണ്ടതുണ്ടെന്നും ഭീഷണിപ്പെടുത്തി പ്രധാന അധ്യാപകനിൽ നിന്ന് ഉദ്യോഗസ്ഥൻ 5000 രൂപ ഗൂഗിൾ പേ മുഖേന വാങ്ങിച്ചു. യാത്രാ ചെലവിനത്തിലും മറ്റും 25,000 രൂപ ബിജു തങ്കപ്പനും കൂട്ടരും ഗൂഗിൾ പേ വഴിയും വാങ്ങിച്ചു. ‌

തുടർന്ന് ഈ മാസം മൂന്നിന് പ്രധാന അധ്യാപകനെ പ്രതികൾ പിറവത്തുള്ള തേക്കുംമൂട്പടിയിൽ വിളിച്ചു വരുത്തി ഉദ്യോഗസ്ഥന് സംസാരിക്കണമെന്ന് പറഞ്ഞ് ഫോൺ നൽകി. 15 ലക്ഷം രൂപ മൂന്നു ദിവസത്തിനുള്ളിൽ നൽകണമെന്നാണ് ഉദ്യോഗസ്ഥൻ അധ്യാപകനെ ഭീഷണിപ്പെടുത്തിയത്. അത്രയും തുക കൈവശമില്ല എന്നു പറഞ്ഞ പ്രധാന അധ്യാപകനോട് അഞ്ച് ലക്ഷം രൂപ 18നു തിരുവനന്തപുരത്ത് വച്ച് കൈമാറണമെന്ന് നിർദേശിച്ചു. പ്രധാന അധ്യാപകൻ ഇക്കാര്യം എറണാകുളം മധ്യമേഖല പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെ വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിനു മുന്നിൽ വച്ച് പ്രധാന അധ്യാപകനിൽനിന്നു 2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നാലു പേരെയും വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായി ചമഞ്ഞ മലയിൻകീഴ് സ്വദേശിയായ രാേകഷ് റോഷൻ, ആറ്റിങ്ങലിലെ സ്വകാര്യ ഇരുചക്ര വാഹന ഷോറൂമിലെ മാനേജർ ആണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. വിജിലൻസ് മധ്യമേഖല സൂപ്രണ്ട് എസ്.ശശിധരൻ, ഡിവൈഎസ്പിമാരായ സുനിൽകുമാർ.ജി, കെ.എ.തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments