ജറുസലേം: ഇടക്കാല വെടിനിര്‍ത്തലിന് പിന്നാലെ ഗാസാ മുനമ്പില്‍ വീണ്ടും ആക്രമണം നടത്തുകയാണെന്ന് പ്രഖ്യാപിച്ച് ഇസ്രായേല്‍ സൈന്യം. ഇതിനകം ഇസ്രായേലിന്റെ ആക്രമണത്തില്‍ 220 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഹമാസിന്റെ 'ഭീകര ലക്ഷ്യങ്ങള്‍' എന്ന് വിളിക്കുന്ന സ്ഥലങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പറഞ്ഞു.ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം ഗാസയില്‍ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ഗാസ വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ചര്‍ച്ചകള്‍ ഒരു കരാറിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഗാസയിലെ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രിയും പ്രദേശത്തെ ഹമാസിന്റെ ഏറ്റവും ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനുമായ മഹ്മൂദ് അബു വഫയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പുണ്യ റമദാന്‍ മാസമായതിനാല്‍ പലരും പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെയാണ് ഗാസയില്‍ സ്‌ഫോടനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സും ചൊവ്വാഴ്ച രാവിലെ ആക്രമണത്തിന് ഉത്തരവിട്ടതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. പിന്നാലെ 20 ലധികം ഇസ്രായേലി യുദ്ധവിമാനങ്ങള്‍ മുകളിലൂടെ പറന്നതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് വിമാനങ്ങള്‍ ഗാസ സിറ്റി, റാഫ, ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് ആവര്‍ത്തിച്ച് വിസമ്മതിച്ചതിച്ചതോടെയാണ് ആക്രമണമെന്നാണ് ഇസ്രായേലിന്റെ ന്യായവാദം. ഇതോടെ മധ്യസ്ഥരില്‍ നിന്നും ലഭിച്ച എല്ലാ നിര്‍ദ്ദേശങ്ങളും അവര്‍ നിരസിച്ചു.
യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനോണ്‍, 'നമ്മുടെ ശത്രുക്കളോട് ഞങ്ങള്‍ ഒരു ദയയും കാണിക്കില്ല' എന്ന് പറഞ്ഞുകൊണ്ട് ഹമാസിന് എല്ലാ ബന്ദികളെ മോചിപ്പിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിച്ചതിന് ഇസ്രായേലിനെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ഹമാസ് രോഷത്തോടെ പ്രതികരിച്ചു. ഗാസയില്‍ തടവിലാക്കപ്പെട്ട ശേഷിക്കുന്ന ഇസ്രായേലി ബന്ദികളുടെ കാര്യം അജ്ഞാതമായ ഒരു വിധിയിലേക്ക് ഇസ്രായേല്‍ തുറന്നുവിടുകയാണെന്നും ഹമാസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
2023 ഒക്ടോബര്‍ 7 നാണ് ഇസ്രായേലും ഹമാസും തമ്മിലുള്ള ഏറ്റവും പുതിയ യുദ്ധം ആരംഭിച്ചത്. ഒരു സംഗീതക്കച്ചേരിക്കിടെ തെക്കന്‍ ഇസ്രായേലില്‍ ഹമാസ് 1,200 ല്‍ അധികം ആളുകളെ കൊന്നൊടുക്കുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തതായിട്ടാണ് ആരോപണം. അതിന് പിന്നാലെ ഇസ്രായേല്‍ നടത്തിയ വിവിധ ആക്രമണങ്ങളില്‍ 48,520 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ഗാസയിലെ 2.1 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും പലതവണ പലായനം ചെയ്തിട്ടുണ്ട്. ഏകദേശം 70% കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ നശിച്ചിട്ടുണ്ട്, ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വ സംവിധാനങ്ങളും തകര്‍ന്നു.
Israel launches another heavy attack on Gaza
Israel launches another heavy attack on Gaza
0 Comments